കേന്ദ്രതന്ത്രം പാളി; ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ അനുമതി
Saturday, July 26, 2025 3:02 AM IST
സനു സിറിയക്
ന്യൂഡൽഹി: കേരള ഗവർണർക്കെതിരേ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പിൻവലിക്കാൻ കേന്ദ്രത്തിന്റെ എതിർപ്പ് അവഗണിച്ച് സുപ്രീംകോടതിയുടെ അനുമതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ 2023ൽ സമർപ്പിച്ച ഹർജി പിൻവലിക്കാനുള്ള അനുമതിയാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് കേരളത്തിനു നൽകിയത്. ഉപാധികളില്ലാതെ ഹർജികൾ പിൻവലിക്കുന്നതായി സംസ്ഥാനം കോടതിയെ അറിയിച്ചു.
ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് വിശാല ബെഞ്ചിനു വിടാനുള്ള കേന്ദ്ര തന്ത്രത്തിനേറ്റ തിരിച്ചടിയാണു കോടതിയുടെ ഇന്നലത്തെ നിലപാട്.
ഇന്നലെ വാദം കേട്ടപ്പോൾ ബില്ലുകളിൽ നടപടിയെടുക്കേണ്ട സമയപരിധി സംബന്ധിച്ചു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള രാഷ്ട്രപതിയുടെ പരാമർശത്തിനൊപ്പം കേരളത്തിന്റെ ഹർജി ഉൾപ്പെടുത്താമെന്ന നിർദേശം കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുന്നോട്ടു വച്ചു. എന്നാൽ, ഹർജി പിൻവലിക്കൽ രാഷ്ട്രപതി പരാമർശത്തിനൊപ്പം എങ്ങനെ പരിഗണിക്കുമെന്നു ചോദിച്ച് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ഈ നിർദേശത്തെ എതിർത്തു.
തമിഴ്നാട് കേസിലെ വിധിന്യായത്തെയാണു കേരളം ആശ്രയിക്കുന്നതെന്നും ഇതിന്റെ അന്തിമ ഉത്തരവ് രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട് ഭരണഘടനാ ബെഞ്ചിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയിൽ പറഞ്ഞു.
എന്നാൽ, തങ്ങൾ ഒന്നിനെയും ആശ്രയിക്കുന്നില്ലെന്നു സംസ്ഥാനം കോടതിയിൽ മറുപടി നൽകി. തുടർന്ന് ഹർജികൾ പിൻവലിക്കുന്നതിന് ബെഞ്ച് അനുമതി നൽകുകയായിരുന്നു.
തമിഴ്നാട് ഗവർണർ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനു പിന്നാലെ രണ്ടും സമാനസ്വഭാവമുള്ള ഹർജികളായതിനാൽ ആ കേസിലെ ഉത്തരവ് തങ്ങൾക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജികൾ പിൻവലിക്കാൻ കേരളം കോടതിയിൽ സന്നദ്ധത അറിയിച്ചത്.