കർണാ(നാ)ടകം തുടരും; സിദ്ധരാമയ്യയും ഡികെയും ഡൽഹിയിൽ
Saturday, July 26, 2025 1:01 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദം ഏറ്റവും കൂടുതൽ കാലം വഹിച്ചയാളെന്ന റിക്കാർഡ് സിദ്ധരാമയ്യ സ്വന്തമാക്കുമോ? കർണാടക രാഷ്ട്രീയത്തിൽ വീണ്ടും അധികാരമാറ്റം ചർച്ചയാകുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം സിദ്ധരാമയ്യ വീണ്ടും ഡൽഹിയിൽ.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ഇരുവരും ഡൽഹിയിലെത്തുന്നത്. 2,700 ദിവസത്തിലധികം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ദേവരാജ് അരസിന്റെ റിക്കാർഡ് വെറ്ററൻ നേതാവ് മറികടക്കുമോ അതോ ഡികെയ്ക്ക് വഴിമാറുമോയെന്നാണു കർണാടക രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഹൈക്കമാൻഡിന്റെ ഹൈവോൾട്ടേജ് നിർദേശത്തെത്തുടർന്ന് അധികാരക്കൈമാറ്റം സംബന്ധിച്ച് ഇരുക്യാമ്പും നിശബ്ദമാണെങ്കിലും ‘അന്തർധാരകൾ’ സജീവമാണെന്നാണ് അടക്കംപറച്ചിലുകൾ.
ജൂണിനു ശേഷം ഇത് മൂന്നാം തവണയാണു സിദ്ധരാമയ്യയും ഡികെയും ഡൽഹിയിൽ വിമാനമിറങ്ങുന്നത്. ഇരുവരും കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് വിവരം. ബിഹാർ തെരഞ്ഞെടുപ്പുവരെ സിദ്ധരാമയ്യയുടെ കസേര സുരക്ഷിതമാണെന്നാണ് കരുതുന്നത്.
നിലവിൽ രാജ്യത്ത് കോൺഗ്രസിന്റെ ഏക ഒബിസി മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. അദ്ദേഹത്തെ മാറ്റാനുള്ള നീക്കം ഒബിസി വോട്ടുകൾ നിർണായകമായ ബിഹാറിലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സിദ്ധരാമയ്യക്കു ഒബിസി, ദളിത് വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടെന്ന് കോൺഗ്രസിനറിയാം.
അതിനാലാണ് എഐസിസി ഒബിസി ഉപദേശക സമിതിയിൽ അദ്ദേഹത്തെ അംഗമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചു വർഷം തുടരണമെന്ന സിദ്ധരാമയ്യയുടെ ആവശ്യത്തോടു തന്ത്രപരമായ മൗനമാണ് ഹൈക്കമാൻഡ് പാലിച്ചിരിക്കുന്നത്.
ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഹൈക്കമാൻഡാണെന്നും അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും അടുത്തിടെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ശക്തമായ താക്കീത് രണ്ടു വിഭാഗങ്ങൾക്കും നൽകിയിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം സിദ്ധരാമയ്യയും ഡികെയും മുഖ്യമന്ത്രി സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് നടത്തിയത്. എന്നാൽ പിന്നീട് ഇരുവരും റൊട്ടേഷൻ മുഖ്യമന്ത്രി ഫോർമുലയിൽ സമവായത്തിലെത്തിയെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. അതനുസരിച്ച് രണ്ടര വർഷത്തിനുശേഷം ശിവകുമാർ മുഖ്യമന്ത്രിയാകേണ്ടതാണ്.
പക്ഷേ പാർട്ടി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശിവകുമാറിന് വഴി മാറിക്കൊടുക്കേണ്ടിവന്നാൽ സിദ്ധരാമയ്യയ്ക്ക് റിക്കാർഡ് കൈയെത്തും ദൂരത്ത് നഷ്ടമാകും. രണ്ടുതവണ മുഖ്യമന്ത്രിയായ ഡി. ദേവരാജ് അരസ് 2,792 ദിവസമാണ് ഈ സ്ഥാനത്തിരുന്നത്.
2026 ജനുവരി ആറുവരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ സിദ്ധരാമയ്യയ്ക്കു സാധിച്ചാൽ റിക്കാർഡ് മറികടക്കാം. എന്നാൽ, വിഷയത്തിൽ കോൺഗ്രസിന് നാണക്കേടുണ്ടാക്കാതെ കാര്യങ്ങൾ നടത്തിയെടുക്കണമെന്നാണ് ശിവകുമാർ ആഗ്രഹിക്കുന്നത്. ഗാന്ധികുടുംബത്തോടുള്ള തന്റെ അടുപ്പം കാര്യങ്ങൾ തന്റെ വഴിക്കുകൊണ്ടുവരുമെന്ന് ഡികെ വിശ്വസിക്കുന്നു.