മതസ്വാതന്ത്ര്യം ഭാരത സംസ്കാരത്തിന്റെ അനിവാര്യ ഘടകം: സീറോമലബാർ സഭ
Saturday, August 30, 2025 2:53 AM IST
കാക്കനാട്: മതസ്വാതന്ത്ര്യം ഭാരത സംസ്കാരത്തിന്റെ അനിവാര്യ ഘടകമാണെന്ന് സീറോമലബാർ സഭ. വൈദികർക്കും സമർപ്പിതർക്കും അല്മായപ്രേഷിതർക്കും സഞ്ചാരസ്വാതന്ത്ര്യം പോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സഭയുടെ 33-ാമതു സിനഡിന്റെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. ‘നാനാത്വത്തിൽ ഏകത്വം’ എന്ന തത്വത്തിൽ അധിഷ്ഠിതമായി ജാതി-മത-വർഗ-വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും സ്വാതന്ത്ര്യം അനുവദിച്ച സംസ്കാരമാണു ഭാരതത്തിന്റേത്.
നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗം വരുത്താത്ത രീതിയിൽ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ഭാരതത്തിന്റെ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. നൂറ്റാണ്ടുകളായി മിഷണറിപ ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനത്തിനായി ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ ക്രൈസ്തവർ നല്കിയ സംഭാവനകൾ പാടെ തമസ്കരിച്ച് അതിനെ കേവലം മതവിഷയം മാത്രമാക്കി ചുരുക്കുന്ന വർഗീയ അജണ്ടകൾ തികച്ചും ദൗർഭാഗ്യകരമാണ്.
രാഷ്ട്രനിർമാണത്തിൽ ക്രൈസ്തവരുടെ പങ്കിനെ വിസ്മരിച്ചുകൊണ്ടു നമുക്കെതിരേ വിവേചനങ്ങളും വിദ്വേഷപ്രചാരണങ്ങളും നടക്കുന്നതും നമ്മുടെ വൈദികർക്കും സമർപ്പിതർക്കും അല്മായപ്രേഷിതർക്കും സഞ്ചാരസ്വാതന്ത്ര്യംപോലും പലയിടങ്ങളിലും നിഷേധിക്കപ്പെടുന്നതും മൗലികാവകാശങ്ങളുടെ ലംഘനമാണ്. മിശിഹായുടെ സ്നേഹത്തെപ്രതി തങ്ങളുടെ ജീവിതങ്ങൾ സഭയ്ക്കും സമൂഹത്തിനുമായി സമർപ്പിക്കുന്ന എല്ലാ പ്രേഷിതരെയും സീറോമലബാർ സഭ അഭിമാനത്തോടെ ഓർക്കുന്നു.
ഐക്യം നിലനിർത്തുക കർത്തവ്യം
‘മിശിഹായിൽ നാമെല്ലാം ഒന്നാണ്’ എന്നതാണല്ലോ ലെയോ പതിനാലാമൻ മാർപാപ്പയുടെ ആപ്തവാക്യം. ഒരേ സഭയിൽ നാമെല്ലാം ഒന്നായിരിക്കുന്നതാണ് ഏറ്റവും വലിയ സുവിശേഷ പ്രഘോഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപതകൾ സ്ഥാപിക്കാനും അജപാലന സൗകര്യങ്ങൾ ഏർപ്പെടുത്താനും സാധിച്ചപ്പോഴും പരിശുദ്ധ കുർബാനയുടെ അർപ്പണത്തെ സംബന്ധിച്ചു നിലനിന്നിരുന്ന വ്യത്യസ്തതകൾ നമ്മുടെ ഐക്യബോധത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനു പരിഹാരമായിട്ടായിരുന്നു സിനഡ് തീരുമാനിച്ചതും ശ്ലൈഹിക സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കാൻ സഭ ആഗ്രഹിച്ചത്. അതിൻപ്രകാരം ഏകീകൃത കുർബാനയർപ്പണരീതി പൂർണമായി നടപ്പിലാക്കിയ രൂപതകളെയും ഇടവകകളെയും സഭ നന്ദിയോടെ അനുസ്മരിക്കുന്നു.
