ഷാജൻ സ്കറിയയ്ക്കു മർദനം : അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
Monday, September 1, 2025 2:56 AM IST
തൊടുപുഴ: ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ തൊടുപുഴയിൽ മർദിച്ച സംഭവത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം 6.45ഓടെ മങ്ങാട്ടുകവലയിൽ വച്ചാണ് കറുത്ത ഥാർ ജീപ്പിലെത്തിയ അഞ്ചുപേർ ചേർന്നു ഷാജനെ മർദിച്ചത്. പരിക്കേറ്റ ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ഓണ്‍ലൈൻ ചാനലിൽ അവതരിപ്പിച്ചുവെന്നാരോപിച്ചാണു സംഘം ഷാജനെ മർദിച്ചതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാജൻ സ്കറിയയെ പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് സന്ദർശിച്ചു.