25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ
Thursday, July 31, 2025 11:34 PM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് ഇത്ത വണ ജില്ലാകേന്ദ്രങ്ങളില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണം മെഗാ ഫെയറുകളും നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഫെയറുകളും സംഘടിപ്പിക്കും.
സംസ്ഥാനതല ഓണം ഫെയര്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ നാലു വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിക്കുക.
വിപണിയിടപെടല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ആരംഭിക്കും. അരിയും ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ഉള്‍പ്രദേശങ്ങളിലടക്കം എത്തിക്കാനാകും.
18 മുതല്‍ ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കും. 1225 രൂപ വിലയുള്ള സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നല്‍കും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനായി തയാറാക്കിയിട്ടുണ്ട്.
വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വിലയും കുറച്ചിട്ടുണ്ട്. വന്‍പയറിന് 75 രൂപയില്‍നിന്ന് 70 രൂപയായും തുവരപരിപ്പിന് 105 രൂപയില്‍നിന്ന് 93 രൂപയായുമാണ് കുറച്ചത്. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അര കിലോയില്‍നിന്ന് ഒരു കിലോയായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.
ഭാഗ്യശാലിക്ക് വെളിച്ചെണ്ണ സമ്മാനം
ഓണക്കാലത്തു സപ്ലൈകോയില്‍നിന്ന് 2500 രൂപയിലധികം സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലക്കി ഡ്രോയിലൂടെ ഒരു പവന് സ്വര്ണനാണയമടക്കം ഒട്ടേറെ സമ്മാനങ്ങള്‍ നല്‍കും.
സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ദിവസേന നറുക്കെടുപ്പ് നടത്തി വിജയികള്‍ക്ക് വെളിച്ചെണ്ണയടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.