ഒഡീഷയിൽ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ സംഘർഷം: ഒരു മരണം
Tuesday, September 2, 2025 1:29 AM IST
ഭുവനേശ്വർ: ഒഡീഷയിൽ വിനായകചതുർഥിയോടനുബന്ധിച്ച് നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മകനെ രക്ഷിക്കുന്നതിനിടെ പിതാവിനു ദാരുണാന്ത്യം. 14 പേർക്കു പരിക്കേറ്റു.
നയാഗഢ് ജില്ലയിലെ കരഡപള്ളി ഗ്രാമത്തിലാണു സംഭവം. ഘോഷയാത്രയിൽ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു ഗ്രാമവാസികൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതികൾ ഒളിവിലാണ്. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.
ഭുവനേശ്വറിലെ പത്രപാദയിൽ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി നാലു പേർക്കു പരിക്കേറ്റു.
പുരി ജില്ലയിലെ കൊണാർക്കിൽ ഘോഷയാത്രയ്ക്കിടെ ഡിജെ വാഹനത്തിനുമുകളിൽ കയറിയ മൂന്നു യുവാക്കൾക്കു ഷോക്കേറ്റു. കട്ടക്ക് ജില്ലയിലെ ബങ്കിയിൽ മഹാനദിയിൽ ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ സ്ത്രീ ഒഴുക്കിൽപ്പെട്ടു. ഇവർക്കായി രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.