കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി ; പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ നിർമാണം സെപ്റ്റംബറിൽ
Tuesday, July 29, 2025 11:00 PM IST
പാലക്കാട്: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ (ഐഎംസി) നിർമാണപ്രവർത്തനങ്ങൾ സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കും.
പാലക്കാടിനെ ഒരു വ്യാവസായിക സ്മാർട്ട് ടൗണ്‍ഷിപ്പായി മാറ്റാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഒരുലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. പദ്ധതിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള 1300 കോടി രൂപയുടെ (ജിഎസ്ടി ഉൾപ്പടെ) ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും. തുടർന്ന് 42 മാസംകൊണ്ട് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് ആണ് പദ്ധതി നടപ്പാക്കുക. ലോകോത്തരനിലവാരമുള്ള വ്യാവസായികനഗരങ്ങൾ ഇന്ത്യയിൽ വികസിപ്പിക്കുക എന്നതാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി; ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ വിപുലീകരണമായിട്ടാണു കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുന്നത്. ഇതിനു പാലക്കാട്ടെ ഐഎംസി (നോഡ് 1), കൊച്ചിയിലെ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി (ഗ്ലോബൽ സിറ്റി നോഡ് 2) എന്നിങ്ങനെ രണ്ടു നോഡുകളാണുള്ളത്.
ഭൂമിയേറ്റെടുക്കലിന് സംസ്ഥാന സർക്കാരും പദ്ധതിക്കു നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമാണ് പണം മുടക്കുക. പാലക്കാട്ടെ ഐഎംസി പുതുശേരി സെൻട്രൽ, പുതുശേരി വെസ്റ്റ്, കണ്ണന്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കറിലാണു വ്യാപിച്ചുകിടക്കുന്നത്. ഇതിൽ പുതുശേരി സെൻട്രലിൽ 1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണന്പ്രയിൽ 313 ഏക്കറുമാണുള്ളത്.
പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ആകെ 1844 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1489 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. പുതുശേരി സെൻട്രലിലും കണ്ണന്പ്രയിലുമായി ഏകദേശം 1350 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (420 ഏക്കർ), ഹൈടെക് ഇൻഡസ്ട്രീസ് (965 ഏക്കർ), നോണ്‍ മെറ്റാലിക് മിനറൽ ഇൻഡസ്ട്രീസ് (62.4 ഏക്കർ), ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് (54.3 ഏക്കർ), റീസൈക്ലിംഗ് ഇൻഡസ്ട്രീസ് (83.9 ഏക്കർ), ഫുഡ് ആൻഡ് ബിവറേജസ് (171.18 ഏക്കർ), ഫാബ്രിക്കേറ്റഡ് മെറ്റൽ ഉത്പന്നങ്ങൾ (52.94 ഏക്കർ), റബർ ആൻഡ് പ്ലാസ്റ്റിക് (30.67 ഏക്കർ) തുടങ്ങിയ വ്യവസായങ്ങളാണ് ഐഎംസിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ആശുപത്രി, താമസസൗകര്യങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങളോടുകൂടിയ ഒരു ടൗണ്‍ഷിപ്പായി ക്ലസ്റ്ററിനെ വികസിപ്പിക്കാനും പദ്ധതിയുണ്ട്.
പദ്ധതി നടപ്പാക്കുന്നതിനായി, കേന്ദ്ര സർക്കാരിനുവേണ്ടി നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും കേരള സർക്കാരിനുവേണ്ടി കിൻഫ്രയും 50:50 ഓഹരിപങ്കാളിത്തത്തിൽ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്ന പ്രത്യേകോദ്ദേശ്യ കന്പനി 2021 ഏപ്രിൽ 21നു രൂപവത്കരിച്ചിട്ടുണ്ട്.