പ്രവാസികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഡൽഹിയിൽ യുഡിഎഫ് എംപിമാരുടെ സമരം
സ്വന്തം ലേഖകൻ
Friday, July 25, 2025 4:48 AM IST
ന്യൂഡൽഹി: പ്രവാസികളുടെ സംരക്ഷണവും ഖത്തർ ജയിലിലെ ഇന്ത്യൻ തടവുകാരുടെ മോചനവും ആവശ്യപ്പെട്ട് ഡൽഹിയിൽ യുഡിഎഫ് എംപിമാരുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു. ജന്തർ മന്ദറിൽ ഇന്ത്യൻ പ്രവാസി മൂവ്മെന്റാണ് ഖത്തർ ജയിലിലെ ഇന്ത്യൻ തടവുകാരുടെ ബന്ധുക്കളോടൊപ്പം പ്രതിഷേധം സംഘടിപ്പിച്ചത്.
വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരുടെ മോചനത്തിനും പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും കേരളത്തിലെ എംപിമാർ ഒരു ടീമായി പ്രവർത്തിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ ഇന്ത്യൻ എംബസികളുടെ പ്രവർത്തനം പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും കേന്ദ്രസർക്കാർ വിഷയത്തിന് പ്രാധാന്യം നൽകണമെന്നും ഇ.ടി. കൂട്ടിച്ചേർത്തു.
ഖത്തറിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ കൈമാറുന്ന വ്യവസ്ഥയടക്കമുള്ള 2015ലെ ഇന്ത്യ-ഖത്തർ കരാർ നടപ്പിലാക്കണമെന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും സമരത്തിൽ പങ്കെടുത്ത വിവിധ എംപിമാർ ആവശ്യപ്പെട്ടു.
കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറന്പിൽ, എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി എന്നീ എംപിമാരും ഖത്തറിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസും കോണ്ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദും സമരത്തിൽ പ്രസംഗിച്ചു.