പ്രധാനമന്ത്രിയുടെ ബിരുദം: വിശദാംശങ്ങൾ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) ഏഴുവർഷം മുന്പുള്ള ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.
സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ തേടി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജിയിലായിരുന്നു സിഐസിയുടെ അനുകൂല വിധി. ഇതിനെതിരേ ഗുജറാത്ത് വാഴ്സിറ്റിയാണ് കോടതിയെ സമീപിച്ചത്.
ഹർജിക്കാരനായ കേജരിവാളിന് 25,000 രൂപ പിഴ വിധിച്ച ജസ്റ്റീസ് ബിരേൻ വൈഷ്ണവ് വിശദാംശങ്ങൾ കൈമാറേണ്ടെന്നും നിർദേശിച്ചു.
കൊതുകു തിരിയിൽനിന്നു തീപടർന്ന് ആറു പേർ ശ്വാസംമുട്ടി മരിച്ചു
ന്യൂഡൽഹി: കൊതുകുതിരിയിൽനിന്നു പടർന്ന തീ വീടിനുള്ളിലേക്കു വ്യാപിച്ച് ഒരു കുടുംബത്തിലെ ആറുപേർ ശ്വാസം മുട്ടി മരിച്ചു. രണ്ടുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസം പുലർച്ചെ ഡൽഹിയിലെ ശാസ്ത്രിനഗർ മേഖലയിലെ മസർവാലയിലായിരുന്നു സംഭവം.
മരിച്ചവരിൽ നാലു പുരുഷന്മാരും ഒരു സ്ത്രീയും ആറുമാസം പ്രായമായ കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ പതിനഞ്ചു വയസുള്ള ഒരു പെണ്കുട്ടിയും മറ്റേയാൾ പുരുഷനുമാണ്.
രാത്രിയിൽ കത്തിച്ചുവച്ചിരുന്ന കൊതുകുതിരി കിടക്കയിലേക്കു വീണ് വീടിനു തീപിടിക്കുകയായിരുന്നെന്നാണ് വിവരം.
വരുണയിൽ യെദിയൂരപ്പയുടെ മകൻ മത്സരിക്കില്ല
ബംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ വരുണ മണ്ഡലത്തിൽ തന്റെ മകൻ ബി.വൈ. വിജയേന്ദ്ര മത്സരിക്കില്ലെന്നു ബി.എസ്. യെദിയൂരപ്പ. ശിക്കാരിപുരയിലാകും വിജയേന്ദ്ര മത്സരിക്കുകയെന്ന് യെദിയൂരപ്പ പറഞ്ഞു.
വിജയേന്ദ്രയെ വരുണയിൽ മത്സരിപ്പിക്കണമെന്ന സമ്മർദം നിലനിൽക്കുന്നുണ്ട്. എന്നാൽ, വരുണയിൽ മകൻ മത്സരിക്കുന്ന പ്രശ്നമില്ല. എന്റെ മണ്ഡലമായ ശിക്കാരിപുരയിലാകും വിജയേന്ദ്ര മത്സരിക്കുക-യെദിയൂരപ്പ പറഞ്ഞു. ശിക്കാരിപുരയിലെ സിറ്റിംഗ് എംഎൽഎയായ യെദിയൂരപ്പ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
ബൊമ്മെയുടെ വാഹനത്തിൽ ഇലക്ഷൻ കമ്മീഷന്റെ പരിശോധന
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ കാർ തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ബൊമ്മെ ക്ഷേത്രദർശനത്തിനു പോയത്.
ഹൊസഹുഡിയ ചെക്പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധന നടത്തിയത്. അസ്വാഭാവികമായി ഒന്നും വാഹനത്തിൽ കണ്ടെത്തിയില്ലെന്നും തുടർന്നു യാത്രയ്ക്ക് മുഖ്യമന്ത്രിക്ക് അനുമതി നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
സൈബർ സുരക്ഷയെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കുന്നു
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: രാജ്യത്തിന്റെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് ചുമതലയുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ കംപ്യൂട്ടർ എമർജൻസി റസ്പോണ്സ് ടീമിനെ (സിഇആർടി) വിവരാവകാശ നിയമ പരിധിയിൽനിന്നു ഒഴിവാക്കാൻ നീക്കം.
സിബിഐ, ബിഎസ്എഫ് തുടങ്ങി വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ സിഇആർടിയെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന് അപേക്ഷ നൽകിയിരിക്കുകയാണ്. കേന്ദ്ര നിയമമന്ത്രാലയവും അനുബന്ധ വകുപ്പുകളും അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
വിവരാവകാശ നിയമത്തിന്റെ രണ്ടാമത് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ വിവരാവകാശ നിയമമനുസരിച്ച് ഫയൽ ചെയ്യുന്ന ചോദ്യങ്ങൾക്ക് സിഇആർടി മറുപടി നൽകേണ്ടതില്ല. രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ആഗോള ശരാശരിയിലും ഇരട്ടി സൈബർ ആക്രമണങ്ങൾ നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.
സൈബർ ആക്രമണങ്ങൾ, വിവരങ്ങൾ ചോർത്തൽ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിനും പരിഹാരം നിർദേശിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്രസർക്കാർ സ്ഥാപനമാണ് സിഇആർടി. സൈബർ ഹാക്കർമാരുടെ ഇടപെടലിനെ തുടർന്ന് എയിംസ് സർവറുകൾ തകരാറിലായത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടത്തി വിവരങ്ങൾ വീണ്ടെടുത്തത് സിഇആർടിയുടെ വിദഗ്ധ സംഘമാണ്. സൈബർ സുരക്ഷാരംഗത്ത് നിർണായക ഇടപെടലുകൾ നടത്തുന്ന സ്ഥാപനമായതിനാൽ സിഇആർടിയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് ഇലക്ട്രോണിക്-ഐടി മന്ത്രാലയത്തിന്റെ നിർദേശം.
ഓണ്ലൈൻ തട്ടിപ്പുകൾ, സൈബർ ആക്രമണങ്ങൾ, വിവരങ്ങൾ ചോർത്തൽ എന്നിവ തടയുന്നതിന് വിപിഎൻ സേവനദാതാക്കളും ക്രിപ്റ്റോ കറൻസി സ്ഥാപനങ്ങളും ഉപയോക്താക്കളുടെ വിവരങ്ങൾ കുറഞ്ഞത് അഞ്ചു വർഷത്തേക്ക് ശേഖരിച്ചു സൂക്ഷിക്കണമെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സിഇആർടി ആവശ്യപ്പെട്ടിരുന്നു.
വിവരങ്ങൾ ശേഖരിക്കാതെയും പങ്കുവയ്ക്കാതെയും ചെയ്യുന്നത് ഒരു വർഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം സിഇആർടിയുടെ നിർദേശം ഇന്റർനെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയും ഡിജിറ്റൽ അവകാശങ്ങളും ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ വിപിഎൻ ദാതാക്കളായ എസ്എൻടി ഹോസ്റ്റിംഗ്സ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
വിപിഎൻ സേവനദാതാക്കൾക്കു പുറമേ ക്ലൗഡ് സേവന ദാതാക്കളും ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു സിഇആർടിയുമായി പങ്കുവയ്ക്കണമെന്നു നിർദേശമുണ്ട്. ഉപയോക്താക്കളുടെ പേര്, ഐപി അഡ്രസ്, വിലാസം, ഇ-മെയിൽ, ഫോണ് നന്പറുകൾ തുടങ്ങിയ വിവരങ്ങളാണു സേവനദാതാക്കൾ ശേഖരിക്കേണ്ടത്.
ഒൗറംഗാബാദ് സംഘർഷം: ഒരാൾ മരിച്ചു
ഒൗറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായി.
സംഘർഷത്തിനിടെ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽവച്ച് മരിച്ചതായി പോലീസ് പറഞ്ഞു. ഛത്രപതി സംഭാജിനഗർ എന്ന് അടുത്തിടെ പുനർനാമരണം ചെയ്ത നഗരത്തിൽ കൂടുതൽ സുരക്ഷയ്ക്കായി റിസർവ് പോലീസിനെ വിന്യസിച്ചു.
കിർദാപുര മേഖലയിലെ രാമക്ഷേത്രത്തിനു സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതാണ് സംഘർഷത്തിനു കാരണം. തുടർന്ന് അഞ്ഞൂറോളം വരുന്ന ജനക്കൂ്ടം പെട്രോൾബോംബുകളും കല്ലുകളുമായി തെരുവിൽ അഴിഞ്ഞാടുകയായിരുന്നു. ഇവരെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ പത്ത് പോലീസുകാർക്ക് പരിക്കേറ്റു. കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചാണ് അക്രമികളെ പോലീസ് പിരിച്ചുവിട്ടത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം പരിശോധിക്കാൻ സമിതി വേണമെന്നു ശിപാർശ
ന്യൂഡൽഹി: ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്വത്തുവിവരം ഫയൽ ചെയ്യുന്നതു പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നു പാർലമെന്ററി സമിതി.
ഐഎഎസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും സ്വത്ത് റിട്ടേണുകൾ ഫയൽ ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇതു പരിശോധിക്കാൻ പ്രത്യേക പാനൽ രൂപീകരിക്കാൻ പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന് പാർലമെന്ററി സമിതി നിർദേശം നൽകിയത്.
