ബന്ദികളിലൊരാളുടെ നടുക്കുന്ന ദൃശ്യം പുറത്തുവിട്ട് ഹമാസ്
Monday, August 4, 2025 1:54 AM IST
ജറൂസലെം: ബന്ദികളിലൊരാളുടെ നടുക്കുന്ന ദൃശ്യവുമായി ഹമാസിന്റെ വീഡിയോ. 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ സംഗീതോത്സവത്തിൽനിന്നു തട്ടിക്കൊണ്ടുപോയ എവ്യാതർ ഡേവിഡ് എന്നയാളുടെ ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. വിളറിയതും മെലിഞ്ഞതും ശരീരത്തിൽ എല്ലുകൾ പൊന്തിയതുമായ ഡേവിഡിന്റെ ക്ലിപ്പുകളും പട്ടിണി കിടക്കുന്ന പലസ്തീൻ കുട്ടികളുടെ ക്ലിപ്പുകളും ഇടകലർത്തിയാണു ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്നത്.
ഗാസയിലെ ഭൂഗർഭ തുരങ്കത്തിൽ ഡേവിഡ് തൂമ്പയുമായി നിൽക്കുന്ന ദൃശ്യവും വീഡിയോയിൽ കാണാം. ദൃശ്യങ്ങളിൽ സ്വന്തം ശവക്കുഴി കുഴിക്കുന്നതിനായി ആരോ ഡേവിഡിനു നിർദേശങ്ങൾ നൽകുന്നതായും കാണാം. വീഡിയോയിൽ ഡേവിഡ് അനുഭവിക്കുന്ന പട്ടിണിയെക്കുറിച്ച് അദ്ദേഹം തന്നെ വിവരിക്കുന്നു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവമുണ്ടെന്നും ഇതു കെട്ടുകഥയല്ല, യാഥാർഥ്യമാണെന്നും ഡേവിഡ് വീഡിയോയിൽ പറയുന്നു.
ഗാസയിലേക്ക് ഒരു സഹായവും കടക്കരുതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിറും പറയുന്നതിന്റെ ക്ലിപ്പിംഗുകളും വീഡിയോയിൽ ഹമാസ് ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കണ്ട ഡേവിഡിന്റെ കുടുംബം, അദ്ദേഹത്തെ മനഃപൂർവം പട്ടിണിക്കിട്ടിരിക്കുകയാണെന്ന് ആരോപിച്ചു.