ഭൂപതിവ് നിയമഭേദഗതി: പൊതു വ്യവസ്ഥകൾ
Thursday, August 28, 2025 3:05 AM IST
തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച ഭൂപതിവ് നിയമഭേദഗതി ബില്ലിലെ പൊതു വ്യവസ്ഥകൾ:
► ഒരു പ്രത്യേക ആവശ്യത്തിനായി അനുവദിച്ച പട്ടയ ഭൂമിയിൽ നിർമിച്ച വീടുകൾക്ക് ക്രമീകരണം ആവശ്യമെങ്കിൽ നിർമിതിയുടെ വലുപ്പം നോക്കാതെ ക്രമവത്കരിച്ചു നൽകും. അപേക്ഷയോടൊപ്പമുള്ള ചെറിയ ഫീസ് മാത്രം നൽകിയാൽ മതി. കോന്പൗണ്ടിംഗ് ഫീസ് പൂർണമായും ഒഴിവാക്കും. ഉടമ സമർപ്പിക്കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാകും നടപടി.
► സമാനമായി, പതിവുഭൂമിയിലെ സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ, ജീവനോപാധിക്കുള്ള 3000 സ്ക്വയർ ഫീറ്റ് വരെയുള്ള വാണിജ്യ കെട്ടിടങ്ങളും കോന്പൗണ്ടിംഗ് ഫീസ് ഈടാക്കാതെ ക്രമവത്കരിക്കും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം ബന്ധപ്പെട്ടവർ തീരുമാനമെടുക്കണം. അല്ലാത്തപക്ഷം, ഡീംഡ് പെർമിഷൻ ആയി കണക്കാക്കിയുള്ള ഉത്തരവ് ലഭിക്കും. ഇതിന് ഓണ്ലൈൻ സംവിധാനത്തിലൂടെ സർട്ടിഫിക്കറ്റ് നൽകും.
►കൃഷിക്കും കൃഷി അനുബന്ധ ആവശ്യത്തിനും വിദ്യാഭ്യാസ, മതപര, സാംസ്കാരിക, വിനോദ ആവശ്യങ്ങൾക്കും സാമുദായിക സംഘടനകളുടെയും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യത്തിനും ആശുപത്രികൾ, സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളുടെയും ഭൂമി നിർമാണങ്ങൾ മുതലായവയുടെ ആവശ്യങ്ങൾക്കും ഉപയോഗിച്ചതായിട്ടുള്ള കെട്ടിടങ്ങൾ കോന്പൗണ്ടിംഗ് ഫീസ് ഈടാക്കാതെ ക്രമവത്കരിക്കും. ഇടത്തരം വാണിജ്യ കെട്ടിടങ്ങൾ അവയുടെ വലിപ്പമനുസരിച്ച് നിശ്ചിത ശതമാനം കോന്പൗണ്ടിംഗ് ഫീസ് ഈടാക്കി ക്രമീകരിക്കും.
► കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ കാർഷികോത്പന്നപരമോ ആയ ആവശ്യങ്ങൾക്കായി നിർമിച്ച കെട്ടിടം. ആരാധനാലയമായി ഉപയോഗിക്കുന്ന ഭൂമി. ഭൂമിയിൽ സർക്കാർ അംഗീകാരമുള്ളതോ യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതോ ആയ അണ്എയ്ഡെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചതും ഉപയോഗിക്കുന്നതുമായ കെട്ടിടം എന്നിവ യ്ക്കെല്ലാം ഫീസ് ഉണ്ടാവില്ല.
