സിന്ധുനദിയിൽ അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്ന് പാക് സൈനിക മേധാവി
Tuesday, August 12, 2025 2:07 AM IST
ന്യൂയോർക്ക്: സിന്ധുനദിയിൽ ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ പത്തു മിസൈൽ ഉപയോഗിച്ച് തകർക്കുമെന്ന് പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീർ.
അമേരിക്കൻ സന്ദർശനത്തിനിടെ പാക് വംശജരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് മുനീർ അമേരിക്കയിൽ സന്ദർശനം നടത്തിയത്.
“സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈലിനു യാതൊരു പഞ്ഞവുമില്ല. പാക്കിസ്ഥാന്റെ നിലനിൽപ്പിനു ഭീഷണിയായാൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്കു തള്ളിയിടാൻ മടിക്കില്ല. ഞങ്ങൾ ഒരു ആണവരാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ, ലോകത്തെ പകുതി ഭാഗത്തെയും ഞങ്ങൾ കൊണ്ടുപോകും’’- മുനീർ കൂട്ടിച്ചേർത്തു.