അധ്യാപകദിന പരിപാടികളുമായി സിഐഎസ്സിഇ
Tuesday, September 2, 2025 1:29 AM IST
ന്യൂഡൽഹി: കൗണ്‍സിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) അധ്യാപക ദിനത്തോടനുബന്ധിച്ച് ‘മനസുകളെ പ്രചോദിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രനിർമാണം’ എന്ന വിഷയം പ്രമേയമാക്കി പരിപാടികൾ സംഘടിപ്പിക്കും.
സിഐഎസ്സിഇക്കു കീഴിൽ വരുന്ന ഇന്ത്യയിലും വിദേശത്തുമുള്ള 3,000ത്തിലധികം സ്കൂളുകളെ ഉൾപ്പെടുത്തിയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
നാളെ ദേശീയതലത്തിൽ നടക്കുന്ന കവിതാരചന മത്സരത്തിൽ ഐസിഎസ്ഇ, ഐഎസ്സി വിദ്യാർഥികൾ പങ്കെടുക്കും.
വിദ്യാർഥികൾക്ക് അവരുടെ അധ്യാപകരോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകുകയെന്നതാണു കവിതാരചന മത്സരത്തിലൂടെ കൗണ്‍സിൽ ലക്ഷ്യമിടുന്നതെന്ന് സിഐഎസ്സിഇ ചീഫ് എക്സിക്യൂട്ടീവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു. എല്ലാ സിഐഎസ്സിഇ സ്കൂളുകളിലെയും അധ്യാപകർ നീതി, സമഗ്രത, സമഗ്ര വിദ്യാഭ്യാസം എന്നിവയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രതിജ്ഞയും എടുക്കും.
ഈ വർഷത്തെ അധ്യാപകദിനാചരണത്തിലൂടെ സമൂഹത്തിന്റെ യഥാർഥ ശില്പികളായ അധ്യാപകരുടെ സംഭാവനകളെ തിരിച്ചറിയാനും ആഘോഷിക്കാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയെന്നതാണു സിഐഎസ്സിഇ ലക്ഷ്യമിടുന്നതെന്നും ജോസഫ് ഇമ്മാനുവൽ വ്യക്തമാക്കി.