രാജസ്ഥാനിൽ സ്കൂൾ ഗേറ്റിന്റെ തൂണിടിഞ്ഞുവീണ് ആറു വയസുകാരൻ മരിച്ചു; അധ്യാപകനു പരിക്ക്
Tuesday, July 29, 2025 12:11 AM IST
ജയ്പുർ: ജയ്സാൽമേറിൽ സർക്കാർ സ്കൂളിന്റെ പ്രധാന ഗേറ്റിലെ തൂണ് തകർന്നുവീണ് ആറുവയസുകാരൻ മരിച്ചു. അധ്യാപകനു പരിക്കേറ്റു.
സ്കൂൾവിട്ട് കുട്ടികൾ പുറത്തേക്കു പോകുന്പോഴായിരുന്നു അപകടം. അർബാസ് ഖാനാണ് സംഭവസ്ഥലത്തുവച്ചു മരിച്ചത്. പരിക്കേറ്റ അധ്യാപകൻ അശോക് കുമാർ സോനി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി സ്കൂളിനു മുന്നിൽ കുട്ടിയുടെ മൃതദേഹവുമായെത്തി പ്രതിഷേധിച്ചു.
രാജസ്ഥാനിലെ ഝലവാർ ജില്ലയിൽ പിപ്ലോഡി സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ഏഴു കുട്ടികൾ മരിച്ചത് ജൂലൈ 25നായിരുന്നു. 28 കുട്ടികൾക്ക് പരിക്കേറ്റിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടകാരണമെന്നായിരുന്നു റിപ്പോർട്ട്.
ദുരന്തനിവാരണ ഫണ്ടിൽനിന്ന് 150 കോടി രൂപ ചെലവിട്ട് 7,500 സർക്കാർ സ്കൂളുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ ഇന്നലെ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.