മറാഠ സംവരണ പ്രക്ഷോഭം: മുംബൈ സ്തംഭിച്ചെന്ന് ഹൈക്കോടതി
Tuesday, September 2, 2025 1:29 AM IST
മുംബൈ: മനോജ് ജാരങ്കെയുടെ നേതൃത്വത്തിലുള്ള മറാഠ പ്രക്ഷോഭം മൂലം മുംബൈ നഗരം സ്തംഭിച്ചിരിക്കുകയാണെന്ന് ബോംബൈ ഹൈക്കോടതി. പ്രതിഷേധം സമാധാനപരമല്ലെന്നും പ്രവർത്തകർ എല്ലാ വ്യവസ്ഥകളും ലംഘിച്ചതായും കോടതി പറഞ്ഞു.
മുംബൈയിൽ സാധാരണ നില പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി, ഇന്ന് ഉച്ചയോടെ സ്ഥിതിഗതികൾ ശാന്തമാക്കാനും എല്ലാ തെരുവുകളിൽനിന്നും പ്രക്ഷോഭകരെ പിൻവലിക്കാനും ജരാങ്കെയ്ക്ക് സമയം നൽകി.
മറാഠകള്‍ക്കു പ്രത്യേക സംവരണം ആവശ്യപ്പെട്ട് മനോജ് ജരാങ്കെ പാട്ടീല്‍ നിരാഹാരസമരം അനുഷ്ഠിക്കുകയാണ്. ഇന്നലെ മുതൽ വെള്ളം കുടിക്കുന്നതും ജരാങ്കെ ഉപേക്ഷിച്ചതായി അനുയായികൾ അറിയിച്ചു.
മുംബൈയിലെ ആസാദ് മൈതാനിയിലാണ് ജരാങ്കെ നിരാഹാരം അനുഷ്ഠിക്കുന്നത്. എന്നാൽ, പ്രക്ഷോഭകർ കഴിഞ്ഞ ദിവസം മുതൽ തെക്കൻ മുംബൈയിലെ നിരവധി സുപ്രധാന മേഖലകളിലേക്കുകൂടി സമരം വ്യാപിപ്പിച്ചു.
സമരക്കാർ നഗരം ഉപരോധിച്ചിരിക്കുകയാണെന്നും പ്രത്യേക വാദം കേൾക്കലിൽ ജസ്റ്റീസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അങ്കദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.