നിയമനം നടത്താതെ പിന്നാക്കവിഭാഗങ്ങളെ അവഗണിക്കുന്നു: രാഹുൽ
Saturday, July 26, 2025 1:01 AM IST
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിൽ പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകൾ നികത്താൻ മോദിസർക്കാർ തയാറാകുന്നില്ലെന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണു കേന്ദ്രസർക്കാരിന്റെ ഈ നടപടിയെന്നും രാഹുൽ ആരോപിച്ചു. അനുയോജ്യരല്ലെന്നു ചൂണ്ടിക്കാട്ടി പിന്നാക്ക വിഭാഗത്തിൽപ്പെട്ട നിരവധി അപേക്ഷകൾ ബിജെപി സർക്കാർ നിരസിച്ചതായും സമൂഹമാധ്യമമായ എക്സിലൂടെ രാഹുൽ ആരോപിച്ചു.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവരെ സർക്കാർ മനഃപൂർവം അക്കാദമിക് മേഖലയ്ക്കു പുറത്ത് നിർത്തിയിരിക്കുകയാണ്. പ്രഫസർ തസ്തികയിൽ എസ്ടി വിഭാഗത്തിൽ 83 ശതമാനവും ഒബിസിയിൽ 80 ശതമാനവും എസ്സി വിഭാഗത്തിൽ 64 ശതമാനവും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
അസോസിയേറ്റ് പ്രഫസർമാരുടെ ഒഴിവുകൾ സംബന്ധിച്ചിടത്തോളം എസ്ടി വിഭാഗത്തിൽ ഇത് 65 ഉം ഒബിസിയിൽ 69 ഉം എസ്സി വിഭാഗത്തിൽ 51 ഉം ശതമാനമാണ്. വിദ്യാഭ്യാസം, ഗവേഷണം, നയരൂപീകരണ പ്രക്രിയ എന്നിവയിൽനിന്നു പാർശ്വവത്കരിക്കപ്പെട്ടവരെ മാറ്റിനിർത്താൻ നന്നായി ആലോചിച്ച ഗൂഢാലോചനയാണിതെന്നും രാഹുൽ ആരോപിച്ചു.