നൂറ്റിരണ്ടാം വയസില്‍ തൊമ്മന്കൊച്ച് കണ്ടു, ധന്യമായ സഭാ ആ പ്രഖ്യാപനം
Friday, August 29, 2025 1:14 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: പെരുവന്താനം മുളങ്കുന്നിലെ കുടിയേറ്റ കാരണവരായ ഒന്‍പതു മക്കളുടെ പിതാവ് വാണിയപ്പുരയ്ക്കല്‍ തോമസ് മത്തായി എന്ന തൊമ്മന്കൊച്ച് 102-ാം വയസില്‍ ഇന്നലെ ധന്യമായ ആ പ്രഖ്യാപനം ടെലിവിഷനില്‍ കണ്ടു മനസ് നിറഞ്ഞു.
മക്കളില്‍ എട്ടാമന് സണ്ണിച്ചന് സീറോമലബാര്‍ സഭയുടെ കൂരിയ മെത്രാന് പദവിയില്‍നിന്നു കല്യാണ്‍ ആര്‍ച്ച്ബിഷപ്പായി നിയോഗിക്കപ്പെട്ടിരിക്കുന്നു. തറവാട്ടിൽ ഒപ്പമുള്ള മകന് ആന്റണിയും കുടുംബാഗങ്ങളും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കരങ്ങള്‍ കൂപ്പി.
1952ൽ എലിക്കുളത്തുനിന്നു പെരുവന്താനം നിര്‍മലഗിരി കുന്നിലേക്കു കുടിയേറിയതാണ് വാണിയപ്പുരയ്ക്കല്‍ കുടുംബം. തൊമ്മന്കൊച്ചിനൊപ്പം സഹോദരങ്ങളായ ജോസഫും മാത്യുവും കുഞ്ഞുവര്ക്കിയുമുണ്ടായിരുന്നു.
പൊന്‍കുന്നം വഴി മുണ്ടക്കയത്തെത്തി മണിലയാറ്റിലെ കല്ലേപ്പാലം കടന്ന് കെകെ റോഡിലൂടെ തലച്ചുമടുമായി മലകയറി. ജീവിതം കരുപ്പിടിപ്പിക്കാന്‍ ചെറിയ പ്രായത്തില്‍ തുടങ്ങിയതാണ് കഠിനാധ്വാനം. ചോര നീരാക്കി ജോലി ചെയ്യാനുള്ള കരുതലിന്റെ മനസോടെ ഭാര്യ എലിക്കുട്ടിയുമുണ്ടായിരുന്നു. തിരുവാമ്പാടി പുത്തന്‍പുര കുടുംബാംഗമാണ് ഏലിക്കുട്ടി.
കുടിയേറ്റത്തിന്റെ ആദ്യദശകങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ മുണ്ടക്കയത്തും പെരുവന്താനത്തുമൊക്കെ നടന്നു പോകണം. പിന്നീടാണ് നിര്മലഗിരിയില് കുരിശുപള്ളിയും ഇടവകയുമൊക്കെ വന്നത്. വാണിയപ്പുരയ്ക്കല്‍ കുടുംബത്തില്‍നിന്ന് നാലു പേര് വൈദികരായി. ഒരാള്‍ സന്യാസിനിയും. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ സഹോദരൻ അമേരിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ജോര്‍ജ് വാണിയപ്പുരയ്ക്കല്‍, പിതൃസഹോദരപുത്രന് ഫാ. ജോഷി വാണിയപ്പുരയ്ക്കല്‍, പിതൃസഹോദരപൗത്രന് ഫാ. എബി വാണിയപ്പുരയ്ക്കല്‍, പിതൃസഹോദരപുത്രി സിസ്റ്റര്‍ ലിനസ് വാണിയപ്പുരയ്ക്കല്‍ എസ്എബിഎസ് എന്നിവരാണ് ദൈവവിളി സ്വീകരിച്ചത്. ഫാ. സണ്ണി പാറയ്ക്കല്‍ ഒഎഫ്എം കപ്പുച്ചിന്‍, ഫാ. ലൂയി പോത്തനാമല എന്നിവര്‍ മാര്‍ വാണിയപ്പുരയ്ക്കലിന്റെ ബന്ധുക്കളാണ്.