കഴിഞ്ഞ പത്തു വർഷത്തിൽ (2011-2022) 1,393 ഐഎഎസ് ഉദ്യോഗസ്ഥർ ആസ്തിവിവരങ്ങൾ ഫയൽ ചെയ്തിട്ടില്ലെന്നു പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, ലോ, ജസ്റ്റിസ് എന്നിവ സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് പറയുന്നു.
പൊതുഭരണത്തിലെ അഴിമതിയുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് സിവിൽ സർവീസ് ഉദ്യോഗസ്ഥർ വാർഷിക സ്ഥാവര സ്വത്തു റിട്ടേണ് സമർപ്പിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കണമെന്നാണു പാർലമെന്ററി സമിതിയുടെ ശിപാർശ.
പഞ്ചാബിൽ അക്രമികൾ സിക്ക് പുരോഹിതന്റെ കാൽ അറത്തുമാറ്റി
അമൃത്സർ: പഞ്ചാബിലെ തരൺതരൺ ജില്ലയിൽ സിക്ക് പുരോഹിതന്റെ കാൽ അക്രമികൾ അറത്തുമാറ്റി. ബാനിയ ഗ്രാമത്തിലുള്ള ഗുരുദ്വാരയിലെ പുരോഹിതനായ സുഖ്ചയ്ൻ സിംഗ് (32) ആണ് വ്യാഴാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്. തുടർന്ന് അക്രമികൾ ഓടി രക്ഷപെട്ടുവെന്നു പോലീസ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സിംഗിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
സിംഗ് അപകടനില തരണം ചെയ്തിട്ടില്ല. കൈകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
വ്യാജ ഏറ്റുമുട്ടൽ കൊലപാതകം
ബറേലി: വ്യാജ ഏറ്റുമുട്ടലിൽ 21 കാരൻ കൊല്ലപ്പെട്ടുവെന്ന കേസിൽ 30 വർഷത്തിനുശേഷം മുൻ പോലീസ് ഓഫീസർക്കു ജീവപര്യന്തം ശിക്ഷ.
ഉത്തർപ്രദേശിലെ ബറേലിയിൽ ബഡാബസാറിൽവച്ച് ബിരുദവിദ്യാർഥിയായ ലാലി എന്ന മുകേഷ് ജോഹ്രി കൊല്ലപ്പെട്ട കേസിലാണ് മുൻ സബ് ഇൻസ്പെക്ടർ യുധിഷ്ടർ സിംഗിനെ ശിക്ഷിച്ചത്. പ്രതി 30,000 രൂപ പിഴയൊടുക്കണമെന്നും അഡീഷണൽ സെഷൻസ് ജഡ്ജി പശുപതിനാഥ് മിശ്ര നിർദേശിച്ചു.
ഇൻഡോറിലെ ക്ഷേത്രകിണർ ദുരന്തം: മരണം 36 ആയി
ഇൻഡോർ: മധ്യപ്രദേശിൽ ക്ഷേത്രക്കിണറിന്റെ മേൽത്തട്ട് തകർന്ന് മരിച്ചവരുടെ എണ്ണം 36 ആയി. പട്ടേൽ നഗറിലുള്ള ബലേശ്വർ മഹാദേവ് ഝുലേലാൽ ക്ഷേത്രത്തിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾകൂട്ടംകൂടിയപ്പോൾ റിസർവോയറിനുമുകളിൽ സ്ഥാപിച്ച സ്ലാബുകൾ തകർന്നുവീഴുകയായിരുന്നു.
ഇന്നലെ കിണറ്റിൽനിന്ന് ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തതോടയാണ് മരണസംഖ്യ 36 ആയി ഉയർന്നത്. 16 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മജിസ്ട്രേറ്റ്തല അന്വേഷണത്തിനും ഉത്തരവിട്ടു. ഇന്നലെ ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ഒരു വിഭാഗം ആളുകൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
ഡൽഹിയിൽ മാർ പവ്വത്തിൽ അനുസ്മരണം ഇന്ന്
ന്യൂഡൽഹി: ഡൽഹി സീറോമലബാർ അല്മായ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് ഗോൾഡാഘാന സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്തിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് തുടക്കം.
തുടർന്ന് വൈകുന്നേരം അഞ്ചിന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും. അല്മായ കൂട്ടായ്മ പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിക്കും. ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ മുഖ്യപ്രഭാഷണം നടത്തും.
സീറോ മലങ്കര ഗുഡ്ഗാവ് രൂപത ബിഷപ് തോമസ് മാർ അന്തോണിയോസ്, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
യുപിയിൽ ഗ്യാസ്സിലിണ്ടർ പൊട്ടിത്തെറിച്ച് നാലു മരണം
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കോട്വാലി നഗർ മേഖലയിലെ നയാഗോണിലാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധനയിലാണ് നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫൊറൻസിക് പരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.
അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് വില കുറയും
സെബി മാത്യു
ന്യൂഡൽഹി: അപൂർവ രോഗങ്ങൾക്കും കാൻസറിനുമുള്ള മരുന്നുകളുടെ വില കുറയും. ഇത്തരം മരുന്നുകളുടെയും പ്രത്യേക ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കേന്ദ്ര ധനമന്ത്രാലയം പൂർണമായും ഒഴിവാക്കി വിജ്ഞാപനമിറക്കി. ഇതോടൊപ്പം എക്സ്റേ യന്ത്രഭാഗങ്ങളുടെയും ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവയും കുറച്ചിട്ടുണ്ട്.
2021 ലെ ദേശീയനയത്തിൽ ഉൾപ്പെടുത്തിയാണ് കസ്റ്റംസ് തീരുവ കുറച്ചിരിക്കുന്നത്. വിജ്ഞാപനം ഇന്നലെ പ്രാബല്യത്തിൽവന്നു. ഈ വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ വില കുറയ്ക്കണമെന്ന ആവശ്യം ഏറെനാളായി ഉയർന്നിരുന്നു. അഞ്ചു മുതൽ പത്തു ശതമാനം വരെയായിരുന്നു അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും കസ്റ്റംസ് തീരുവ.
ഇനിമുതൽ ഇത്തരം മരുന്നുകൾ ഇറക്കുമതി ചെയ്യുന്പോൾ കേന്ദ്രത്തിലെയോ സംസ്ഥാനങ്ങളിലെയോ ഹെൽത്ത് സർവീസ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരിൽ ആരുടെയെങ്കിലും സർട്ടിഫിക്കറ്റ് നൽകിയാൽ കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കും. ഇതിനായുള്ള പട്ടികയിൽ 51 മരുന്നുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസർക്കാർ അംഗീകരിച്ച അപൂർവ രോഗങ്ങളുടെ പട്ടികയിലുള്ള മരുന്നുകൾക്കാകും തീരുവ ഇളവ് ലഭിക്കുക. സ്പൈനൽ മസ്കുലർ അട്രോഫി ഉൾപ്പെടെയുള്ള ഏതാനും മരുന്നുകൾക്ക് നേരത്തേ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. കാൻസർ ചികിത്സയ്ക്കുള്ള പെംബ്രോലിസുമാബിന്റെ തീരുവയിലും ഇളവുണ്ട്.
അവശ്യമരുന്നുകൾക്കു കൂടുന്നത് 12 ശതമാനം വരെ
അവശ്യമരുന്നുകളുടെ വിലയിൽ കഴിഞ്ഞദിവസം വൻ വർധനവ് വരുത്തിയിരുന്നു. നാളെമുതൽ 12.12 ശതമാനം വരെ വർധനയ്ക്കാണു കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. 384 മരുന്നുകളുടെയും ആയിരത്തോളം മെഡിസിൻ ഫോർമുലേഷനുകളുടെയും വില വർധിക്കും. വാർഷിക മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണു വിലവർധന.
വേദനസംഹാരികൾ, ഹൃദ്രോഗ ചികിത്സാ മരുന്നുകൾ, ആന്റി ബയോട്ടിക്കുകൾ എന്നിവയ്ക്കായിരിക്കും പ്രധാനമായും വില വർധിക്കുക. ഇവ വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. വില നിയന്ത്രണ പട്ടികയ്ക്കുപുറത്തുള്ള നോണ് ഷെഡ്യൂൾഡ് മരുന്നുകളുടെ വിലയിലും പത്തു ശതമാനം വർധനവുണ്ടാകും.
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തൈരിനെ ദഹി ആക്കാനുള്ള കേന്ദ്രതീരുമാനത്തിനു തിരിച്ചടി. കേർഡ്, തൈര് തുടങ്ങിയവ ഒഴിവാക്കി ഹിന്ദിപദമായ ദഹി എന്നാക്കണമെന്ന വിജ്ഞാപനം പിൻവലിച്ചതായി ഭക്ഷ്യസുരക്ഷാ അഥോറിറ്റി അറിയിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രതിഷേധിച്ചതോടെ ദഹി എല്ലായിടത്തും ദഹിക്കില്ലെന്നു മനസിലാക്കിയാണു വിവാദനിർദേശം പിൻവലിച്ചത്.
