ഷാജൻ സ്കറിയയ്ക്ക് മർദനം
Sunday, August 31, 2025 1:54 AM IST
തൊടുപുഴ: ഓണ്‍ലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയെ വാഹനം തടഞ്ഞുനിർത്തി സംഘം ചേർന്നു മർദിച്ചു. ഇന്നലെ രാത്രി 7.30-ഓടെ മങ്ങാട്ടുകവലയിലാണ് സംഭവം.
മുതലക്കോടം ഫൊറോന പള്ളിയിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷം വിവാഹ സത്കാരത്തിനായി മുട്ടം റോഡിലുള്ള സ്വകാര്യ റിസോർട്ടിലേക്കു പോകുന്നതിനിടെ വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജന്റെ വാഹനത്തിൽ ഇടിപ്പിച്ചു. വാഹനം നിർത്തിയതോടെ വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും ചേർന്ന് ഷാജനെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഥാർ ജീപ്പിലെത്തിയ അഞ്ചംഗ സംഘമാണ് മർദിച്ചതെന്നാണു സൂചന. ഇവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.