എസ്ഐ തൂങ്ങിമരിച്ച നിലയിൽ
Sunday, August 31, 2025 1:54 AM IST
അടൂർ: കെഎപി മൂന്നാം ബറ്റാലിയൻ ക്യാമ്പിലെ എസ്ഐയെ ക്യാമ്പിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം ആലുംമൂട് പുന്നുകോണൂർ തത്വമസിയിൽ കുഞ്ഞുമോൻ (51) ആണ് മരിച്ചത്. ക്യാമ്പിനുള്ളിലെ വർക്ക്ഷോപ്പിനോടു ചേർന്നുള്ള മരത്തിലാണ് തൂങ്ങിയത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.
കുഞ്ഞുമോൻ എഴുതിയെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ഇതിൽ പ്രത്യേക കാരണങ്ങൾ ഒന്നും പറയുന്നില്ല.
മേൽ ഉദ്യോഗസ്ഥരുടെ സമ്മർദം ഒന്നുംതന്നെ തന്റെ മരണത്തിനു കാരണമല്ലെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ക്യാമ്പിലെ പോലീസുകാരുടെ പരിശീലകനായിരുന്നു കുഞ്ഞുമോൻ. കുടുംബത്തോടൊപ്പം ക്യാമ്പിൽ തന്നെയായിരുന്നു താമസം.
വെള്ളിയാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് ക്യാമ്പിന്റെ വർക്ക്ഷോപ്പിനോടു ചേർന്നുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഭാര്യ: ഷനിജ. മക്കള്‍: ആശീര്‍വാദ്, ആദിത്.