നീറ്റ് പിജി: പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചതിലെ അപാകത പരിഹരിക്കുമെന്ന് കേന്ദ്രം
Saturday, July 26, 2025 1:01 AM IST
ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ് പിജി പരീക്ഷയ്ക്കു സെന്ററുകൾ അനുവദിച്ചതിലെ അപാകതകൾ പരിശോധിച്ചു പരിഹരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ.
പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചതിൽ അപാകതകൾ ചൂണ്ടിക്കാട്ടി എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ തുടങ്ങിയവർ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽനിന്നു പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ആന്ധ്രപ്രദേശ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ സെന്ററുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ ചില വിദ്യാർഥികൾക്കു ലഭിച്ച സ്ലിപ്പിൽ പരീക്ഷാകേന്ദ്രത്തിന്റെ പേരിനു പകരം ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ പേര് മാത്രമേ പരാമർശിച്ചിട്ടുള്ളെന്നും എംപിമാർ മന്ത്രിയെ അറിയിച്ചു.
പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്നും അപാകതകൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത മാസം മൂന്നിനാണു നീറ്റ് പിജി പരീക്ഷ.