കുതിപ്പില്ലാതെ റബർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, August 4, 2025 1:26 AM IST
ആഗോള റബർ വിപണിയിൽ മലക്കംമറിച്ചിൽ, ഷീറ്റ് സംഭരണ നയത്തിൽ ടയർ ഭീമൻമാർ സംഘടിതരായി രാജ്യാന്തര അവധിവ്യാപാരത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് മത്സരിച്ചു.
കുരുമുളക് വിലക്കയറ്റം തടയാൻ വൻശക്തികൾ മൂന്നാഴ്ചകളിൽ നടത്തിയ ഒത്തുകളി പൊളിഞ്ഞു, വാരാന്ത്യം നിരക്ക് ഉയർത്തി. തമിഴ്നാട് ലോബി കൊപ്ര റീലിസിംഗിനു തയാറായത് നാളികേരോത്പന്ന വിലകളിൽ തിരുത്തലിന് അവസരമൊരുക്കി. ഏലം ഉത്സവ ഡിമാൻഡിന്റെ മാധുര്യം നുകരുന്നു.
റബറിനു കയറ്റിറക്കം
ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ബുൾ ഓപ്പറേറ്റർമാരുടെ സ്വാധീനം വർധിച്ചതോടെ ടയർ ഭീമൻമാർ ഗാട്ടാ ഗുസ്തിക്കാരനെ അനുസ്മരിപ്പിക്കും വിധം കുതിച്ചുചാട്ടം തടയാൻ വിപണിയെ മലക്കം മറിച്ചു. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഏറെ നിർണായകമായ 336 യെന്നിലെ പ്രതിരോധം തകർത്താൽ 347ലേക്കും തുടർന്ന് കൂടുതൽ മികവിലേക്കും തിരിയുമെന്ന അവസ്ഥ തടയാൻ ഊഹക്കച്ചവടക്കാരുമായി കൈകോർത്താണ് ടയർ ഭീമൻമാർ വിപണിയുടെ ദിശ മാറ്റി മറിച്ചത്.
ആറ് ആഴ്ചകൾ നീണ്ട ബുൾ റാലിക്ക് ശേഷം ജാപ്പനീസ് വിപണിക്ക് വാരാന്ത്യം തിരിച്ചടി നേരിട്ടു. ഒസാക്ക എക്സ്ചേഞ്ചിൽ 312 യെന്നിലേക്കു വെള്ളിയാഴ്ച ഇടിഞ്ഞ റബർ വില വ്യാപാരാന്ത്യം 318ലാണ്. റബറിന്റെ ചലനങ്ങൾ കണക്കിലെടുത്താൽ 327ലേക്ക് തിരിച്ചുവരവിന് ശ്രമം നടത്താമെങ്കിലും വിപണി വീണ്ടും വിൽപ്പന സമ്മർദത്തിലേക്കു വഴുതും. താത്കാലികമായി 308 യെന്നിൽ താങ്ങുണ്ടെങ്കിലും ഇത് നഷ്ടപ്പെട്ടാൽ 288 യെൻ വരെ തിരുത്തൽ സാധ്യതയുണ്ട്.
സ്ഥിതിഗതികൾ അത്ര ശുഭകരമല്ലെന്ന തിരിച്ചറിവ് ചൈനീസ് മാർക്കറ്റായ ഷാങ്ഹായ് ഫ്യൂച്ചേഴ്സിലും സിംഗപ്പുർ എക്സ്ചേഞ്ചിലും റബറിനെ തളർത്തി. ബാങ്കോക്കിൽ റബർ വില കിലോ 16 രൂപ ഇടിഞ്ഞ് 196ൽ നിന്നും വാരാന്ത്യം 180 രൂപയായി. തുടർച്ചയായ മഴയ്ക്കുശേഷം കാലാവസ്ഥയിൽ മാറ്റം കണ്ട സാഹചര്യത്തിൽ തായ്ലൻഡിൽ ടാപ്പിംഗ് വീണ്ടും സജീവമാകാം.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 213 രൂപയിൽ നിന്നും വാരാവസാനം 202 രൂപയായി. കാലാവസ്ഥ അൽപ്പം തെളിഞ്ഞാൽ റബർ വെട്ട് ഒട്ടുമിക്ക ഭാഗങ്ങളിലും ഊർജിതമാകുമെന്നാണ് വിലയിരുത്തൽ. അതായത് ഓഗസ്റ്റ് രണ്ടാം പകുതിയിൽ പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ടയർ കന്പനികൾ.
പ്രതീക്ഷയിൽ കുരുമുളക്
കുരുമുളക് വിപണിയിലെ വൻശക്തികൾ മൂന്നാഴ്ച നടത്തിയ ഒത്തുകളികൾ വാരാന്ത്യം തകർന്നു. ജൂലൈ മധ്യം മുതൽ മുളക് വില ഉയരുന്നതിനെ എല്ലാ കരുത്തും പ്രയോഗിച്ച് അവർ സംഘടിതമായി ചെറുത്തുനിന്നു. ഉത്പന്ന വില ദിവസങ്ങളും ആഴ്ചകളും സ്റ്റെഡിയായി നീങ്ങിയതിനിടയിൽ കാർഷിക മേഖല ചരക്ക് നീക്കവും വെട്ടിക്കുറച്ചു.

