കുവൈറ്റിൽ വ്യാജമദ്യ ദുരന്തം; പത്തു പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്
Thursday, August 14, 2025 4:07 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യം കഴിച്ച് പത്തു പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. അൽ അഹമദി ഗവർണറേറ്റിലെ ലേബർ ക്യാന്പുകളിലുള്ള തൊഴിലാളികളാണു മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഇവിടെ രഹസ്യകേന്ദ്രത്തിൽനിന്നു വിതരണം ചെയ്ത മദ്യമാണു ദുരന്തത്തിനിടയാക്കിയത്. മദ്യം കഴിച്ചശേഷം ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.
മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉണ്ടെന്നും പതിനഞ്ചോളം പേർ ഫർവാനിയ, ആദാൻ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണെന്നും പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ എത്രയെന്നതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല.
ചികിത്സയിലുള്ള പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്. ചിലരുടെ വൃക്കയ്ക്കു പ്രശ്നമുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു. ദുരന്തത്തിന് ഇരയായവരേക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.