ഓണച്ചെലവുകൾക്ക് 4,000 കോടി രൂപകൂടി കടമെടുക്കുന്നു
Saturday, August 30, 2025 2:53 AM IST
തിരുവനന്തപുരം: ശന്പളവും ബോണസും ഓണച്ചെലവുകളും നിറവേറ്റാനായി സർക്കാർ വീണ്ടും കടമെടുക്കുന്നു. സെപ്റ്റംബർ രണ്ടിന് 4,000 കോടി രൂപ കടമെടുക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ തുടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ച 3,000 കോടി കടമെടുത്തിരുന്നു. വീണ്ടും 3,000 കോടികൂടി കടമെടുക്കാനായിരുന്നു ധാരണ. എന്നാൽ, സാന്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുകയും ഓണച്ചെലവുകൾ കൂടുകയും ചെയ്തതിനെത്തുടർന്ന് 4,000 കോടി രൂപ കടമെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതോടെ, ഏപ്രിൽ മുതൽ അഞ്ചു മാസം മാത്രമുള്ള കടമെടുപ്പ് 26,000 കോടി രൂപയായി ഉയരും. നിലവിൽ ഡിസംബർ വരെ 29,529 കോടി രൂപ കടമെടുക്കാനാണു കേന്ദ്രത്തിൽനിന്ന് അനുമതി ലഭിച്ചിട്ടുള്ളത്.