എന്നാൽ, ഈ അവസരത്തിലും വിലയിൽ മാറ്റം വരുത്താതെ ഉത്പാദകനു നേരേ വെല്ലുവിളി ഉയർത്തി കൃത്രിമായി അവർ വില വർധന തടഞ്ഞു. കേരളത്തിലെ കുരുമുളകുകർഷകർ രണ്ടും കൽപ്പിച്ച് ചരക്കുനീക്കത്തിലെ നിയന്ത്രണം കടുപ്പിച്ചതോടെ വിലക്കയറ്റം പിടിച്ചുനിർത്തിയ വാങ്ങലുകാർക്കിടയിൽത്തന്നെ പൊട്ടിത്തെറി സംഭവിച്ചതായാണ് അരമനരഹസ്യം. അൺ ഗാർബിൾഡ് കുരുമുളക് വില 100 രൂപ വർധിച്ച് 66,600 രൂപയായി.
ഉത്സവ സീസൺ മുന്നിലുള്ളതിനാൽ ആകർഷകമായ വില വരും മാസങ്ങളിൽ ഉറപ്പു വരുത്താനാവുമെന്ന പ്രതീക്ഷയിലാണ് കാർഷികകേരളം. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 8000 ഡോളർ, അതേസമയം ഇതര ഉത്പാദക രാജ്യങ്ങൾ താഴ്ന്ന വിലയ്ക്ക് ക്വട്ടേഷൻ ഇറക്കി. ഉത്തരേന്ത്യൻ വ്യവസായികൾ വിദേശ ചരക്ക് ഇറക്കുമതിക്കും ശ്രമം നടത്തുന്നു.
താഴാതെ ഏലക്ക, കുതിച്ച് ചുക്ക്
ഉത്സവകാല ആവശ്യങ്ങൾ മുന്നിൽക്കണ്ട് ആഭ്യന്തര വ്യാപാരികൾ ഉയർന്ന അളവിൽ ഏലക്ക ലേലത്തിൽ ശേഖരിച്ചു. ലേലത്തിന് എത്തുന്ന ചരക്കിൽ ഏറിയ പങ്കും അവർ തിരക്കിട്ട് ശേഖരിച്ചതോടെ ശരാശരി ഇനങ്ങളുടെ വില കിലോ 2750 രൂപ വരെ ഉയർന്നു.

ഉത്സവ ഡിമാൻഡ് ചുക്ക് വിലയിലും ഉണർവ് ഉളവാക്കി. ഏതാനും മാസങ്ങളായി യാതൊരു ചലനവുമില്ലാതെ നീങ്ങിയ ചുക്ക് വില പിന്നിട്ട വാരം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പൊടുന്നനെയുണ്ടായ വിലക്കയറ്റത്തിന് പിന്നിൽ കൊച്ചി ആസ്ഥാനമായുള്ള വൻകിട സ്റ്റോക്കിസ്റ്റുകളുടെ ചരടുവലിയായും വിപണിവൃത്തങ്ങൾ വിലയിരുത്തുന്നു. വിവിധയിനം ചുക്ക് വില ക്വിന്റലിന് 10,000 രൂപ വർധിച്ചു. വാരാന്ത്യം മീഡിയം ചുക്ക് 32,500 രൂപയിലും ബെസ്റ്റ് ചുക്ക് 35,000 രൂപയിലുമാണ്.
പ്രതീക്ഷയിൽ നാളികേര കർഷകർ
തമിഴ്നാട് ലോബി കൊപ്ര വില താഴ്ത്തിയതിന്റെ ചുവടുപിടിച്ച് കേരളത്തിൽ നാളികേരോത്പന്നങ്ങളുടെ വില കുറഞ്ഞു. വെളിച്ചെണ്ണ വില ഇതിനകം 529 രൂപ വരെ ഉയർന്ന് വിൽപ്പന നടന്നു. ഇതിനിടയിൽ ഓണത്തിന് നിരക്ക് താഴ്ത്താൻ ഉത്പാദകരിൽനിന്നും പച്ചത്തേങ്ങ സംഭരിച്ച് വെളിച്ചെണ്ണയാക്കാനുള്ള നീക്കത്തിലാണ്.

ചെറുകിട വിപണികളിൽ പച്ചത്തേങ്ങ വില 90 രൂപയിലെത്തിയതിനാൽ സർക്കാർ ഏജൻസി എന്ത് വിലയ്ക്ക് ചരക്ക് സംഭരിക്കുമെന്നതിനെ ആശ്രയിച്ചാവും സംഭരണത്തിന്റെ വിജയവും പരാജയവും. കർഷകർക്ക് ഉടൻ പണം കൈമാറിയാൽ മാത്രമേ അവരെ ആകർഷിക്കാൻ പറ്റൂ. ഏതാനും മാസം മുന്പ് നെല്ല് സംഭരിച്ച വകയിലെ പണം ഇനിയും സ്പ്ലൈക്കോയിൽ നിന്നും കർഷകർക്ക് ലഭിച്ചിട്ടില്ലെന്ന ആക്ഷേപവും നാളികേര ഉത്പാദകർ ഗൗരവതോടെ വീക്ഷിക്കുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ വില 38,300ൽനിന്നും 37,700 രൂപയായി.