വീടിനുള്ളിൽ സ്ഫോടനം; ഒരാൾ മരിച്ചു
Sunday, August 31, 2025 2:08 AM IST
കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് (54) മരിച്ചത്. ഇന്നലെ പുലർച്ചെ 1.50 ഓടെയാണ് സംഭവം.
സ്ഫോടനത്തിൽ വീട് തകർന്നാണ് മുഹമ്മദ് ആഷാം മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം വീട്ടിൽനിന്ന് കാണാതായ ചാലാട് സ്വദേശി മുകുന്ദന്റെ മകൻ അനൂപ്കുമാർ എന്നു വിളിക്കുന്ന അനു മാലിക്കിനെ കാഞ്ഞങ്ങാട്ടുവച്ച് കണ്ണപുരം പോലീസ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു. 2016 മാർച്ച് 24ലെ പൊടിക്കുണ്ട് സ്ഫോടനക്കേസിലെ പ്രതികൂടിയാണ് അനു മാലിക്. ഇയാളു ടെ ഭാര്യാ സഹോദരനാണ് മരിച്ച മുഹമ്മദ് ആഷാം.
കീഴറയിലെ റിട്ട. അധ്യാപകനായ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. വീട് പൂർണമായും തകർന്നു. സമീപത്തെ നാലുവീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. സമീപത്ത് പടക്കശേഖരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
അനു മാലിക് ആണ് വീട് വാടകയ്ക്കെടുത്തിരുന്നത്. എന്നാൽ, ഇയാൾ ഇവിടെ താമസിച്ചിരുന്നില്ല. മറ്റ് രണ്ടുപേരാണ് ഇവിടെ താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കടയിലെ ജീവനക്കാരാണെന്നാണ് ഇവർ പറഞ്ഞിരുന്നതെന്ന് അയൽവാസികളും വീട്ടുടമസ്ഥനും പറഞ്ഞു.
അനു മാലിക്കിനെതിരേ സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തത്. സ്ഫോടനത്തിൽ അര കിലോമീറ്റർ അകലെയുള്ള വീടുകളുടെ ജനൽച്ചില്ലുകളും വാതിലുകളും തകർന്നിട്ടുണ്ട്. അനു മാലിക്കിന് പടക്കത്തിന്റെ ബിസിനസാണ്.
ഉത്സവാഘോഷങ്ങൾക്ക് വിതരണം ചെയ്യേണ്ട ഗുണ്ട് ഉൾപ്പെടെയുള്ള പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് പോലീസിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന ആരംഭിച്ചെങ്കിലും സ്ഫോടകവസ്തുക്കളോ മൃതദേഹങ്ങളോ കണ്ടെത്തിയിട്ടില്ല.
സിറ്റി പോലീസ് കമ്മീഷണർ സി. നിധിൻരാജ്, കണ്ണപുരം, തളിപ്പറന്പ് പോലീസ് എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. പൊടിക്കുണ്ട് സ്ഫോടനത്തിൽ 15 വീടുകൾ തകർന്ന കേസിന്റെ വിചാരണ തലശേരി അഡീഷണൽ ജില്ലാ കോടതിയുടെ പരിഗണനയിലാണ്.
അന്വേഷണം ക്രൈംബ്രാഞ്ചിന്: കമ്മീഷണർ
കണ്ണൂർ: കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി. നിധിൻരാജ്.
ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനു മാലിക്കിനെതിരേ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കണ്ണപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടകവസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമിച്ചിരുന്നത്. നിർമാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.