തേജസ്വിയെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് റാബ്റി ദേവി
Saturday, July 26, 2025 1:01 AM IST
പാറ്റ്ന: ബിഹാർ ഭരിക്കുന്ന ജെഡി (യു) - ബിജെപി സഖ്യം തന്റെ മകൻ തേജസ്വി യാദവിനെ വധിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി റാബ്റി ദേവി ആരോപിച്ചു.ഇതിനു മുൻപ് നാലു തവണ ഇത്തരം വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ വാർത്താ ഏജൻസി പിറ്റിഐയോട് പറഞ്ഞു.
“ഒരിക്കൽ ഒരു ട്രക്ക് എന്റെ മകന്റെ വാഹനത്തെ ഇടിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ചു. ഭരണത്തിലിരിക്കുന്നവരെ തെരഞ്ഞെടുപ്പുകളിൽ വെല്ലുവിളിക്കാൻ തേജസ്വി ഉണ്ടാകാതിരിക്കാനാണു നീക്കം”, അവർ പറഞ്ഞു.
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ പ്രതിഷേധിച്ചു നിയമസഭയിൽ കറുപ്പ് വസ്ത്രങ്ങൾ ധരിച്ചെത്തിയ നടപടിയെ എതിർത്ത മുഖ്യമന്ത്രി നിതീഷ്കുമാറിനെയും റാബ്റി ദേവി വിമർശിച്ചു. കാള ചുവപ്പു കണ്ടതുപോലെ വിറളി പിടിക്കുകയാണ് അദ്ദേഹമെന്നും അവർ പറഞ്ഞു.