തൈരിന്റെ പായ്ക്കറ്റിൽ ഇംഗ്ലീഷ് വാക്കായ കേർഡ് ഒഴിവാക്കി ഹിന്ദിയിലെ ദഹി എന്നെഴുതാനും തൈര് ഉൾപ്പെടെയുള്ള പ്രാദേശിക വാക്ക് ബ്രാക്കറ്റിൽ എഴുതിയാൽ മതിയെന്നുമായിരുന്നു കഴിഞ്ഞ ജനുവരി 11ലെ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ (എഫ്എസ്എസ്എഐ) വിജ്ഞാപനം. തൈരിനുപുറമെ വെണ്ണ, ചീസ് ഉത്പന്നങ്ങൾക്കും ഇതു ബാധകമാക്കിയിരുന്നു.
തമിഴ്നാടിനു പുറമെ കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും പ്രതിഷേധിച്ചു കേന്ദ്ര ഉത്തരവ് പാലിക്കില്ലെന്ന് അറിയിച്ചതോടെയാണു വിവാദ വിജ്ഞാപനം പിൻവലിച്ച് ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയത്.തൈരിന്റെ പായ്ക്കറ്റുകളിലും ലേബലുകളിലും ഇംഗ്ലീഷിൽ കേർഡ് എന്നെഴുതാമെന്നും ഒപ്പം വിവിധ ഭാഷകളിലെ വാക്കുകളായ ദഹി, തൈര്, പെരുഗു, മൊസാറു, സാമുത്ത് ദൗദ് എന്നിവ കൂടി ഉപയോഗിക്കാമെന്നുമാണ് പത്രക്കുറിപ്പിലെ വിശദീകരണം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം പാലിനും പാൽ ഉത്പന്നങ്ങൾക്കും പൊതുവായ മാനദണ്ഡം എന്ന വ്യവസ്ഥയുടെ മറവിലാണു പുളിപ്പിച്ച പാൽ ഉത്പന്നങ്ങളുടെ പേരുകളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തിയത്.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്ത്യയിൽനിന്നു പുറത്താക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നയത്തിനെതിരാണ് കേന്ദ്രനിർദേശമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പ്രതികരിച്ചിരുന്നു.
ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ തീരുമാനം അംഗീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യില്ലെന്നു തമിഴ്നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിനും, കന്നഡയിൽ മൊസാറു എന്നേ തുടർന്നും എഴുതുകയുള്ളൂവെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു.
മോദിപരാമർശം: രാഹുൽ ഗാന്ധി പറ്റ്ന കോടതിയിൽ ഹാജരാകണം
ന്യൂഡൽഹി: മോദിപരാമർശത്തിൽ രാഹുൽഗാന്ധിയോട് ഏപ്രിൽ 12നു ഹാജരാകണമെന്നാവശ്യപ്പെട്ട് പറ്റ്ന കോടതിയുടെ നോട്ടീസ്.
സൂറത്ത് കോടതി ശിക്ഷ വിധിച്ച സമാനമായ ക്രിമിനൽ മാനനഷ്ടക്കേസിലാണു നടപടി. പറ്റ്നയിലെ കേസിൽ രാഹുൽ നിലവിൽ ജാമ്യത്തിലാണ്. 2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണു പറ്റ്നയിൽ പരാതി നൽകിയത്.
മോദിസമുദായത്തെ കള്ളന്മാരെന്നു വിളിച്ച് രാഹുൽ അപമാനിച്ചെന്നാണു പരാതി. കോടതിയിൽ ഹാജരാകാൻ രാഹുൽ സമയം നീട്ടി ചോദിക്കുമെന്നാണ് സൂചന.
വരുണയിൽ സിദ്ധരാമയ്യയെ നേരിടാൻ യെദിയൂരപ്പയുടെ മകൻ?
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസിലെ പ്രബലനുമായ സിദ്ധരാമയ്യയെ വരുണ മണ്ഡലത്തിൽ നേരിടാൻ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര വരുമെന്ന് അഭ്യൂഹം.
വരുണയിൽ വിജയേന്ദ്ര മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. പാർട്ടി നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തനിക്കെതിരേ ആരു മത്സരിക്കുന്നുവെന്നത് തന്നെ അലട്ടുന്ന വിഷയമല്ലെന്നു സിദ്ധരാമയ്യ പ്രതികരിച്ചു.
സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയാണ് നിലവിൽ വരുണയിലെ എംഎൽഎ.
ബംഗളൂരു: കർണാടകയിലെ ജെഡി-എസ് എംഎൽഎ എസ്.ആർ. ശ്രീനിവാസ് കോൺഗ്രസിൽ ചേർന്നു. ഈ മാസം കോൺഗ്രസിലെത്തുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് ശ്രീനിവാസ്. നേരത്തേ ബിജെപി എംഎൽസിമാരായ പുട്ടണ്ണ, ബാബുറാവു ചിഞ്ചൻസുർ എന്നിവർ കോൺഗ്രസ് പാളയത്തിലെത്തിയിരുന്നു.
നാലു തവണ നിയമസഭാംഗമായിട്ടുള്ള വാസു എന്നറിയപ്പെടുന്ന ശ്രീനിവാസ് മുൻ മന്ത്രിയാണ്. ഇദ്ദേഹം ഗുബ്ബി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. പുട്ടണ്ണയ്ക്ക് രാജാജിനഗർ സീറ്റ് നല്കി. ബാബുറാവുവിന് ഗുർമിത്കൽ നല്കിയേക്കും.
രാഹുൽ വിഷയത്തിലെ ജർമൻ പ്രതികരണം: ഏറ്റുമുട്ടി കോണ്ഗ്രസും ബിജെപിയും
ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പാർലമെന്റിൽനിന്ന് അയോഗ്യനാക്കിയതിനെതിരേയുള്ള ജർമനിയുടെ പ്രതികരണത്തെച്ചൊല്ലി ബിജെപി- കോണ്ഗ്രസ് വിവാദം. രാഹുലിനെ അയോഗ്യനാക്കിയതു ശ്രദ്ധയിൽപ്പെട്ടതായി ജർമൻ വിദേശകാര്യ വക്താവ് പറഞ്ഞതാണു വിവാദമാക്കിയത്.
നേരത്തേ അമേരിക്ക, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും സമാന പ്രതികരണം നടത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വിദേശശക്തികളെ രാഹുൽ ക്ഷണിച്ചതിന്റെ പുതിയ ഉദാഹരണമാണ് ജർമൻ വിദേശകാര്യ വക്താവിന്റെ പ്രസ്താവനയെന്നു കേന്ദ്രമന്ത്രിമാരായ കിരണ് റിജിജുവും അനുരാഗ് സിംഗ് താക്കൂറും ആരോപിച്ചു.
രാഹുലിനെതിരായ നടപടിയിലൂടെ ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്തിയതിനു കേന്ദ്രസർക്കാരാണ് ഉത്തരവാദിയെന്നു കോണ്ഗ്രസ് പ്രതികരിച്ചു.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ കീഴ്ക്കോടതി വിധിയും തുടർന്ന് പാർലമെന്റിൽനിന്നു അയോഗ്യനാക്കിയ നടപടികളും ശ്രദ്ധയിൽപ്പെട്ടതായും ജുഡീഷൽ സ്വാതന്ത്ര്യവും മൗലിക ജനാധിപത്യതത്വങ്ങളും രാഹുൽഗാന്ധിയുടെ വിഷയത്തിലും ബാധകമാകണമെന്നുമായിരുന്നു ജർമൻ വിദേശകാര്യ വക്താവിന്റെ പ്രതികരണം. പ്രമുഖ ജർമൻ മാധ്യമമായ ഡോയ്ഷെ വെല്ലെയിലാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം വന്നത്.
രാഹുൽഗാന്ധിക്കു കീഴ്ക്കോടതി വിധിയിൽ അപ്പീൽ നൽകുന്നതിന് അവകാശമുണ്ടെന്നും അപ്പീലിനെത്തുടർന്ന് രാഹുലിനെ അയോഗ്യനാക്കിയ വിധിയുടെ നിയമസാധുത അറിയാനാകുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ബിജെപി സഖ്യം തുടരും: പളനിസ്വാമി
ചെന്നൈ: ബിജെപിയുമായുള്ള സഖ്യം അചഞ്ചലമാണെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്നും അണ്ണാഡിഎംകെ ജനറൽസെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. എഐഎഡിഎംകെയുമായുള്ള സഖ്യം തുടർന്നാൽ സ്ഥാനമൊഴിയുമെന്ന ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.അണ്ണാമലയുടെ പ്രസ്താനവയോടു പ്രതികരിക്കുകയായിരുന്നു പളനിസ്വാമി.
ത്രിപുരയിൽ നിയമസഭയ്ക്കുള്ളിൽ അശ്ലീലവീഡിയോ കണ്ട് ബിജെപി എംഎൽഎ
അഗർത്തല: ത്രിപുരയിൽ നിയസഭാ സമ്മേളനത്തിനിടെ ബിജെപി എംഎൽഎ സഭയ്ക്കുള്ളിലിരുന്ന് മൊബൈലിൽ അശ്ലീലദൃശ്യങ്ങൾ കണ്ടു.
വടക്കൻ ത്രിപുരയിലെ ബാഗ്ബസയിൽ നിന്നുള്ള എംഎൽഎ ജാദവ് ലാൽ നാഥാണു നിയമസഭയിലെ ചൂടേറിയ ബജറ്റ് ചർച്ചയ്ക്കിടെ മൊബൈൽഫോണിൽ ചൂടൻ ദൃശ്യങ്ങൾ ആസ്വദിച്ച് വിവാദനായകനായത്.
