വിക്രമസിംഗെ അറസ്റ്റിൽ
Saturday, August 23, 2025 2:51 AM IST
കൊളംബോ: സ്വകാര്യആവശ്യത്തിനുള്ള വിദേശയാത്രയ്ക്കു പൊതുപണം ചെലവഴിച്ചെന്ന കേസിൽ ശ്രീലങ്കയിലെ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ.
കൊളംബോയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഹെഡ്ക്വാർട്ടേഴ്സിലേക്ക് മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2022 മുതൽ 2024 വരെയാണ് വിക്രമസിംഗെ പ്രസിഡന്റായിരുന്നത്. 2023 സെപ്റ്റംബറിൽ ഭാര്യയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ പണം ചെലവഴിച്ച് ഇംഗ്ലണ്ടിൽ പോയി എന്നാണു കേസ്. വിക്രമസിംഗെയുടെ സ്റ്റാഫിനെ സിഐഡി നേരത്തേ ചോദ്യംചെയ്തിരുന്നു.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ലങ്കൻ ജനത നടത്തിയ കലാപത്തിൽ മുൻ പ്രസിഡന്റ് ഗോട്ടാഭയ രജപക്സെ രാജ്യംവിട്ടതിനെത്തുടർന്നാണ് റനിൽ വിക്രമസിംഗെ ഭരണം ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ ഭരണത്തിലാണു ശ്രീലങ്ക സാന്പത്തിക പ്രതിസന്ധി തരണം ചെയ്തത്.
76 വയസുള്ള വിക്രമസിംഗെ ആറു വട്ടം പ്രധാനമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽ ഇടതു നേതാവ് അനുര കുമാര ദിശനായകയോടു വിക്രമസിംഗെ തോറ്റു.