ബിഹാറിൽ എസ്ഐആറിനു പിന്നാലെ പുതിയ തിരിച്ചറിയൽ കാർഡ് നൽകാനൊരുങ്ങി തെര. കമ്മീഷൻ
സ്വന്തം ലേഖകൻ
Monday, September 1, 2025 2:18 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണം (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) പൂർത്തിയാക്കിയശേഷം അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാർക്കും പുതിയ തിരിച്ചറിയൽ കാർഡ് നൽകാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.
പദ്ധതിക്ക് അന്തിമ രൂപം നൽകിയിട്ടില്ല. എപ്പോൾ പദ്ധതി നടപ്പാക്കുമെന്നതിലും തീരുമാനമായിട്ടില്ല. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ വോട്ടർ തിരിച്ചറിയൽ കാർഡുകൾ നിർമിക്കുക. കഴിഞ്ഞ മാസം ആദ്യം പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം 7.24 കോടി വോട്ടർമാരാണു ബിഹാറിലുള്ളത്.
കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തുപോയവർക്ക് അവകാശവാദങ്ങൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. അവകാശവാദങ്ങൾ ഉന്നയിക്കുന്നവരെക്കൂടി ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്പോൾ ആകെ വോട്ടർമാരുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം.
അതേസമയം, അവകാശവാദങ്ങൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിനൽകണമെന്നാവശ്യപ്പെട്ടു ബിഹാറിലെ രാഷ്ട്രീയപാർട്ടികളായ ആർജെഡിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ലിബറേഷനും സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. സുപ്രീംകോടതിയുടെ മുൻ ഉത്തരവിനുശേഷം അവകാശവാദം സമർപ്പിക്കുന്ന വോട്ടർമാരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സമയക്രമമനുസരിച്ച് ഈമാസം 30നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. നിലവിൽ കരട് വോട്ടർപട്ടികയിൽ ഇടം നേടിയ 99 ശതമാനം ആളുകളും കമ്മീഷൻ നിർദേശിച്ച രേഖകൾ സമർപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നിയമസഭയുടെ കാലാവധി നവംബർ 20ന് അവസാനിക്കും. അതിനാൽ നവംബർ ആദ്യം തെരഞ്ഞെടുപ്പ് നടത്താനായിരിക്കും തീരുമാനം. എസ്ഐആറിനു പുറമെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടർമാരുടെ എണ്ണം 1500ൽനിന്ന് പരമാവധി 1200 ആയി തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചിട്ടുണ്ട്. ഇതോടൊപ്പം പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 77000ൽനിന്ന് 90000 ആയി ഉയർത്തുകയും ചെയ്തു. രാജ്യവ്യാപകമായി ഇത്തരം നവീകരണങ്ങൾ നടത്താനും കമ്മീഷൻ ആലോചിക്കുന്നുണ്ട്.