ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം നാടിന് സമർപ്പിച്ചു
Sunday, August 31, 2025 2:08 AM IST
ചെന്പന്തൊട്ടി (കണ്ണൂർ): ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മ്യൂസിയങ്ങൾ ചരിത്രത്തിന്റെ കാവൽപ്പുരകളായി മാറുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ചെമ്പന്തൊട്ടിയിൽ ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മലബാർ കുടിയേറ്റത്തിന്റെ കഥ പറയുന്ന കുടിയേറ്റ മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോൾ തയാറായത്. ഇന്നത്തെ മലബാറിനെ രൂപപ്പെടുത്തുന്നതിലും കേരള വികസനത്തിന് സഹായമാകുന്നതിലും കുടിയേറ്റം വഹിച്ച പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാലറികളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇത് സമ്പൂർണ മ്യൂസിയം പദ്ധതിയുടെ ആമുഖ ഗാലറിയായി മാറുമെന്നും രണ്ടാംഘട്ടത്തിൽ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മ്യൂസിയത്തിന്റെ ഭാഗമായി നിർമിക്കുന്ന ബിഷപ് വള്ളോപ്പിള്ളിയുടെ പ്രതിമയ്ക്കായി തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ശേഖരിച്ച ഓട്, പിച്ചള വസ്തുക്കൾ കൈമാറുന്ന ചടങ്ങും വേദിയിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി മുഖ്യാതിഥിയായിരുന്നു. മുൻ മന്ത്രി കെ.സി. ജോസഫ്, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളിൽ, മിനി ഷൈബി, വി.പി മോഹനൻ, സാജു സേവ്യർ, ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, പുരാവസ്തു വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി. സദു, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശില്പി ഉണ്ണി കാനായി തുടങ്ങിയവർ പ്രസംഗിച്ചു.
തലശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പന്തൊട്ടി ഫൊറോന പള്ളി 99 വർഷത്തേക്കു പാട്ടത്തിനു നൽകിയ ഒരേക്കർ ഭൂമിയിലാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് കെട്ടിടനിർമാണം പൂർത്തിയാക്കിയത്.