അതേസമയം തന്നെ ആരോ വിളിച്ചതിനു പിന്നാലെ മൊബൈൽഫോണിൽ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു എന്നാണ് എംഎൽഎയുടെ വിശദീകരണം. നിരന്തരമായി വിളിച്ചതിനാലാണ് ഫോൺ എടുത്തത്. ഉടൻ അശ്ലീലദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ഉടൻ ഫോൺ അടച്ചുവച്ചെന്നും ജാദവ് ലാൽ വിശദീകരിച്ചു.
പരിശീലനത്തിനിടെ സൈനികർ മുങ്ങിമരിച്ചു
കോൽക്കത്ത: പശ്ചിമബംഗാളിലെ 24 നോർത്ത് പർഗനാസിൽ സൈനികപരിശീലനത്തിനിടെ രണ്ട് കരസേനാ ജവാന്മാർ മുങ്ങിമരിച്ചു. നാഗാലാൻഡ് സ്വദേശി ലെംഗ്ഹോ ലാൽ, മിസോറാം സ്വദേശി ആൽഡ്രിൻ എന്നിവരാണ് മരിച്ചതെന്ന് ഈസ്റ്റേൺ കമൻഡാന്റ് അറിയിച്ചു.
പരിശീലനകേന്ദ്രമായ ബാരക്പോറിലെ സരോബർ തടാകത്തിൽ നീന്തലിനിടെ മൂന്നു സൈനികരാണ് അപകടത്തിൽപ്പെട്ടത്.
ഹിജാബ് അഴിപ്പിച്ച സംഭവം: തമിഴ്നാട്ടിൽ ആറുപേർ അറസ്റ്റിൽ
ചെന്നൈ: പ്രസിദ്ധമായ വെല്ലൂർ കോട്ട സന്ദർശിക്കാനെത്തിയ യുവതിയുടെ ഹിജാബ് ബലമായി അഴിപ്പിച്ചുവെന്നകേസിൽ 17 കാരനുൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ്ചെയ്തു.
പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച കോട്ട സന്ദർശിക്കാൻ ആൺസുഹൃത്തിനൊപ്പമെത്തിയ യുവതിയുടെ ഹിജാബ് പ്രതികൾ ബലമായി അഴിപ്പിക്കുകയായിരുന്നു. ഇന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
മധ്യപ്രദേശിൽ ക്ഷേത്രക്കിണറിന്റെ മേൽത്തട്ട് തകർന്ന് 14 പേർ മരിച്ചു
ഇൻഡോർ: ഇൻഡോർ നഗരത്തിൽ ക്ഷേത്രത്തിനുള്ളിലെ കിണറിനുമുകളിൽ സ്ഥാപിച്ച മേൽത്തട്ട് തകർന്ന് 14 പേർ മരിച്ചു.
പട്ടേൽ നഗറിലുള്ള ബലേശ്വർ മഹാദേവ് ഝുലേലാൽ ക്ഷേത്രത്തിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ പേർ എത്തിയിരുന്നു. ഇവർ കൂട്ടംകൂടി കിണറിനുമുകളിൽനിന്നതോടെ മേൽത്തട്ട് തകർന്നു കിണറ്റിലേക്കു പതിക്കുകയായിരുന്നു.
മുപ്പതോളം പേർ കിണറ്റിലേക്കു വീണു. കിണറിനുമുകളിൽ സ്ലാബ് ഇട്ടുനിരത്തിയശേഷമാണ് താത്കാലിക ക്ഷേത്രം പണിതത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കേരളത്തിലെ റെയിൽവേ വികസനം: റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.വി. തോമസ്
ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിന് ആവശ്യമായ പദ്ധതികളുടെ അനുമതിക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്.
കേരളത്തിലെ ശബരിമല തീർഥാടകർക്ക് അങ്കമാലി-എരുമേലി ശബരി ന്യൂലൈൻ പദ്ധതി അനിവാര്യമാണെന്നും ശബരിമല തീർഥാടനത്തിന് കേരളത്തിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് പദ്ധതി ഗുണകരമാകുമെന്നും കെ.വി. തോമസ് കേന്ദ്രമന്ത്രിയെ അറിയിച്ചു.
പദ്ധതിയുടെ പകുതി ചെലവ് കേരളസർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ കത്തും കൂടിക്കാഴ്ചയ്ക്കിടെ കൈമാറി. കേന്ദ്രത്തിന്റെ പ്രതികരണം അനുകൂലമായിരുന്നെന്ന് കെ.വി. തോമസ് പറഞ്ഞു.
സിൽവർലൈൻ പദ്ധതി, നേമം കോച്ച് ടെർമിനൽ പദ്ധതി, കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ ന്യൂലൈൻ പദ്ധതി, ഗുരുവായൂർ-തിരുനാവായ-ന്യൂലൈൻ പദ്ധതി, തലശേരി-മൈസൂർ-നിലന്പൂർ-നഞ്ചൻകോട് ന്യൂലൈൻ പദ്ധതി തുടങ്ങിയവയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായും കെ.വി.തോമസ് അറിയിച്ചു.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത ചോദ്യംചെയ്തു ഡൽഹിയിൽ പോസ്റ്ററുകൾ
ന്യൂഡൽഹി: “മോദി ഹഠാവോ, ദേശ് ബച്ചാവോ’’ പോസ്റ്റർ പ്രചാരണത്തിനു പിന്നാലെ പ്രധാനമന്ത്രിക്കെതിരേ വീണ്ടും ആം ആദ്മി പാർടി.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്താണു ഇത്തവണ തലസ്ഥാനനഗരിയിൽ പോസ്റ്ററുകൾ ഉയർന്നത്. മതിലുകളിലും തൂണുകളിലും നൂറുകണക്കിന് പോസ്റ്ററുകളാണു പതിച്ചിരിക്കുന്നത്. “ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ആവശ്യമില്ലേ’’ എന്ന ചോദ്യവുമായി ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ 11 ഭാഷകളിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
പോസ്റ്റർ പ്രതിഷേധമുണ്ടാകുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ത്രികോണ പോരാട്ടത്തിനു കർണാടക: വോട്ട് മേയ് 10; ഫലം 13ന്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കർണാടക. ഒറ്റ ഘട്ടമായി മേയ് പത്തിനാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന് നടക്കും. 80 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കർണാടകയിലെ 5.2 കോടിയിലധികം വോട്ടർമാർക്കുപുറമേ ഒന്പത് ലക്ഷത്തിലധികം പുതിയ വോട്ടർമാരും മറ്റു പ്രത്യേക പരിഗണന ആവശ്യമായവരും തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം ഓണ്ലൈനായി കാണുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സി-വിജിൽ ആപ്പുകൾ ഉപയോഗിക്കുന്നതിനും അവസരമുണ്ട്. രാഹുൽഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തോടെയാണു ബിജെപി കർണാടക തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും മുഖ്യ എതിരാളികളായ കോണ്ഗ്രസും ജെഡി-എസും ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കർണാടകയിലെ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷം നേടാൻ ബിജെപിക്കു സാധിച്ചിരുന്നില്ല. ഇത്തവണയും ഭരണവിരുദ്ധ വികാരങ്ങളെ മോദിതരംഗത്തിൽ മറികടക്കാനാണു ബിജെപി ശ്രമിക്കുന്നത്.
224 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ 113 സീറ്റുകൾ നേടിയാലാണു സർക്കാർ രൂപീകരിക്കാനാകുക. 2018ലെ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റും കോണ്ഗ്രസ്, ജെഡി-എസ് പാർട്ടികൾ യഥാക്രമം 80, 37 സീറ്റുകളുമാണു നേടിയത്. തുടർന്ന് കോണ്ഗ്രസ്-ജെഡി-എസ് സഖ്യകക്ഷി സർക്കാർ അധികാരത്തിലേറി.
എന്നാൽ, ഒരു വർഷം തികയുംമുന്പ് കോൺഗ്രസിലെയും ജെഡി-എസിലെയും 17 എംഎൽഎമാരെ മറുകണ്ടം ചാടിച്ചു ബിജെപി ഭരണം പിടിക്കുകയായിരുന്നു. പിന്നാലെ 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും മോദി തരംഗത്തിലേറി 28ൽ 25 ലോക്സഭാ സീറ്റുകളിലും ബിജെപി വിജയിച്ചു. എന്നാൽ, മുസ്ലിം ന്യൂനപക്ഷ സംവരണം റദ്ദാക്കിയതിലുള്ള അതൃപ്തി, ഹിജാബ് വിവാദം, ജാതി സമവാക്യങ്ങൾ മുൻ നിർത്തിയുള്ള സീറ്റ് വിതരണം, വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളിലെ നേതാക്കൾ കോണ്ഗ്രസിൽ ചേർന്നത് എന്നിവയെല്ലാം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളിയാകുന്നു.
സംസ്ഥാന നേതൃത്വത്തെ മുന്നിൽ നിർത്തുന്നതിനുപകരം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും മുൻനിർത്തിയുള്ള പ്രചരണത്തിനാണ് ബിജെപി ഇത്തവണയും ലക്ഷ്യമിടുന്നത്. എന്നാൽ കേന്ദ്ര നേതൃത്വത്തേക്കാൾ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമടങ്ങുന്ന നേതൃനിരയാണ് കോണ്ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ കിംഗ് മേക്കറാകാൻ ലക്ഷ്യമിട്ടുതന്നെയാണ് ജെഡി-എസ് നേതാവ് കുമാരസ്വാമി ഇത്തവണയും മത്സരത്തിനിറങ്ങുന്നത്.
