യോഗിക്കെതിരേ അധിക്ഷേപ പരാമർശം ; ബിജെപി എംഎൽഎയുടെ സഹോദരനെ അറസ്റ്റ് ചെയ്തു
Tuesday, September 2, 2025 1:29 AM IST
ഗോരഖ്പുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിക്കുമെതിരേ സമൂഹമാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ ഭോലേന്ദ്ര പാൽ സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബിജെപി എംഎൽഎ മഹേന്ദ്ര പാൽ സിംഗിന്റെ സഹോദരനാണ് ഭോലേന്ദ്ര. വിപുലമായ തെരച്ചിലിനു ശേഷം കുശിനഗറിലെ ഹോട്ടലിൽനിന്നാണ് ഗോരഖ്പുർ പോലീസും ക്രൈം ബ്രാഞ്ചും ചേർന്ന് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിൽ ആറ് എഫ്ഐആറുകളാണ് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തത്. അറസ്റ്റിന് ശേഷം പിപ്രയിച്ച് പോലീസ് സ്റ്റേഷനിൽ മറ്റൊരു എഫ്ഐആർകൂടി രജിസ്റ്റർ ചെയ്തു.
സാമുദായിക സൗഹാർദം തകർത്തുവെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, സഹോദരൻ ചെയ്ത പ്രവൃത്തിയിൽ അതിയായ ദുഃഖമുണ്ടെങ്കിലും അധികൃതർ നിയനടപടികൾ സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന തരത്തിലാണ് മഹേന്ദ്ര പാൽ പ്രതികരിച്ചത്.