വീയപുരം ചുണ്ടന് ജലരാജാവ്
Sunday, August 31, 2025 2:08 AM IST
സന്ദീപ് സലിം
ആലപ്പുഴ: ഓളപ്പരപ്പിനെ തീപിടിപ്പിച്ച പോരാട്ടത്തില്‍ പുന്നമടയില്‍ വീയപുരം ചുണ്ടന് ജലരാജാവായി. വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം നാല് മിനിറ്റ് 21 സെക്കന്‍ഡ് 084 മൈക്രോ സെക്കന്‍ഡിനാണ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ മൈക്രോ സെക്കന്‍ഡുകള്‍ക്ക് നഷ്ടപ്പെട്ട ട്രോഫിയാണ് വീരു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന വീയപുരം ചുണ്ടന് തുഴഞ്ഞുജയിച്ചത്.
രണ്ടാമതെത്തിയ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനിലെ തുഴക്കാരെ സംബന്ധിച്ച് മറ്റു ബോട്ട് ക്ലബുകള്‍ പരാതി നല്കിയതിനാല് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അനുവദനീയമായതില്‍ അധികം ഇതരസംസ്ഥാനക്കാര്‍ നടുഭാഗം ചുണ്ടനില്‍ തുഴഞ്ഞു എന്നതാണ് ക്ലബിനെതിരായ പരാതി.
ഇതു പരിശോധിച്ച ശേഷമാകും രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുക. നിലവില്‍, പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന് (4:21:782), പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടം ചുണ്ടന് (4:21:933), നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടന് (4:22:035) എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങള്‍.