ഗ്രീൻലാൻഡിനെ ഡെന്മാർക്കിൽനിന്നു വേർപെടുത്താൻ യുഎസ് ഓപ്പറേഷൻ
Thursday, August 28, 2025 3:53 AM IST
കോപ്പൻഹേഗൻ: ഗ്രീൻലാൻഡിനെ ഡെന്മാർക്കിൽനിന്നു വേർപെടുത്താൻ അമേരിക്കൻ പൗരന്മാർ രഹസ്യ ഓപ്പറേഷൻ നടത്തുന്നതായി ഡാനിഷ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേത്തുടർന്ന് ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്കീ റാസ്മുസെൻ, അമേരിക്കൻ സ്ഥാനപതി മാർക്ക് സ്ട്രോഹിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പലവട്ടം താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. വിലയ്ക്കു വാങ്ങുകയോ വേണ്ടിവന്നാൽ ബലംപ്രയോഗിച്ചു പിടിച്ചെടുക്കുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിട്ടുണ്ട്.
ട്രംപ് ഭരണകൂടവുമായി ബന്ധമുള്ള മൂന്നു പേരെങ്കിലും ഗ്രീൻലാൻഡ് ജനതയെ സ്വാധീനിക്കാൻ ഓപ്പറേഷൻ നടത്തുന്നുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പു നല്കിയത്.
ഗ്രീൻലാൻഡിനെ ഡെന്മാർക്കിൽനിന്നു വേർപെടുത്തി അമേരിക്കയോടു ചേർക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണിത്. ഗ്രീൻലാൻഡിനും ഡെന്മാർക്കിനും ഇടയിൽ ഭിന്നത വളർത്താനായി വ്യാജപ്രചാരണം അടക്കമുള്ള മാർഗങ്ങൾ പ്രയോഗിക്കുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
ഡെന്മാർക്കിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയതെന്നും ഡാനിഷ് വിദേശകാര്യമന്ത്രി റാസ്മുസെൻ ഇന്നലെ അറിയിച്ചു.
അമേരിക്കൻ ചാരസംഘടനകൾ ഗ്രീൻലാൻഡിൽ സജീവമാണെന്ന റിപ്പോർട്ട് മേയിലും പുറത്തുവന്നിരുന്നു. അന്നും റാസ്മുസെൻ അമേരിക്കൻ സ്ഥാനപ തിയെ വിളിച്ചുവരുത്തിയിരുന്നു.
ആർക്ടിക് മേഖലയിലെ തന്ത്രപ്രധാന സ്ഥാനവും ധാതുവിഭവങ്ങളുടെ ലഭ്യതയുമാണു ട്രംപിനെ ഗ്രീൻലാൻഡിലേക്ക് ആകർഷിക്കുന്നതെന്നു പറയുന്നു.
നാറ്റോ, യൂറോപ്യൻ യൂണിയൻ അംഗത്വമുള്ള ഡെന്മാർക്ക് നേരത്തേ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമായിരുന്നു.