കർണാടക കോണ്ഗ്രസ് പിടിക്കുമെന്നു സർവേ
ബംഗളൂരു: കർണാടകത്തിൽ കോണ്ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടർ സർവേ. കോണ്ഗ്രസ് 115-127 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണു പ്രവചനം. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്. ഭരണകക്ഷിയായ ബിജെപി 68-80 സീറ്റിലൊതുങ്ങുമെന്നാണു പ്രവചനം. കഴിഞ്ഞ തവണ 37 സീറ്റുണ്ടായിരുന്ന ജെഡി-എസിന് 23-35 സീറ്റ് ലഭിക്കുമെന്നും എബിപി-സി വോട്ടർ പ്രവചിക്കുന്നു.
മുംബൈ കർണാടക, തീര കർണാടക, മധ്യ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോണ്ഗ്രസ് മുന്നേറുമെന്നാണു പ്രവചനം. ഓൾഡ് മൈസൂരു മേഖലയിൽ കോണ്ഗ്രസും ജെഡി-എസും ഒപ്പത്തിനൊപ്പമാകും.
കഴിഞ്ഞ 40 വർഷത്തിനുള്ളിൽ അധികാരത്തിലുള്ള പാർട്ടിക്ക് തുടർഭരണം നൽകിയിട്ടില്ലാത്ത സംസ്ഥാനംകൂടിയാണ് കർണാടക.
.
ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ എന്തു നടപടി
സെബി മാത്യു
ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നു സുപ്രീംകോടതി.
ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ടു സംസ്ഥാനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. ഇതേ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞ സെപ്റ്റംബറിൽത്തന്നെ നൽകാൻ നിർദേശിച്ചിരുന്നതാണല്ലോയെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകിയതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ മറുപടി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദീവാല, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമസംഭവങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റവ. വിജയേഷ് ലാൽ എന്നിവരാണു സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾ വീണ്ടും ഏപ്രിൽ 14ന് പരിഗണിക്കും.
ലക്ഷദ്വീപ് എംപി ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു
ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി ലോക്സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചു. അയോഗ്യനാക്കിയതിനെതിരേ മുഹമ്മദ് ഫൈസൽ നൽകിയ ഹർജി ഇന്നലെ സുപ്രീംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുന്പായാണു നടപടി പിൻവലിച്ചത്. തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ ഹർജി ഫൈസൽ പിൻവലിച്ചു.
തന്റെ കാര്യത്തിൽ സംഭവിച്ചതുപോലെതന്നെ ഇപ്പോൾ അയോഗ്യനാക്കപ്പെട്ട കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിയും ലോക്സഭയിലേക്ക് ഉടൻതന്നെ തിരിച്ചുവരുമെന്ന് ഫൈസൽ പ്രതികരിച്ചു. തന്നെ അയോഗ്യനാക്കി പാർലമെന്റിന്റെ പുറത്തുനിർത്തിയ നടപടി തികച്ചും അനാവശ്യമായിരുന്നു.
ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന തന്റെ നഷ്ടത്തെക്കുറിച്ചു സ്പീക്കർ ഓംബിർളയോടു ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നുവെന്നും ഫൈസൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ കാര്യത്തിലെങ്കിലും തെറ്റു തിരുത്താൻ തയാറാകണമെന്നും എൻസിപി എംപി ആവശ്യപ്പെട്ടു.
കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യതാ ഉത്തരവ് പിൻവലിക്കാത്തതിനെതിരേയാണു ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചത്.
38 വർഷത്തിനിടെ ആർക്കും ഭരണത്തുടർച്ച നല്കാതെ കർണാടക
ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ 38 വർഷത്തിനിടെ ഒരു പാർട്ടിക്കും അധികാരം നിലനിർത്താനായിട്ടില്ല. ഈ ചരിത്രം തിരുത്താൻ ബിജെപി ശ്രമിക്കുന്പോൾ അധികാരം പിടിക്കാൻ കോൺഗ്രസ് തയാറെടുത്തുകഴിഞ്ഞു.
1985ൽ രാമകൃഷ്ണ ഹെഗ്ഡെ നയിച്ച ജനതാപാർട്ടി അധികാരം നിലനിർത്തിയിരുന്നു. അതിനുശേഷം ആർക്കും തുടർഭരണം ലഭിച്ചിട്ടില്ല. തൂക്കുസഭ വരുന്ന സാഹചര്യത്തിൽ കിംഗ് മേക്കറാകാമെന്നാണ്, സ്ഥിരമായി മൂന്നാം സ്ഥാനം ലഭിക്കുന്ന ജെഡി-എസിന്റെ പ്രതീക്ഷ. മുന്പു പലതവണ അതു സംഭവിച്ചിട്ടുമുണ്ട്. അതേസമയം, സർവേകൾ കോൺഗ്രസിനു മുൻതൂക്കം പ്രവചിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദശകമായി കർണാടകയിൽ കോൺഗ്രസ്, ബിജെപി, ജെഡി-എസ് പാർട്ടികളുടെ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. എഎപി, ഖനി രാജാവ് ജനാർദൻ റെഡ്ഢിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ(കെആർപിപി), ഇടത്, ബിഎസ്പി, എസ്ഡിപിഐ, എഐഎംഐഎം എന്നീ കക്ഷികളും രംഗത്തുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ ശേഷിയില്ല.
കോൺഗ്രസിനു സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും ഒരേപോലെ വേരോട്ടമുണ്ട്. വീരശൈവ-ലിംഗായത്ത് മേഖലകളായ വടക്കൻ, മധ്യ കർണാടകയിലാണ് ബിജെപിക്കു ശക്തി. വൊക്കലിഗ കോട്ടയായ ഓൾഡ് മൈസൂരു ജെഡി-എസിന്റെ സ്വാധീനമേഖലയാണ്. ഇവിടെ ബിജെപി തീർത്തും ദുർബലമാണ്.
17 ശതമാനം ലിംഗായത്ത്
കർണാടകയിലെ ജനസംഖ്യയിൽ 17 ശതമാനം ലിംഗായത്തുകളാണ്. വൊക്കലിഗ 15 ശതമാനം വരും. 35 ശതമാനം ഒബിസിയാണ്. പട്ടികജാതി/പട്ടികവർഗക്കാർ 18 ശതമാനമുണ്ട്. ബ്രാഹ്മണർ മൂന്നു ശതമാനവും മുസ്ലിംകൾ 13 ശതമാനവുമാണ്.
150 സീറ്റാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്. 224 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്. 2008ലും 2018ലും(110, 104) ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനേ കഴിഞ്ഞുള്ളൂ. 89 സീറ്റുള്ള ഓൾഡ് മൈസൂരു, ബംഗളൂരു മേഖലയിലെ ദയനീയ പ്രകടനമാണ് ബിജെപിയെ കേവല ഭൂരിപക്ഷത്തിൽനിന്ന് അകറ്റിയത്.
അധികാരം പിടിച്ചെടുത്ത രണ്ടുതവണയും പ്രതിപക്ഷ പാർട്ടികളിൽനിന്ന് എംഎൽഎമാരെ ചാക്കിട്ടുപിടിച്ചാണു ബിജെപി ഭൂരിപക്ഷം ഒപ്പിച്ചെടുത്തത്. ഇത്തവണ ഓൾഡ് മൈസൂരു മേഖലയ്ക്കു ബിജെപി പ്രത്യേക ശ്രദ്ധ നല്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു നിരന്തരം സന്ദർശനം നടത്തുകയാണ്. അമിത് ഷാ അടക്കമുള്ള നേതാക്കളും എത്തിയിരുന്നു. യെദിയൂരപ്പ ഫാക്ടർ ബിജെപിയുടെ വിജയത്തെ ബാധിക്കും. ഉന്നതനായ ഈ ലിംഗായത്ത് നേതാവ് ഇത്തവണ നയിക്കാനില്ലാത്തതു ബിജെപിക്കു ദോഷം ചെയ്യും.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ലിംഗായത്ത് വിഭാഗക്കാരനാണെങ്കിലും യെദിയൂരപ്പയുടെ ഔന്നത്യത്തിന്റെ ഏഴയലത്തുപോലും വരില്ല. കർണാടകയിലെ 100 മണ്ഡലങ്ങളിൽ ലിംഗായത്ത് വോട്ടാണു ജയപരാജയങ്ങൾ തീരുമാനിക്കുന്നത്. സംസ്ഥാനത്ത് 54 ലിംഗായത്ത് എംഎൽഎമാരുണ്ട്. അതിൽ 37 പേർ ബിജെപിക്കാരാണ്. കർണാടകയിൽ 1952 മുതലുള്ള 23 മുഖ്യമന്ത്രിമാരിൽ പത്തു പേർ ലിംഗായത്ത് വിഭാഗക്കാരാണ്.
