മലബാറിലെ ട്രെയിൻ യാത്രാക്ലേശം; റെയിൽവേ മന്ത്രിയെ കണ്ട് എം.കെ. രാഘവൻ
Saturday, July 26, 2025 1:01 AM IST
ന്യൂഡൽഹി: മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.
റെയിൽവേ സംബന്ധമായ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു എം.കെ. രാഘവൻ എംപി നടത്തിയ കൂടിക്കാഴ്ചയിലാണു റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ 12 മെമു സർവീസുകളിൽ ഒന്നു മാത്രമാണ് പാലക്കാട് ഡിവിഷനു കീഴിൽ മലബാറിൽ സർവീസ് നടത്തുന്നത്. ഇതു തികഞ്ഞ വിവേചനമാണെന്ന് എംപി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
സർവീസുകളുടെ അപര്യാപ്തത നിമിത്തം വൈകുന്നേരങ്ങളിൽ കോഴിക്കോട്ടുനിന്ന് മംഗളൂരു ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.