സമാധാനത്തിനായി നാളെ ഉപവാസ പ്രാർഥനാദിനാചരണത്തിന് മാർപാപ്പയുടെ ആഹ്വാനം
Thursday, August 21, 2025 2:02 AM IST
വത്തിക്കാൻ സിറ്റി: സമാധാനത്തിനായി നാളെ പ്രാർഥനയിലും ഉപവാസത്തിലും ഒന്നിക്കാൻ ലോകമെങ്ങുമുള്ള വിശ്വാസികളെ ക്ഷണിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സായുധ സംഘർഷത്താൽ തകർന്ന എല്ലാ സ്ഥലങ്ങളിലും സമാധാനം ഉറപ്പാക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.
പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുസന്ദർശനവേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് ഓഗസ്റ്റ് 22ന് പരിശുദ്ധ കന്യകമറിയത്തിന്റെ രാജ്ഞിത്വ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ സമാധാനത്തിനായുള്ള പ്രാർഥനയും ഉപവാസവും നടത്തി ആ ദിവസം ആഘോഷിക്കാൻ മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചത്.
“നമ്മുടെ അമ്മയായ മറിയം, സമാധാനത്തിന്റെ രാജ്ഞിയായും ഓർമിക്കപ്പെടുന്നു. യുക്രെയ്നും വിശുദ്ധ നാടും ലോകത്തിന്റെ ഇതര ഭാഗങ്ങളും യുദ്ധങ്ങളാൽ മുറിവേറ്റുകൊണ്ടിരിക്കുമ്പോൾ, ദുരിതമനുഭവിക്കുന്ന എല്ലാവർക്കുംവേണ്ടി നമുക്ക് പ്രാർഥിക്കാം. നമുക്ക് സമാധാനവും നീതിയും നൽകാനും തുടർച്ചയായ സായുധ സംഘട്ടനങ്ങൾ മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണുനീർ തുടയ്ക്കാനും കർത്താവിനോട് അപേക്ഷിക്കാം.
സമാധാനത്തിന്റെ വഴികൾ കണ്ടെത്താൻ സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തോട് നമുക്ക് മധ്യസ്ഥത യാചിക്കാം” -മാർപാപ്പ പറഞ്ഞു.