രാജസ്ഥാനിൽ സ്കൂൾ തകർന്ന് ഏഴു കുട്ടികൾ മരിച്ചു
Saturday, July 26, 2025 2:44 AM IST
ഝലവാർ: രാജസ്ഥാനിൽ സർക്കാർ സ്കൂളിന്റെ ഒരു ഭാഗം തകർന്നുവീണ് ഏഴു കുട്ടികൾ മരിച്ചു. 28 പേർക്കു പരിക്കേറ്റു.
ഝലവാർ ജില്ലയിലെ പിപ്ലോദി ഗവ. സ്കൂൾ കെട്ടിടമാണു തകർന്നുവീണത്. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന 35 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാകർത്താക്കളും അധ്യാപകരും ചേർന്നാണു കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കുട്ടികളെ പുറത്തെടുത്തത്.
ഇന്നലെ രാവിലെ 7.45നായിരുന്നു അപകടം. പ്രഭാതപ്രാർഥനയ്ക്കായി കുട്ടികൾ ഒരുമിച്ചുകൂടിയപ്പോഴായിരുന്നു ദുരന്തമുണ്ടായത്. മരിച്ച അഞ്ചു കുട്ടികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ ഒന്പതു കുട്ടികളുടെ നില ഗുരുതരമാണ്. തകർന്ന കെട്ടിടത്തിന് നാൽപ്പതു വർഷത്തോളം പഴക്കമുണ്ട്.
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.