നവീന്‍ ബാബുവിന്റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും
Thursday, July 24, 2025 2:09 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തിലെ ആത്മഹത്യാ പ്രേരണാ കേസ് പരിഗണിക്കുന്നത് കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി.
നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. പോലീസ് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച അഡീഷണല്‍ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കാന്‍ സമയം വേണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്.
കേസിലെ ഏക പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ പി.പി. ദിവ്യ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ നേരത്തേ സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങളും തെളിവുകള്‍ സംബന്ധിച്ച അധിക വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ കുറ്റപത്രം.
മഞ്ജുഷയുടെ അഭ്യര്‍ഥന പ്രകാരം ഈ പുതിയ രേഖകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിനുശേഷം പൂര്‍ത്തിയാക്കും.