അടുപ്പക്കാർക്ക് ആനുകൂല്യം; ഐഎഎസുകാർക്ക് അമർഷം
കെ. ഇന്ദ്രജിത്ത്
Monday, September 1, 2025 3:29 AM IST
തിരുവനന്തപുരം: കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ തുടർച്ചയായി മാറ്റുന്നതിലും പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥന് ജൂണിയർ തസ്തികയിൽ നിയമനം നൽകുന്ന നടപടിയിലും ഒരു വിഭാഗം ഐഎഎസുകാർക്കിടയിൽ അമർഷം. സിവിൽ സർവീസ് ഉദ്യോഗസ്ഥർ നിയമ നടപടിക്കായി ആദ്യം സമീപിക്കേണ്ട സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിന് നീണ്ട അവധി വന്നതു നോക്കി കഴിഞ്ഞ ദിവസം രാത്രി സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയ സർക്കാർ നടപടിയിലും പ്രതിഷേധമുണ്ട്.
ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബി. അശോകിന് കഴിഞ്ഞ ഏതാനും മാസത്തിനകം രണ്ടു സ്ഥലംമാറ്റമാണ് നൽകിയത്. സാധാരണയായി സർക്കാരും ഐഎഎസുകാരും തമ്മിൽ ശീതസമരമുണ്ടാകുന്പോൾ അസോസിയേഷനിലെ മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് അനുരഞ്ജന മാർഗം സ്വീകരിക്കുന്നത്. എന്നാൽ അസോസിയേഷൻ പ്രസിഡന്റിനെത്തന്നെ സർക്കാർ നോട്ടമിടുന്നതിലും ജൂണിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കു നൽകുന്ന തസ്തികയിൽ നിയമനം നൽകുന്നതിനെതിരേയുമാണ് പ്രതിഷേധം.
അതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസുമായി ഏറ്റവും അടുപ്പം പുലർത്തുന്നവർ അടക്കമുള്ള നാല് യുവ ഐഎഎസ് ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാൻ നീക്കം തുടങ്ങി. നേരത്തേ മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പം പുലർത്തിയിരുന്ന ചില ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ കേരളം വിട്ടിരുന്നു. പിന്നാലെയാണ് കൂടുതൽ പേരുടെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് ഭരണനടപടികൾ നിർവഹിക്കുന്നതെന്നാണ് ഇവരുടെ പ്രധാന ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കേ സംസ്ഥാനത്തു ഭരണമാറ്റമുണ്ടാകുമോ എന്ന ആശങ്കയും യുവ ഐഎഎസുകാർക്കിടയിൽ ശക്തമാണ്. തെറ്റായ നടപടികളെ അടക്കം അന്ധമായി പിന്തുണച്ചാൽ പിന്നീടു വരുന്ന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാൽ കരിയറിനെ ബാധിക്കുമോ എന്ന ആശങ്കയാണ് ജൂണിയർ ഐഎഎസ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. എന്നാൽ, വിരമിക്കലിനോട് അടുക്കുന്ന സീനിയർ ഉദ്യോഗസ്ഥരെ ഇതു ബാധിക്കാറില്ല.
കാർഷിക മേഖലയുടെ സമഗ്ര നവീകരണത്തിനായി ലോക ബാങ്കിന്റെ കേര പദ്ധതിയിൽ കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റി ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട വാർത്ത ചോർന്നതിനു പിന്നാലെയാണ് ഡോ. ബി. അശോകിനെ ശനിയാഴ്ച രാത്രി മാറ്റിയത്. താരതമ്യേന ജൂണിയർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ഗതാഗത വകുപ്പിനു കീഴിലുള്ള കെടിഡിഎഫ്സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്താണ് അദ്ദേഹത്തെ നിയമിച്ചത്.
നേരത്തേ കൃഷി വകുപ്പിൽനിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് ഓംബുഡ്സ്മാനായി നിയമിച്ചതിനെതിരേ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അശോക് സമീപിച്ചിരുന്നു. തുടർന്ന് നിയമനം റദ്ദാക്കുകയും തത്സ്ഥിതി തുടരാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ബി. അശോക് അവധിയിൽ പോയേക്കും
തിരുവനന്തപുരം: കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി കെടിഡിഎഫ്സി സിഎംഡിയായി നിയമിച്ച ബി. അശോക് പുതിയ ചുമതല ഏറ്റെടുത്തേക്കില്ല. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അടുത്ത മാസം എട്ടുവരെ അവധിയിലായ സാഹചര്യത്തിൽ ഇത്രയും ദിവസം അശോക് അവധിയിൽ പോയേക്കുമെന്നാണു വിവരം. ഉത്തരവിനെതിരേ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് ബി. അശോകിന്റെ തീരുമാനം.