►സാംസ്കാരിക, വിനോദ, അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രജിസ്റ്റർ ചെയ്ത സൊസൈറ്റി, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്ന സ്ഥലത്ത് നിർമിച്ച കെട്ടിടം, സർക്കാർ അംഗീകരിച്ച രജിസ്റ്റർ ചെയ്ത സാമൂഹിക സംഘടന ഉപയോഗിക്കുന്ന സ്ഥലത്ത് നിർമിച്ച കെട്ടിടം, രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾ നിർമിച്ചതും ഉപയോഗിക്കുന്നതുമായ കെട്ടിടം, ഭൂമി പതിച്ചു ലഭിച്ച ചട്ടങ്ങൾ പട്ടയം അല്ലെങ്കിൽ അസൈൻമെന്റ് ഉത്തരവ് എന്നിവയിൽ നിർദേശിച്ചിരിക്കുന്ന സമയപരിധി ലംഘിച്ചുകൊണ്ട് കൈമാറ്റം ചെയ്യപ്പെടുന്ന കേസുകൾ എന്നിവയ്ക്കെല്ലാം ന്യായവിലയുടെ ഒരു ശതമാനമാണ് ഫീസ് ഈടാക്കുക.
► കാർഷിക, പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 3,000 ചതുരശ്ര അടി മുതൽ 5,000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾക്കു കെട്ടിടം നിർമിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ അഞ്ചു ശതമാനം.
► പട്ടയഭൂമിയിൽ നിർമിച്ചതും സ്വകാര്യ ആശുപത്രിയായി ഉപയോഗിക്കുന്നതുമായ കെട്ടിടം. കാർഷിക പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 5,000 ചതുരശ്ര അടി മുതൽ 10,000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമിച്ചവ. കെട്ടിടം നിർമിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ 10 ശതമാനം.
► കെട്ടിടം പണിയാതെ വ്യാവസായിക വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി. കെട്ടിടങ്ങൾ നിർമിച്ചതോ നിർമിക്കാതെയോ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി. ഭൂമിയുടെ ന്യായ വിലയുടെ 10 ശതമാനം.
► കാർഷിക, പാർപ്പിട ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ 10,000 ചതുരശ്രയടിയിൽ കൂടുതലും 25,000 ചതുരശ്രയടിയിൽ താഴെയും വിസ്തീർണമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾക്ക് കെട്ടിടം നിർമിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ 20 ശതമാനം. 10,000 ചതുരശ്ര അടി മുതൽ 25,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിനാണിത്.
►25,000 ചതുരശ്രയടിയിൽ കൂടുതലും 50,000 ചതുരശ്രയടിയിൽ താഴെയുമുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമിച്ചാൽ അതിന്റെ ഫീസ് കെട്ടിടം നിർമിച്ചിരിക്കുന്ന സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് അവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ നാൽപതു ശതമാനം.
►50,000 ചതുരശ്രയടിയിൽ കൂടുതലുള്ള വാണിജ്യ അല്ലെങ്കിൽ വ്യാവസായിക കെട്ടിടങ്ങൾ നിർമിച്ചാൽ, ക്വാറി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ പെർമിറ്റുകളും ലൈസൻസുകളും നേടിയശേഷം പെർമിറ്റുകളോ ലൈസൻസുകളോ ലഭിച്ച ഭൂമികൾ. ഈ രണ്ടു കാറ്റഗറിക്കും കെട്ടിടം നിർമിച്ച സ്ഥലത്തിന്റെയോ വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾക്ക് ആവശ്യം വേണ്ട ഭൂമിയുടെയോ ന്യായവിലയുടെ 50 ശതമാനം.
►ഇവിടെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്മേലോ ഏതെങ്കിലും വ്യക്തിയുടെ ആക്ഷേപത്തിന്മേലോ സ്വമേധയാ ഏതു സമയത്തും ഈ ചട്ടത്തിൻ കീഴിൽ പുറപ്പെടുവിച്ച ഏതൊരു ഉത്തരവും പുനഃപരിശോധിക്കുവാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. കൂടാതെ സർക്കാരിന് പൊതുതാത്പര്യം മുൻനിർത്തി പ്രത്യേക അധികാരം വിനിയോഗിക്കുന്നതിനും അനുവാദം നൽകുന്നുണ്ട്.