പരിശുദ്ധ പിതാവ് അന്തിമതീരുമാനം അറിയിച്ചുകഴിഞ്ഞ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി സീറോമലബാർ സഭയിൽ ഉടനീളം മാറ്റമില്ലാതെ തുടരേണ്ടതാണ്. 2025 ജൂണ് 26ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു മാത്രമായി നല്കപ്പെട്ട സർക്കുലർ ഈ തീരുമാനത്തിന്റെ തുടർച്ചയാണ്. പ്രസ്തുത സർക്കുലർ പ്രകാരം ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഏകീകൃതരീതിയിൽ ഒരു വിശുദ്ധ കുർബാന വീതം ചൊല്ലിത്തുടങ്ങിയ അതിരൂപതയിലെ വൈദികരെ സിനഡ് നന്ദിയോടെ ഓർമിക്കുന്നു. ഏകീകൃത കുർബാനയർപ്പണരീതി ഘട്ടം ഘട്ടമായി നടപ്പിലാക്കി ഐക്യത്തിലേക്കു വളർത്താനുള്ള ഉത്തരവാദിത്വം മേജർ ആർച്ച്ബിഷപ്പിനെയും അതിരൂപതയ്ക്കുവേണ്ടിയുള്ള വികാരിയെയും വികാരിയെയും സിനഡ് ചുമതലപ്പെടുത്തി.
ആരാധനക്രമത്തിലെ അനൈക്യം നമ്മെ എല്ലാവരെയും ഏറെ വേദനിപ്പിക്കുന്നു. ആരെയും മുറിപ്പെടുത്തിക്കൊണ്ട് യഥാർഥ ഐക്യം സാധ്യമാക്കാനാവാത്തതിനാൽ പരസ്പരം മുറിപ്പെടുത്തുന്നവരാകാതെ സുഖപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നവരാകാൻ നമുക്കു പരിശ്രമിക്കാം.
ഏകീകൃത ആരാധനക്രമത്തെ സംബന്ധിച്ചു നിലനില്ക്കുന്ന ഭിന്നതകൾ പരിഹരിക്കാനുള്ള ആദ്യവഴി, പരിശുദ്ധ റൂഹായെ ശ്രവിച്ചു സഭയ്ക്കു വിധേയപ്പെടുകയും വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള അനുരഞ്ജനം സാധ്യമാക്കുകയുമാണ്. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമുക്ക് ഓർമിക്കാം: “അവൻ നമ്മുടെ സമാധാനമാണ്; അവൻ ഇരുകൂട്ടരെയും ഒരുമിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകർക്കുകയും ചെയ്തു” (എഫേ 2:14). അതിനാൽ, വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള അകൽച്ചകൾ ഇല്ലാതാക്കി എല്ലാവരെയും അനുരഞ്ജനത്തിലേക്കു നയിക്കാൻ സഭ മുഴുവനും പ്രതിജ്ഞാബദ്ധമാണ്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നമ്മുടെ സഭയ്ക്കു നല്കിയ സന്ദേശത്തിൽ പറഞ്ഞതുപോലെ; “ഐക്യം നിലനിറുത്തുന്നത് ഒരു നല്ല ഉപദേശം മാത്രമല്ല കർത്തവ്യവുമാണ്”. ഐക്യം നിലനിറുത്താനുള്ള കർത്തവ്യം ഓരോ വിശ്വാസിക്കും ഉണ്ടെന്നതു നമുക്കു തിരിച്ചറിയാം.
സെപ്റ്റംബർ 12ന് ഒരു മണിക്കൂർ ആരാധന
ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണു പരിശുദ്ധ കുർബാന. നമ്മുടെ കർത്താവു പാപികളും അയോഗ്യരുമായ നമ്മിലേക്കു കടന്നുവരുന്ന അമൂല്യ നിമിഷങ്ങളാണ് വിശുദ്ധ കുർബാനയിൽ നാം അനുഭവിക്കുന്നത്. അത്യാദരവോടും ഭക്തിയോടുംകൂടെ വേണം പരിശുദ്ധ കുർബാനയെ സമീപിക്കാൻ. നമ്മുടെ സഭയിൽ പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായതു നമ്മെ ഏറെ വേദനിപ്പിക്കുകയും അനേകർക്ക് ഉതപ്പിനു കാരണമാകുകയും ചെയ്തിട്ടുണ്ട്.
