സീറോമലബാര്‍ സഭയ്ക്ക് നാല് പുതിയ അതിരൂപതകള്‍
Friday, August 29, 2025 1:27 AM IST
സിജോ പൈനാടത്ത്
കൊച്ചി: സീറോമലബാര്‍ സഭയ്ക്ക് കേരളത്തിനുപുറത്ത് ആദ്യമായി നാല് അതിരൂപതകൾ. ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെയാണ് അതിരൂപതകളായി ഉയര്‍ത്തിയത്.
യഥാക്രമം മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന് എന്നിവരെ ഈ അതിരൂപതകളിൽ ആര്‍ച്ച്ബിഷപ്പുമാരായി നിയമിച്ചു. ഇതോടെ കേരളത്തിലെ അഞ്ചെണ്ണമുൾപ്പെടെ സീറോമലബാർ സഭയിലെ അതിരൂപതകളുടെ എണ്ണം ഒന്‍പതായി.
മാർ ലോറൻസ് മുക്കുഴി ആരോഗ്യകാരണങ്ങളാൽ രാജിവച്ച ഒഴിവിൽ ബല്‍ത്തങ്ങാടി രൂപതാ ബിഷപ്പായി മോൺ. ജെയിംസ് പട്ടേരിലിനെ നിയമിച്ചു. അദിലാബാദ് രൂപതാധ്യക്ഷനായിരുന്ന മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് രൂപതാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ അദിലാബാദ് ബിഷപ്പായി മോൺ. ജോസഫ് തച്ചാപറമ്പത്തിനെയും നിയമിച്ചു. കേരളത്തിനുപുറത്തുള്ള 12 രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഹൊസൂര്‍ രൂപത തൃശൂര്‍ അതിരൂപതയുടെ സാമന്ത രൂപതയാക്കി.
പുതിയ അതിരൂപത, നിയമനം, അതിർത്തി പുനർനിർണയ പ്രഖ്യാപനം മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിർവഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സഭയുടെ സിനഡ് സമ്മേളനത്തിലെ ഇതുസംബന്ധിച്ച തീരുമാനങ്ങൾക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെയാണ് ഇന്നലെ വൈകുന്നേരം 3.30ന് സഭാ ആസ്ഥാനത്തു പ്രഖ്യാപനം നടത്തിയത്. ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും പ്രഖ്യാപനം നടന്നു.
പുതിയ മെത്രാന്മാരെ മേജർ ആർച്ച്ബിഷപ് സ്ഥാനചിഹ്നങ്ങൾ അണയിച്ചു. പുതിയ ആർച്ച്ബിഷപ്പുമാർക്ക് അദ്ദേഹം നിയമനപത്രങ്ങൾ കൈമാറി.
ക്ലരീഷ്യന്‍ സന്യാസസമൂഹാംഗമായ മോൺ. പട്ടേരിൽ ജര്‍മനിയിലെ വ്യൂര്‍സ്ബുര്‍ഗ് പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്നതിനിടെയാണ് മെത്രാനായി നിയമിക്കപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യൻ മെത്രാനാണ് ഇദ്ദേഹം.
സിഎംഐ സന്യാസസമൂഹാംഗമായ മോൺ. തച്ചാപറന്പത്തിന് ഛാന്ദാ മാര്‍തോമ്മ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണു മെത്രാൻനിയോഗമെത്തുന്നത്.
2017 ഒക്ടോബര്‍ ഒന്‍പതിന് ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടതോടെയാണു സീറോമലബാര്‍ സഭയ്ക്കു ഭാരതം മുഴുവൻ അജപാലനാവകാശം ലഭിച്ചത്. ഇപ്പോൾ ഷംഷാബാദിനുപുറമെ, അദിലാബാദ്, ബിജ്നോര്‍, ഛാന്ദ, ഗോരക്പുര്‍, കല്യാണ്‍, ജഗ്ദല്പുര്, രാജ്കോട്ട്, സാഗര്‍, സത്ന, ഉജ്ജയിന്‍, ഫരീദാബാദ് രൂപതകളുടെ അതിര്‍ത്തികളാണു പുനര്‍നിര്‍ണയിച്ചത്.