മുഖ്യമന്ത്രിപദമോഹികൾ
വിജയപ്രതീക്ഷ വാനോളമുള്ള കോൺഗ്രസിന് രണ്ടു മുഖ്യമന്ത്രിപദമോഹികളുടെ ഭിന്നത വെല്ലുവിളിയാണ്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നു. ജി. പരമേശ്വര, എച്ച്.കെ. പാട്ടീൽ, കെ.എച്ച്. മുനിയപ്പ തുടങ്ങിയ മുതിർന്ന നേതാക്കളാകട്ടെ, കടുത്ത അതൃപ്തിയിലാണ്. ഇതുകൂടാതെ പാർട്ടിയിൽ ഒതുക്കപ്പെട്ട നിരവധി നേതാക്കളുമുണ്ട്. അതേസമയം, ബിജെപിയിൽനിന്നും ജെഡി-എസിൽനിന്നും നിരവധി നേതാക്കളാണു കോൺഗ്രസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 124 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു; ജെഡി-എസ് 93 പേരുടെയും. ബിജെപി പട്ടിക വരാനിരിക്കുന്നതേയുള്ളൂ.
പ്രതീക്ഷയോടെ ജെഡി-എസ്
2018ലേതുപോലെ, ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കിംഗ് മേക്കറാകാമെന്നാണു മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നയിക്കുന്ന ജെഡി-എസ് കരുതുന്നത്. കൂറുമാറ്റവും ആഭ്യന്തരവഴക്കും കുടുംബ പാർട്ടിയെന്ന മേൽവിലാസവുമുണ്ടെങ്കിലും എച്ച്.ഡി. കുമാരസ്വാമിയാണ് പാർട്ടിയെ ഒറ്റയ്ക്കു കൊണ്ടുനടക്കുന്നത്.
ഒരിക്കൽപ്പോലും സ്വന്തം നിലയിൽ സർക്കാരുണ്ടാക്കാൻ ജെഡി-എസിനായിട്ടില്ല. 2006ൽ ബിജെപിക്കൊപ്പം 20 മാസവും 2018ൽ കോൺഗ്രസിനൊപ്പം 14 മാസവും മുഖ്യമന്ത്രിപദം നേടാൻ കുമാരസ്വാമിക്കായി. 2004ൽ നേടിയ 58 സീറ്റാണ് പാർട്ടിയുടെ ഏറ്റവും വലിയ വിജയം. കർണാടകയിൽ ബിജെപിയുടെ കടന്നുവരവോടെയാണു ജനതാ പരിവാർ പാർട്ടികൾ പിന്നാക്കം പോയത്.
പ്രതിപക്ഷ പ്രതിഷേധത്തിൽ വീണ്ടും പാർലമെന്റ് പിരിഞ്ഞു
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നലെ പിരിഞ്ഞ പാർലമെന്റിന് തിങ്കളാഴ്ച വരെ ഇനി അവധി. പതിവുപോലെ ഒരു മിനിറ്റിൽ താഴെ മാത്രമാണ് ഇന്നലെ രാവിലെ ലോക്സഭ ചേർന്നത്. രാജ്യസഭയും ഉടൻ പിരിഞ്ഞു. ബഹളത്തിനിടെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഭേദഗതി ബിൽ- 2022 ലോക്സഭയിൽ പാസാക്കി.
ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയശേഷം ആദ്യമായി രാഹുൽഗാന്ധി ഇന്നലെ പാർലമെന്റിലെത്തി കോണ്ഗ്രസ് ഓഫീസിൽ സഹപ്രവർത്തകരുമായി ചർച്ച നടത്തി. സോണിയാഗാന്ധിയും ഇന്നലെ കറുത്ത സാരിയണിഞ്ഞു ലോക്സഭയിലെത്തി.
അദാനിവിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിലും പ്രതിഷേധിച്ചു പ്രതിപക്ഷ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്ലക്കാർഡുകളും കറുത്ത തുണികളുമായി നടുത്തളത്തിലെത്തി. ലോക്സഭയിൽ സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ പ്ലക്കാർഡുകൾ പിടിച്ചും കറുത്ത തുണി വലിച്ചെറിഞ്ഞും എംപിമാർ പ്രതിഷേധിച്ചതോടെ സഭ നിർത്തിവച്ചു.
ഉച്ചകഴിഞ്ഞു ചേർന്നപ്പോഴും ബഹളം തുടർന്നെങ്കിലും കോംപറ്റീഷൻ കമ്മീഷൻ ബില്ല് ചർച്ചയില്ലാതെ പാസാക്കിയതായി പ്രഖ്യാപിച്ചു പിരിയുകയായിരുന്നു. രാജ്യസഭയിലും ചെയർമാൻ ജഗ്ദീപ് ധൻകറുടെ മുന്നറിയിപ്പുകൾ അവഗണിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പതിഷേധിച്ചതിനാൽ ഉടൻ നടപടികൾ അവസാനിപ്പിച്ചു. മൂന്നാം ദിവസവും പ്രതിഷേധിക്കാനായി കറുപ്പണിഞ്ഞാണു പ്രതിപക്ഷ എംപിമാർ പാർലമെന്റിലെത്തിയത്.
സ്പീക്കർക്കെതിരേ അവിശ്വാസത്തിന് പ്രതിപക്ഷം
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കെതിരേ അവിശ്വാസത്തിനു നീക്കം. തിങ്കളാഴ്ച വീണ്ടും സഭ സമ്മേളിക്കുന്പോൾ സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകാനാണ് ആലോചന.
നോട്ടീസ് നൽകാൻ ആവശ്യമായ അന്പത് എംപിമാർ കോണ്ഗ്രസിന് ഉണ്ടെങ്കിലും പ്രതിപക്ഷത്തെ ഇതര പാർട്ടികളുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. ബിജെപിക്കും കേന്ദ്രസർക്കാരിനും വേണ്ടി തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും സഭാനടപടികൾ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് ഓം ബിർലയ്ക്കെതിരേ കോണ്ഗ്രസും പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ നടത്തുന്ന കൂടിയാലോചനകൾക്കുശേഷം തിങ്കളാഴ്ച രാവിലെയാകും അവിശ്വാസ പ്രമേയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്ന് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.
ബിജെപി എംപി ഗിരീഷ് ബാപട് അന്തരിച്ചു
പൂന: പൂനയിൽനിന്നുള്ള ലോക്സഭാംഗവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ഗിരീഷ് ബാപട് (72) അന്തരിച്ചു. ഒന്നര വർഷമായി രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം പൂനയിലെ ആശുപത്രിയിലായിരുന്നു. ഇന്നലെ വൈകുന്നേരം സംസ്കാരം നടത്തി. പൂനയിലെ കസബ പേട്ട് നിയമസഭാ മണ്ഡലത്തിൽനിന്ന് ഗിരീഷ് ബാപട് അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ടു. 2019ലാണ് ലോക്സഭാംഗമായത്.
1950ൽ ജനിച്ച ബാപട് ആർഎസ്എസിലൂടെയാണു പൊതുരംഗത്തെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിലിലായിരുന്നു. 1995ൽ ആദ്യമായി എംഎൽഎയായി. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ അംഗമായിരുന്നു.
അധികാരത്തിൽ തിരിച്ചെത്തും: കോൺഗ്രസ്
ബംഗളൂരു: കർണാടകയിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആവർത്തിച്ചു കോൺഗ്രസ്. ഭരണകക്ഷിയായ ബിജെപിയുടെ അംഗബലം 60-65 ആയി ചുരുങ്ങുമെന്നും മൂന്നു മാസം മുന്പെ പാർട്ടി തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരുന്നുവെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ പറഞ്ഞു.
ബിജെപി സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച സംവരണ പ്രഖ്യാപനത്തിൽ ആരും സന്തുഷ്ടരല്ലെന്നും വിഷയം കോടതിയിലെത്തിയാൽ നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബിജെപി വരുത്തിവച്ച പിഴവുകൾ തിരുത്തും.
സ്വത്ത് വീതം വയ്ക്കുന്നതുപോലെയാണ് വളരെ ധൃതിപ്പെട്ടു ബിജെപിസർക്കാർ സംവരണം പ്രഖ്യാപിച്ചത്. അധികാരത്തിലെത്തിയാൽ പാർട്ടിയുടെ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങളെല്ലാം പാലിക്കും. കോൺഗ്രസിൽ ചേരാനായി നിരവധി ബിജെപി നേതാക്കളാണു സമീപിക്കുന്നതെന്നും എല്ലാവരെയും ഉൾക്കൊള്ളാനാകാത്തതിനാൽ ഇതിനു വലിയ പ്രോത്സാഹനം നൽകുന്നില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
കർണാടകയിലെ ഡബിൾ എൻജിൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്നും പുതിയ എൻജിൻ സർക്കാരിനെ തെരഞ്ഞെടുക്കാൻ സംസ്ഥാനത്തെ ജനങ്ങൾ തയാറായിരിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.
അധികാരം നിലനിർത്തും: ബിജെപി
ബംഗളൂരു: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവ്രാജ് ബൊമ്മെ. ഞങ്ങൾ വളരെ വഴിത്തിരിവായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതുവഴി കോൺഗ്രസിന്റെ വോട്ടുബാങ്ക് തകരും. ഇതു മുന്നിൽക്കണ്ടാണ് തരംതാണ ആരോപണങ്ങളുമായി അവർ രംഗത്തുവന്നിരിക്കുന്നതെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകാൻ വേണ്ടിയാണ് പട്ടികജാതിയിൽ ആഭ്യന്തര സംവരണം കൊണ്ടുവന്നത്. ഇതേക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്.