ഇതിനു മാനുഷികമായ പരിഹാരങ്ങൾ അപര്യാപ്തമാണെങ്കിലും പരിശുദ്ധ കുർബാനയോടുള്ള ഭക്തിയിൽ വളരാനും പരിശുദ്ധ കുർബാനയ്ക്കു നേരേ ഉണ്ടായ അവഹേളനത്തിനു പരിഹാരം ചെയ്യാനുമായി 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച സീറോമലബാർ സഭ മുഴുവനിലും ഒരു മണിക്കൂർ വിശുദ്ധ കുർബാനയുടെ ആരാധന നടത്താൻ ഞാൻ എല്ലാവരെയും ആഹ്വാനംചെയ്യുന്നു.
സഭയുടെ സിനഡാത്മകത
സഭാ ജീവിതത്തെ പുതിയ കാലത്തിനനുസരിച്ചു നിർവചിച്ച സുപ്രധാനമായൊരു കാൽവയ്പായിരുന്നു 2023, 2024 വർഷങ്ങളിൽ റോമിൽ നടന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് സമ്മേളനങ്ങൾ. സഭയിൽ നാമെല്ലാം സഹയാത്രികരാണെന്നുള്ള തിരിച്ചറിവോടെ, ക്രിയാത്മകമായ ശ്രവണത്തിന്റെയും ആശയവിനിമയത്തിന്റെയും വേദികളാക്കി സഭാ ഘടകങ്ങളെ മാറ്റാനുള്ള മാർഗങ്ങളെക്കുറിച്ചു സിനഡ് പഠിക്കുകയും വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി, സാധിക്കുന്നവരെയെല്ലാം ശ്രവിച്ച് അനുയോജ്യമായ കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ രൂപതകളെ ചുമതലപ്പെടുത്തുകയും ചെയ്തു.
സമുദായ ശക്തീകരണ വർഷം 2026
ഒരു സമുദായം എന്ന നിലയിൽ സാമൂഹികയിടങ്ങളിൽ നാം മുന്നേറിയിരുന്ന പല മേഖലകളിലും ഇപ്പോൾ പിന്നാക്കം പോയിരിക്കുന്നുവെന്ന തിരിച്ചറിവായിരുന്നു പാലായിൽ നടത്തപ്പെട്ട മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി പ്രകടിപ്പിച്ചത്. എണ്ണത്തിൽ നാം കുറഞ്ഞതും യുവതലമുറ വിദേശരാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതും നമ്മുടെ അതിജീവനത്തിനു വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
ഇവയ്ക്കു പരിഹാരം കാണുന്നതിനും നമ്മുടെ ഇടയിൽ ശക്തമായ സമുദായബോധം ഉളവാക്കുന്നതിനുമായി സീറോമലബാർ സഭ 2026 സമുദായ ശക്തീകരണ വർഷമായി ആചരിക്കുകയാണ്. എല്ലാ രൂപതകളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ ആരംഭിക്കാനും നമ്മുടെ സമുദായത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുപകരിക്കുന്ന ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനും ഈ വർഷം എല്ലാവരെയും ആഹ്വാനംചെയ്യുന്നു.
പുതിയ മെത്രാപ്പോലീത്തൻ പ്രവിശ്യകൾ
സീറോമലബാർ സഭയുടെ വളർച്ചയിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടു കേരളത്തിനു പുറത്തു നാലു പുതിയ മെത്രാപ്പോലീത്തൻ പ്രവിശ്യകൾ രൂപീകരിക്കാനും, ഷംഷാബാദ് രൂപതയുടെ വിസ്തൃതമായ പ്രദേശങ്ങളെ അജപാലനസൗകര്യം പരിഗണിച്ചുകൊണ്ടു മറ്റു രൂപതകളുമായി കൂട്ടിച്ചേർത്ത് അവയുടെ അതിർത്തികളെ പുനർനിർണയിക്കാനും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ നമുക്കു സാധിച്ചു. ഭാരതം മുഴുവനിലും അജപാലന അധികാരമുണ്ടായിരുന്ന മാർത്തോമാ നസ്രാണികളുടെ പുരാതനമായ സഭാ ഘടനയിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പാണിത്. ബെൽത്തങ്ങടി രൂപതയുടെ രണ്ടാമത്തെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ട മോൺ. ജെയിംസ് പട്ടേരിലിനും അദിലാബാദ് രൂപതയുടെ പുതിയ അധ്യക്ഷനായി നിയമിതനായ മോൺ. ജോസഫ് തച്ചാപറന്പത്തിനും പ്രാർഥനാശംസകൾ നേരുന്നു.
