ബിഹാറിലെ ചൂടിൽ തളർന്ന് ഡി. രാജ
Tuesday, September 2, 2025 1:29 AM IST
ന്യൂഡൽഹി: ബിഹാറിലെ കനത്ത ചൂടിൽ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയ്ക്കു തളർച്ച. വോട്ടവകാശ യാത്രയുടെ സമാപനറാലിക്കു മുന്നോടിയായി പാറ്റ്നയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഇന്ത്യാ സഖ്യം നേതാക്കൾ പുഷ്പാഞ്ജലി അർപ്പിക്കാനെത്തിയപ്പോഴായിരുന്നു രാജയ്ക്കു ക്ഷീണം അനുഭവപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ ആനി രാജയും ചില പ്രവർത്തകരും ചേർന്നു രാജയെ സമീപത്തെ ഉദ്യാനത്തിലിരുത്തി. വെള്ളം കൊടുത്തും വീശിയും രാജയെ ആശ്വസിപ്പിച്ചതോടെ അദ്ദേഹം വീണ്ടും സജീവമായി.
രാവിലെ 11 ഓടെ ഖാർഗെയും രാഹുൽ ഗാന്ധിയും എത്തിയതോടെ രാജയും അവരോടൊപ്പം ചേർന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞു നടന്ന സമാപന സമ്മേളനത്തിൽ രാജയ്ക്കു പകരം ആനി രാജയാണു സിപിഐയെ പ്രതിനിധീകരിച്ചു പ്രസംഗിച്ചത്.