ബിജെപിസർക്കാർ അഴിമതിയൊന്നും നടത്തിയിട്ടില്ല. കോൺഗ്രസാണ് അഴിമതി നടത്തിയത്. പാർട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ട്. സംസ്ഥാനത്തിന്റെ വികസനമാണ് തങ്ങളുടെ പ്രധാന അജൻഡയെന്നും ബൊമ്മെ വ്യക്തമാക്കി.
ജയ്പുർ സ്ഫോടനപരന്പര: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കി
ജയ്പുർ: 71 പേർ കൊല്ലപ്പെട്ട ജയ്പുർ സ്ഫോടനപരന്പര കേസിലെ നാലു പ്രതികളെയും രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരേ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജയിൻ എന്നിവരുടെ ബെഞ്ച് പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2008 മേയ് 13നായിരുന്നു ജയ്പുരിലെ ഏഴിടത്തു സ്ഫോടനമുണ്ടായത്. 71 പേർ കൊല്ലപ്പെടുകയും 185 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ജയ്പുർ സ്ഫോടനക്കേസ് അന്വേഷിച്ച ഏജൻസികൾക്കെതിരേ ഹൈക്കോടതി രൂക്ഷ വിമർശനമുയർത്തി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ രാജസ്ഥാൻ ഡിജിപിക്കു കോടതി നിർദേശം നല്കി. കേസിലെ അഞ്ചാം പ്രതിയെ വെറുതേ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. മുഹമ്മദ് സയിഫ്, മുഹമ്മദ് സൽമാൻ, സയ്ഫുർ, മുഹമ്മദ് സർവാർ അസ്മി എന്നിവരെയാണു ഹൈക്കോടതി വെറുതേ വിട്ടത്.
"രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത് ' വിദ്വേഷ പ്രസംഗത്തിൽ സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്ട്രീയവും മതവും രണ്ടാണെന്നും തമ്മിൽ കൂട്ടിക്കലർത്തരുതെന്നും സുപ്രീംകോടതി. രാഷ്ട്രീയക്കാർ മതത്തെ രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ടി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും മതവുമായി ബന്ധപ്പെടുത്തിയുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ അവസാനിപ്പിക്കണമെന്നും ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു.
രാഷ്ട്രീയവും മതവും തമ്മിൽ വേർതിരിച്ചു കണ്ടാൽത്തന്നെ വിദ്വേഷ പ്രസംഗങ്ങൾക്ക് അവസാനമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ നടപടി ആവശ്യപ്പെട്ടു നൽകിയ ഹർജികളിലാണ് സുപ്രീംകോടതി നിർദേശം.
വിദ്വേഷ പ്രസംഗങ്ങളിൽ കോടതിക്ക് എത്രപേർക്കെതിരേ വ്യക്തിപരമായി നടപടിയെടുക്കാൻ കഴിയും. ഇന്ത്യപോലുള്ള രാജ്യത്ത് ഒരു പൗരനോ സമുദായത്തിനോ എതിരായി വിദ്വേഷ പ്രസ്താവനകൾ നടത്തില്ലെന്ന് ആളുകൾക്കു പ്രതിജ്ഞയെടുത്തുകൂടേയെന്നും കോടതി ചോദിച്ചു. ടെലിവിഷനിലും മറ്റു വേദികളിലും ഓരോ ദിവസവും ഇത്തരം സംഘങ്ങൾ എത്രമാത്രം വിദ്വേഷ പ്രസ്താവനകളാണു പ്രതിദിനം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
പാക്കിസ്ഥാനിലേക്ക് പോകൂവെന്ന് ചിലർ പ്രസംഗിക്കുന്നു. ഈ രാജ്യത്തെ തെരഞ്ഞെടുത്ത സഹോദരങ്ങളോടാണ് ഇങ്ങനെ പറയുന്നതെന്ന് ഓർക്കണമെന്നു കോടതി പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കാൻ വിദൂരപ്രദേശങ്ങളിൽനിന്ന് ആളുകൾ ഒത്തുകൂടിയിരുന്നു. അവർ നല്ല പ്രഭാഷകരായിരുന്നു, എന്നാൽ ഇപ്പോൾ തീവ്രസ്വഭാവക്കാർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണു കേൾക്കുന്നതെന്നും കോടതി വിമർശിച്ചു.
അതേസമയം വാദത്തിനിടെ ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് ജാഥയിൽ വിദ്വാർഥിയെക്കൊണ്ടു വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ കേരളത്തിനു നോട്ടീസ് അയയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സംഭവത്തിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: പ്രശസ്ത കലാകാരൻ വിവാൻ സുന്ദരം(79) അന്തരിച്ചു. ഇന്നലെ രാവിലെ ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്നു ഡൽഹിയിലെ ലോധി ശ്മശാനത്തിൽ. ചിത്രകല, ശില്പനിർമാണം, ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ് വിവാൻ സുന്ദരം. ചരിത്ര കലാകാരിയും ക്യൂറേറ്ററുമായ ഗീതാ കപൂറാണ് ഭാര്യ. കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 2012ലെ കൊച്ചി ബിനാലെയിൽ ഇദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രദർശനമുണ്ടായിരുന്നു.
1943 ൽ സിംലയിലാണു വിവാൻ സുന്ദരം ജനിച്ചത്. പിതാവ് കല്യാൺ സുന്ദരം മുൻ ലോ കമ്മീഷൻ ചെയർമാനാണ്. അമ്മ ഇന്ദിര ഷെർഗിൽ. വിവാൻ സുന്ദരത്തിന്റെ മാതൃസഹോദരിയാണ് വിഖ്യാത കലാകാരി അമൃത ഷേർഗിൽ. ബറോഡയിലെ എംഎസ് യൂണിവേഴ്സിറ്റിയിലും ലണ്ടനിലെ ദ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സിലുമാണു വിവാൻ വിദ്യാഭ്യാസം നടത്തിയത്.
സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്(സഹ്മത്) സ്ഥാപക ട്രസ്റ്റിയാണ് വിവാൻ സുന്ദരം.
കോൽക്കത്തയിൽ ഇടത്-കോൺഗ്രസ് സംയുക്ത റാലി
കോൽക്കത്ത: ബംഗാളിലെ മമത സർക്കാരിനും കേന്ദ്രത്തിലെ മോദി സർക്കാരിനും എതിരേ കോൽക്കത്തയിൽ ഇടതു പാർട്ടികളും കോൺഗ്രസും സംയുക്തമായി റാലി നടത്തി. രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത്, അദാനി വിഷയത്തിൽ ജെപിസി അന്വേഷണം , സംസ്ഥാനഭരണത്തിലെ അഴിമതി തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രതിഷേധറാലി.
ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ്, സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ആർഎസ്പി നേതാവ് മനോജ് ഭട്ടാചാര്യ, കോൺഗ്രസ് നേതാക്കളായ അശുതോഷ് ചാറ്റർജി, കൗതസവ് ബാഗ്ചി എന്നിവർ റാലിക്കു നേതൃത്വം നല്കി.
രണ്ടു പേരെ മാവോയിസ്റ്റുകൾ വധിച്ചു
നാരായൺപുർ/സുക്മ: ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ വധിച്ചു. നാരായൺപുർ ജില്ലയിൽ രാംജി ദോദി, സുക്മ ജില്ലയിൽ മാദ്കം രാജു എന്നിവരാണു കൊല്ലപ്പെട്ടത്. രാംദി ദോദി മുൻ ഡെപ്യൂട്ടി സർപഞ്ച് ആണ്.
ഉപതെരഞ്ഞെടുപ്പ്: വയനാട്ടിൽ തിടുക്കമില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂഡൽഹി: വയനാട്ടിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി.
രാഹുൽഗാന്ധിക്ക് അപ്പീൽ നൽകാൻ ഒരുമാസം സമയമുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ചട്ടപ്രകാരം ആറുമാസം സാവകാശമുണ്ടെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപിൽ എംപിയെ അയോഗ്യനാക്കിയതിനു പിന്നാലെ തിടുക്കത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാതൃകയിൽ വയനാട്ടിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.
നമീബിയയിൽനിന്ന് എത്തിച്ച ചീറ്റ നാലു കുഞ്ഞുങ്ങൾക്കു ജന്മം നല്കി
ഭോപ്പാൽ/ശിവ്പുർ: ആഫ്രിക്കൻരാജ്യമായ നമീബിയയിൽനിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലെത്തിച്ച ചീറ്റ നാലു കുഞ്ഞുങ്ങൾക്കു ജന്മം നല്കി.
2022 സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച സിയായ എന്ന ചീറ്റയാണ് പ്രസവിച്ചത്. കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരാണെന്ന് ശിവ്പുർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കെ. വർമ പറഞ്ഞു. നമീബിയയിൽനിന്നെത്തിച്ച സാഷ എന്നു പേരായ ചീറ്റ തിങ്കളാഴ്ച ചത്തിരുന്നു. നമീബിയയിൽനിന്ന് എട്ടു ചീറ്റകളെയാണു കൊണ്ടുവന്നത്.
