പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ പള്ളി
Saturday, August 23, 2025 2:51 AM IST
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ക്രൈസ്തവര്‍ക്കുനേരേ ക്രൂരമായ വേട്ടയാടല്‍ നടത്തിയ ഇറാക്കില്‍ പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ പള്ളി യാഥാർഥ്യമാകുന്നു.
വടക്കൻ ഇറാക്കിലെ ക്വാറഘോഷിൽ പുതുതായി നിർമിച്ച സെന്റ് എഫ്രേം പള്ളിയോടു ചേർന്നാണ് പീഡിത ക്രൈസ്തവരുടെ അമ്മയായ മറിയത്തിന് സമർപ്പിച്ചിരിക്കുന്ന തീർഥാടനകേന്ദ്രം നിർമിക്കുന്നത്. ഇതിന്റെ കൂദാശ ഒക്ടോബറിൽ നടക്കും.
2014ൽ ഐഎസിന്റെ ക്രൂരമായ ആക്രമണം നേരിട്ട പ്രദേശമാണു ക്വാറഘോഷ്. ഐഎസ് ഭീകരരുടെ അധിനിവേശത്തിൽ ഇറാക്കിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട പ്രദേശവുമാണിത്. പീഡിതക്രൈസ്തവരെ അനുസ്മരിച്ച് അമേരിക്ക, ഇംഗ്ലണ്ട്, സ്വീഡൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിർമിച്ച പള്ളികളുടെ പട്ടികയില്‍ ഇടം നേടാനിരിക്കുന്ന ആഗോളതലത്തിൽ നിര്‍മിക്കുന്ന ഏഴാമത്തെ പള്ളിയാണിത്.
ലോകമെമ്പാടും പീഡനത്തിനിരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേൻ ഡോട് ഓർഗ്(Nasarean.org) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പള്ളി യാഥാര്‍ഥ്യമാക്കിയത്.
2014ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധിനിവേശത്തിനിടെ ബാർട്ടല്ലയിൽനിന്ന് നാടുകടത്തപ്പെട്ട സിറിയന്‍ കത്തോലിക്കാ ഡീക്കൻ ഇബ്രാഹീം യെൽദോ വരച്ച മരിയന്‍ ചിത്രമാണ് പള്ളിയുടെ കേന്ദ്രബിന്ദു. ചിത്രത്തിൽ അറമായ ഭാഷയിൽ ‘മറിയം: പീഡിപ്പിക്കപ്പെട്ടവരുടെ അമ്മ’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
പ്രാദേശിക വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക, പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളെ ഓർക്കാനും പ്രാർഥിക്കാനും പടിഞ്ഞാറൻ രാജ്യങ്ങളിലെ ക്രൈസ്തവരോട് ആഹ്വാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണു പള്ളി നിർമിച്ചതെന്ന് മൊസൂൾ ആർച്ച്ബിഷപ് ബനഡിക്ട് യൗനാൻ ഹാനോ പറഞ്ഞു.
2003ന് മുമ്പ് ഏകദേശം 15 ലക്ഷമുണ്ടായിരുന്ന ഇറാക്കിലെ ക്രൈസ്തവ ജനസംഖ്യ ഐഎസ് ഭീകരരുടെ അധിനിവേശത്തിനെത്തുടര്ന്നുണ്ടായ കൂട്ടക്കൊല, നിർബന്ധിത മതംമാറ്റം, പീഡനം, കുടിയേറ്റം എന്നിവമൂലം 120000 ആയി കുറഞ്ഞിരിക്കുകയാണ്.
പ്രദേശത്തു തുടരുന്ന ക്രൈസ്തവര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും പകരാന്‍ പുതിയ പള്ളി വഴിതെളിക്കുമെന്നാണ് സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.