ലക്ഷ്യം നേടി; ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി: രാജ്നാഥ് സിംഗ്
Tuesday, July 29, 2025 2:45 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ സൈനിക നടപടിയിലൂടെ ഇന്ത്യൻ സായുധസേന ആഗ്രഹിച്ച രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങൾ നേടിയതിനാലാണ് ഓപ്പറേഷൻ സിന്ദൂർ താത്കാലികമായി നിർത്തിവച്ചതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
പാക്കിസ്ഥാനിലെ ഏഴ് ഭീകരകേന്ദ്രങ്ങൾ പൂർണമായി തകർത്തെന്നും ഇന്ത്യക്കെതിരേ വീണ്ടും ആക്രമണത്തിനു തുനിഞ്ഞാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കുമെന്നും കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പു നൽകി.
ഏതെങ്കിലും സമ്മർദ ത്തിനു വഴങ്ങി ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചുവെന്നു പറയുകയോ വിശ്വസിക്കുകയോ ചെയ്യുന്നത് അടിസ്ഥാനരഹിതവും പൂർണമായി തെറ്റുമാണെന്ന് അദ്ദേഹം അടിവരയിട്ടു. ലോക്സഭയിൽ ഇന്നലെ ആരംഭിച്ച പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ പ്രത്യേക ചർച്ചയ്ക്കു തുടക്കം കുറിച്ചു പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
വിനോദസഞ്ചാരികളായ 26 ഇന്ത്യക്കാരെ നിഷ്ഠുരമായി വധിച്ച ഭീകരർ എങ്ങനെ ഇന്ത്യയിലെത്തിയെന്നും എന്തുകൊണ്ടാണ് 100 ദിവസം കഴിഞ്ഞിട്ടും ആ ഭീകരരെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്നുമാണു പ്രതിരോധമന്ത്രി വിശദീകരിക്കേണ്ടതെന്ന് കോണ്ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം സൗദി അറേബ്യയിലെ പരിപാടികൾ റദ്ദാക്കി ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പഹൽഗാമിലേക്കു പോകാതെ ബിഹാറിലെ തെരഞ്ഞെടുപ്പു പ്രചാരണറാലിയിൽ പ്രസംഗിക്കാൻ പോയതു രാജ്യം പൊറുക്കില്ല.
ഇന്ത്യയുടെ ആക്രമണത്തിൽ പാക്കിസ്ഥാൻ മുട്ടുകുത്തിയെങ്കിൽ ഇന്ത്യ എന്തിനാണ് സൈനികനടപടി നിർത്തിയത്. 26 ഇന്ത്യക്കാരുടെ ജീവൻ നഷ്ടമാക്കിയ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒഴിയാനാകില്ലെന്നും കോണ്ഗ്രസ് നേതാവ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ പറഞ്ഞു.
ഏപ്രിൽ 22നും ജൂണ് 17നും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ഫോണ് സംഭാഷണംപോലും ഉണ്ടായിട്ടില്ല. ഏതെങ്കിലും അവസരത്തിൽ അമേരിക്കയുമായുള്ള സംഭാഷണത്തിൽ വ്യാപാരവും സൈനികനടപടിയും തമ്മിൽ ബന്ധപ്പെടുത്തിയിട്ടുമില്ലെന്ന് വിദേശകാര്യമന്ത്രി തറപ്പിച്ചു പറഞ്ഞു.
രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇന്നു ചർച്ചയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ഇന്നു വൈകുന്നേരമോ, നാളെയോ ഉണ്ടായേക്കും. ഇതേ വിഷയത്തിൽ രാജ്യസഭയിൽ ഇന്നു ചർച്ചയാരംഭിക്കും.