നിതീഷിനെതിരേ ചിരാഗ്
Sunday, July 27, 2025 1:34 AM IST
ബിഹാര്‍: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയില്‍ വിള്ളലുകള്‍ പുറത്തേക്ക്. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രൂക്ഷ വിമര്‍ശനവുമായി സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി (റാം-വിലാസ്) നേതാവ് ചിരാഗ് പാസ്വാന് രംഗത്തെത്തി.
കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിവില്ലാത്ത ഒരു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ തനിക്കു ദുഃഖമുണ്ടെന്ന് കേന്ദ്രമന്ത്രികൂടിയായ പാസ്വാന് പറഞ്ഞു.
""കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. പ്രതികളെ പിടികൂടിയിരിക്കാം, പക്ഷേ ഭരണകൂടത്തിന് അത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നില്ല എന്നതാണു വസ്തുത.
പോലീസ് കുറ്റവാളികള്‍ക്കു മുന്നില്‍ കീഴടങ്ങിയതായി തോന്നുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയാത്ത ഒരു സര്‍ക്കാരിനെ പിന്തുണയ്ക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. ഇത്തരം സംഭവങ്ങളുടെ ഇരകള്‍ക്ക് നേരിടേണ്ടിവരുന്ന ആഘാതത്തെക്കുറിച്ച് നമ്മള് ചിന്തിക്കണം. സ്ഥിതി ശരിക്കും ഭയാനകമായി മാറിയിരിക്കുന്നു'' - ചിരാഗ് പാസ്വാന് പറഞ്ഞു.