സി. കൃഷ്ണകുമാറിനെതിരേ പീഡനപരാതി
Thursday, August 28, 2025 3:05 AM IST
പാലക്കാട്: ബിജെപി കോർ കമ്മിറ്റി അംഗത്തിനെതിരേ പീഡനപരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേയാണു പരാതി ഉയർന്നിട്ടുള്ളത്.
അഞ്ചുവർഷം മുൻപ് കൃഷ്ണകുമാറിന്റെ ബന്ധുവായ സ്ത്രീ നൽകിയ പരാതിയാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എറണാകുളം സ്വദേശിനി വീണ്ടും പരാതി നൽകിയെന്നാണു റിപ്പോർട്ട്.
കോളിളക്കം സൃഷ്ടിക്കുന്ന ബോംബ് പൊട്ടാനുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞ് 24 മണിക്കൂറിനകമാണ് പുതിയ വിവാദം ഉടലെടുത്തത്. എന്നാൽ, ഇതിലും വലുതു വരാനുണ്ടെന്നുപറഞ്ഞു കോൺഗ്രസ് വൃത്തങ്ങൾ രംഗത്തെത്തിയതു രാഷ്ട്രീയ പ്രതിവാദങ്ങൾക്കു കൊഴുപ്പുകൂട്ടി.
തികച്ചും കുടുംബപ്രശ്നമാണു പരാതിക്കു കാരണമെന്നും വർഷങ്ങൾക്കു മുൻപ് ഉന്നയിച്ച ഈ പരാതി കോടതിയിൽ തീർപ്പായതാണെന്നുമാണ് സി. കൃഷ്ണകുമാറിന്റെ ആദ്യപ്രതികരണം.
പാർട്ടിക്കുള്ളിലുണ്ടായിരുന്ന, എന്നാൽ ഇപ്പോൾ പാർട്ടിയിൽ ഇല്ലാത്ത ഒരാളാണ് ഇതിനെല്ലാം പിന്നിലെന്നും കൃഷ്ണകുമാർ പറഞ്ഞു. തനിക്കെതിരേയുണ്ടായ ലൈംഗികപീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്നു സി. കൃഷ്ണകുമാർ. ബിജെപി ജില്ലാ ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.