ഹെലികോപ്റ്റർ തകർന്ന് ഘാന മന്ത്രിമാർ മരിച്ചു
Thursday, August 7, 2025 11:03 PM IST
ആക്ര: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടു മന്ത്രിമാരടക്കം എട്ടു പേർ മരിച്ചു.
പ്രതിരോധ മന്ത്രി എഡ്വേർഡ് ഒമാനെ ബോമ (50), പരിസ്ഥിതി- ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി ഇബ്രാഹിം മുർത്താല മുഹമ്മദ് (50) എന്നിവരും മറ്റു രണ്ടു യാത്രികരും ഹെലികോപ്റ്ററിലെ മൂന്നു ജീവനക്കാരുമാണു മരിച്ചത്. മറ്റാരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നില്ല.
ചൈനീസ് നിർമിത ഹാർബിൻ ഇസെഡ്-9 ഇനം ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തലസ്ഥാനമായ ആക്രയിൽനിന്ന് ഒബുവാസി പട്ടണത്തിലേക്കു മന്ത്രിമാരുമായി പുറപ്പെട്ട ഹെലികോപ്റ്റർ വനത്തിൽ തകർന്നുവീഴുകയായിരുന്നു. അനധികൃത ഖനനം നേരിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിമാരുടെ യാത്രയെന്നു പറയുന്നു.
അപകടകാരണം വ്യക്തമല്ല. മേഖലയിൽ മൂടൽമഞ്ഞ് ഉണ്ടായിരുന്നുവെന്നും ഹെലികോപ്റ്റർ വളരെ താഴ്ന്നാണു പറന്നിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സമീപ മേഖലയിലുണ്ടായിരുന്ന കൃഷിക്കാരാണു ശബ്ദം കേട്ട് അപകടസ്ഥലത്ത് ആദ്യമെത്തിയത്.
എട്ടു മൃതദേഹങ്ങളും വീണ്ടെടുത്ത് ആക്രയിലെത്തിച്ചു. പ്രസിഡന്റ് ജോൺ ദ്രമാനി മഹാമ രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.