കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി
Wednesday, July 30, 2025 1:43 AM IST
സനു സിറിയക്
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ രണ്ടു മലയാളി കന്യാസ്ത്രീകൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു.
കീഴ്ക്കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയാത്ത വകുപ്പുകൾ എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കാതിരുന്നത്. സിസ്റ്റർമാരുടെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതിയിലെത്തുമെന്നും ഇവിടെനിന്ന് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.
തങ്ങളുടെ അനുമതിയോടെയാണ് കുട്ടികൾ സിസ്റ്റർമാർക്കൊപ്പം ആഗ്രയിലേക്ക് ജോലിക്കായി പോയതെന്ന മാതാപിതാക്കളുടെ സത്യവാങ്മൂലവും സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. മാതാപിതാക്കളുടെ സത്യവാങ്മൂലം ജാമ്യനടപടികൾ എളുപ്പമാക്കും.
കുട്ടികളുടെ പ്രായപൂർത്തി തെളിയിക്കുന്ന രേഖകളും മാതാപിതാക്കളുടെ സമ്മതപത്രവും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പുറത്തുവിട്ടിരുന്നു.
ഛത്തീസ്ഗഡിലെ മതസ്വാതന്ത്ര്യനിയമത്തിലെ നാലാംവകുപ്പ് സിസ്റ്റർമാർക്കെതിരേയുള്ള എഫ്ഐആറിൽ പോലീസ് രണ്ടാമത് ചേർത്തിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമമാണിത്. ഈ വകുപ്പാണ് കീഴ്ക്കോടതിയിൽ ജാമ്യം ലഭിക്കാൻ തടസമായത്.
മൂന്ന് പെണ്‍കുട്ടികളെ ജോലിക്കായി ആഗ്രയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനെത്തിയ, ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്യാസസഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മതപരിവർത്തനം നടത്തി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുകയാണെന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിസ്റ്റർമാർക്കെതിരായ നടപടി.
രാജ്യസഭ സ്തംഭിച്ചു
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം കടുക്കുന്നു. പഹൽഗാം ഭീകരാക്രമണത്തെപ്പറ്റിയുള്ള ചർച്ചയ്ക്കു മുന്‍പ് കേരള എംപിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ വിഷയം ഉന്നയിച്ചു.
സഭ നിർത്തിവച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും എംപിമാർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭ പ്രമേയം തള്ളിയതിനെത്തുടർന്ന് പ്രതിപക്ഷ എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. തുടർന്നു രണ്ടുമണിവരെ സഭ നിർത്തിവച്ചു. പിന്നീടാണ് ഓപ്പറേഷൻ സിന്ദൂർ ചർച്ച രാജ്യസഭയിൽ ആരംഭിച്ചത്.
സിസ്റ്റർമാരുടെ മോചനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുധാകരൻ, ഹൈബി ഈഡൻ, എം.കെ. രാഘവൻ, ശശി തരൂർ, വി.കെ. ശ്രീകണ്ഠൻ, അബ്ദുൽ സമദ് സമദാനി, ഡീൻ കുര്യാക്കോസ് എന്നിവർ പാർലമെന്റിനു മുന്നിൽ പോസ്റ്ററുകൾ ഉയർത്തി പ്രതിഷേധിച്ചു.
ഇടത് എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, പി.സന്തോഷ് കുമാർ, മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, കോണ്‍ഗ്രസിന്റെ ജെബി മേത്തർ തുടങ്ങിയവർ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.