പൈതൃകങ്ങൾ സംരക്ഷിച്ച് ദൗത്യം നിറവേറ്റാം
സീറോമലബാർ സഭ ഒരു തികഞ്ഞ പൗരസ്ത്യ സഭയാണെന്നും പുരാതനമായ അതിന്റെ പൈതൃകങ്ങൾ സംരക്ഷിച്ചുകൊണ്ടാണു സാർവത്രിക സഭയിൽ അതിന്റെ ദൗത്യം നിറവേറ്റേണ്ടതെന്നുമുള്ള ബോധ്യത്തിൽ നാം വളരേണ്ടതുണ്ട്. പൗരസ്ത്യ സഭകളുടെ ജൂബിലിയാഘോഷാവസരത്തിൽ പരിശുദ്ധ പിതാവ് ലെയോ മാർപാപ്പ ഇപ്രകാരം പറഞ്ഞു: “പൗരസ്ത്യ സഭകൾക്ക് സാർവത്രിക സഭയ്ക്കു നല്കാൻ കഴിയുന്ന സംഭാവനകൾ വളരെ വലുതാണ്. നിങ്ങളുടെ ആരാധനക്രമത്തിൽ സജീവമായി നിലനില്ക്കുന്ന ദിവ്യരഹസ്യാത്മകതയുടെ ഭാവങ്ങൾ വീണ്ടെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
മനുഷ്യനെ, അവന്റെ പൂർണതയിൽ ഉൾക്കൊള്ളുന്ന, രക്ഷയുടെ സൗന്ദര്യത്തെ പ്രകീർത്തിക്കുന്ന, ദൈവത്തിന്റെ മഹത്വം മാനുഷിക ബലഹീനതയെ എങ്ങനെ ആശ്ലേഷിക്കുന്നുവെന്നതിൽ അത്ഭുതബോധം ഉണർത്തുന്ന, പൗരസ്ത്യ ആരാധനക്രമ പാരന്പര്യങ്ങളെ വീണ്ടെടുക്കുകയും നിലനിറുത്തുകയും ചെയ്യണം. പ്രായോഗികതയുടെയോ സൗകര്യത്തിന്റെയോ പേരിൽ അവയെ നഷ്ടപ്പെടുത്തരുത്’’.
നമ്മുടെ സഭയുടെ പൗരസ്ത്യ തനിമയും ആരാധനക്രമത്തിന്റെ വൈശിഷ്ട്യവും പഠിക്കാൻ നാം തയാറാകുന്പോൾ ഐക്യശ്രമങ്ങൾ ഫലവത്താകും എന്നതു തീർച്ചയാണ്.
വെല്ലുവിളികളുടെ നടുവിൽ കരുത്തോടെ പ്രകാശിച്ച ചരിത്രമാണു നമ്മുടെ സഭയുടേത്. ലോകത്തിന്റെ അതിർത്തികൾ വരെ സുവിശേഷസന്ദേശം അറിയിക്കാൻ വിളിക്കപ്പെട്ട നമുക്കു വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ടതുണ്ട്. ദൈവവചനത്തിലും കൂദാശകളിലും നിന്നു ശക്തി സംഭരിച്ചുകൊണ്ടു കൂട്ടായ്മയിൽ വളർന്ന് സഭയുടെ ദൗത്യത്തെ ശക്തിപ്പെടുത്താൻ നമുക്കു സാധിക്കട്ടെയെന്നും സർക്കുലറിൽ പറയുന്നു.