ദേവികുളം ഉപതെരഞ്ഞെടുപ്പ്: എ. രാജ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരേ എ. രാജ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
തന്റെ പൂർവികർ 1950 മുന്പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും സംവരണത്തിന് എല്ലാ അർഹതയും തനിക്കുണ്ടെന്നും അഭിഭാഷകൻ ജി. പ്രകാശ് മുഖേന സമർപ്പിച്ച ഹർജിയിൽ രാജ വ്യക്തമാക്കി. അതിനാൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും രാജ ആവശ്യപ്പെട്ടു.
അണയാതെ രോഷാഗ്നി: 12-ാം ദിവസവും പാർലമെന്റ് സ്തംഭിച്ചു
ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിൽ കോണ്ഗ്രസും സംയുക്ത പ്രതിപക്ഷവും പ്രതിഷേധം കടുപ്പിച്ചതോടെ പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ പന്ത്രണ്ടാം ദിവസവും സ്തംഭിച്ചു. ലോക്സഭയിൽ രോഷാകുലരായ പ്രതിപക്ഷ എംപിമാർ സ്പീക്കർക്കും ചേംബറിനും നേർക്കു കടലാസുകളും കറുത്ത തുണികളും എറിഞ്ഞതോടെ സഭ പ്രക്ഷുബ്ധമായി.
രാഹുൽവിഷയത്തിലും, അദാനിവിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധം തുടർന്നതോടെ ലോക്സഭയും രാജ്യസഭയും ഇന്നലെ രാവിലെയും, തുടർന്ന് ഉച്ചകഴിഞ്ഞും ചേർന്നയുടൻ പിരിഞ്ഞു. ഒരു മിനിറ്റു മാത്രമാണ് സഭ സമ്മേളിച്ചത്.
സ്പീക്കർക്കു നേരേ കറുത്ത തുണിയും കടലാസും എറിഞ്ഞതിനെതിരേ രോഷാകുലരായി ബിജെപി എംപിമാർ ശബ്ദമുയർത്തിയെങ്കിലും ഉടൻതന്നെ നടപടികൾ സ്പീക്കർ അവസാനിപ്പിച്ചതിനാൽ സംഘട്ടനം ഒഴിവായി. തിങ്കളാഴ്ചത്തേതുപോലെ പ്രതിപക്ഷ എംപിമാർ ഇന്നലെയും കറുപ്പണിഞ്ഞാണു പാർലമെന്റിലെത്തിയത്.
രാഹുലിനെ അയോഗ്യനാക്കി പ്രതിപക്ഷസ്വരം ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തെ കൂട്ടായി എതിർത്തു തോൽപ്പിക്കാൻ കോണ്ഗ്രസും എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്നലെ രാവിലെയും യോഗം ചേർന്നു തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ തിങ്കളാഴ്ച രാത്രി നടന്ന പ്രതിപക്ഷ നേതൃയോഗത്തിൽ തൃണമൂൽ കോണ്ഗ്രസ്, ആം അദ്മി പാർട്ടി, സമാജ്വാദി പാർട്ടി, ഭാരതീയ രാഷ്ട്രസമിതി ഉൾപ്പെടെ 19 രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുത്തതിന് സോണിയയും രാഹുലും ഖാർഗെയും നന്ദി പറഞ്ഞു. ഇതേസമയം, പ്രതിപക്ഷ ബഹളം മൂലം തുടർച്ചയായി സ്തംഭനത്തിലായ ലോക്സഭയും രാജ്യസഭയും മുൻ നിശ്ചയം പോലെ ഏപ്രിൽ ആറുവരെ തുടരാനാണു പ്രധാനമന്ത്രി സൂചിപ്പിച്ചതെന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു.
പ്രതിപക്ഷബഹളം കണക്കിലെടുത്ത് ബജറ്റ് സമ്മേളനം നേരത്തേ പിരിയുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എംപിയെന്നനിലയിൽ 19 വർഷമായുള്ള ഡൽഹി തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുൽഗാന്ധി ലോക്സഭാ സെക്രട്ടേറിയറ്റിനെ ഇന്നലെ രേഖാമൂലം അറിയിച്ചു. രാഹുലിനായി ഡൽഹിയിൽ പുതിയ വസതിക്ക് അന്വേഷണം തുടങ്ങിയതായി കോണ്ഗ്രസ് വ്യക്തമാക്കി.
2004ൽ അമേത്തിയിൽനിന്നു എംപിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ രാഹുൽ താമസിച്ചിരുന്ന വസതി ഒഴിയാൻ ലോക്സഭാംഗത്വം റദ്ദാക്കിയതിന്റെ പിറ്റേന്നുതന്നെ നോട്ടീസ് നൽകിയിരുന്നു.
ചെങ്കോട്ടയിൽ കോൺഗ്രസ് പ്രകടനം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു പോലീസ് നിരോധനാജ്ഞ ലംഘിച്ച് കോണ്ഗ്രസ് നേതാക്കളും എംപിമാരും ചെങ്കോട്ടയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ചാന്ദ്നി ചൗക്കിൽനിന്നു ചെങ്കോട്ടയിലേക്കുള്ള തെരുവിലിറങ്ങിയ എംപിമാരും വനിതകളും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിഷേധ പ്രകടനം തടയാനായില്ല.
മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജെ.പി. അഗർവാൾ, ജ്യോതിമണി, ഡീൻ കുര്യാക്കോസ്, ടി.എൻ.പ്രതാപൻ തുടങ്ങിയവരെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തതു പ്രവർത്തകരെ പ്രകോപിപ്പിച്ചു.
ജെബി മേത്തർ അടക്കമുള്ള എംപിമാർ റോഡിൽ കിടന്നു പോലീസിനും മോദി സർക്കാരിനുമെതിരേ മുദ്രാവാക്യം വിളിച്ചു. ജെബിയെയും മറ്റും പോലീസ് വലിച്ചിഴച്ചതായി ആരോപണമുണ്ട്. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയ വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിനു കാരണമായി. ഒരുഭാഗത്ത് പ്രവർത്തകരെ അടിച്ചോടിക്കാനും അറസ്റ്റ് ചെയ്യാനും പോലീസ് നടപടി സ്വീകരിച്ചപ്പോഴും ഇതൊന്നും വകവയ്ക്കാതെ രാഹുലിന് ഐക്യദാർഢ്യവുമായി വൻ ജനാവലി പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തു. ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ പന്തംകൊളുത്തിയും മൊബൈൽ ഫ്ളാഷ് തെളിച്ചും പ്രകടനം നടത്തിയ എംപിമാരടക്കമുള്ള നേതാക്കൾ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്നു പ്രഖ്യാപിച്ചു.
പ്രായമായവരെപ്പോലും കസ്റ്റഡിയിലെടുത്തെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ പോലും അനുവദിക്കാതെ വിലക്കും അറസ്റ്റും ലാത്തിച്ചാർജും നടത്തുന്ന കേന്ദ്ര പോലീസിന്റെ നടപടിയെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കോണ്ഗ്രസ് വ്യക്തമാക്കി. പാർലമെന്റംഗത്വത്തിൽനിന്ന് തിടുക്കത്തിൽ രാഹുലിനെ അയോഗ്യനാക്കിയതിനെതിരേയുള്ള പ്രതിഷേധം കടുപ്പിക്കാൻ ഏപ്രിൽ അവസാനം വരെ പരിപാടികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ചെങ്കോട്ടയിലെ മാർച്ച് പോലീസ് തടഞ്ഞത്.
ഗുണ്ടാരാജാണു ഡൽഹിയിൽ കണ്ടതെന്ന് കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, ഹരീഷ് റാവത്ത്, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പറഞ്ഞു.
മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്കു പരീക്ഷയെഴുതാം
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം ഇന്ത്യയിലേക്കു മടങ്ങിയ അവസാന മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽത ന്നെ പരീക്ഷയെഴുതാം.
യുക്രെയ്ൻ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നു പ്രതിസന്ധികാലങ്ങളിൽ മടങ്ങിയവർക്കാണു സുപ്രീംകോടതിയിൽനിന്ന് ആശ്വാസം ലഭിച്ചിരിക്കുന്നത്.
അവസാനവർഷ വിദ്യാർഥികൾക്ക് ഒറ്റത്തവണ പരീക്ഷ എഴുതാമെന്ന കേന്ദ്രനിർദേശം പരിഷ്കരിച്ചു രണ്ടുതവണയായിട്ടാണു സുപ്രീംകോടതി അവസരം നൽകിയിരിക്കുന്നത്. എന്നാൽ, ഇങ്ങനെ മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് എല്ലാവർക്കുമായി ഒരവസരം മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
ഭാവിയിൽ ഇത്തരം പ്രതിസന്ധികളുണ്ടായി മടങ്ങിയെത്തുന്നവർക്ക് ഇതു ബാധകമായിരിക്കില്ല. ഇതൊരു മനുഷ്യത്വവിഷയമായി പരിഗണിക്കണമെന്നു ഹർജി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാരിനും ദേശീയ മെഡിക്കൽ കമ്മീഷനും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
ആധാർ-പാൻ ബന്ധിപ്പിക്കാം ജൂൺ 30 വരെ
ന്യൂഡൽഹി: ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി നീട്ടി കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്. ജൂണ് 30 വരെ മൂന്നു മാസത്തേക്കാണു കാലാവധി നീട്ടിയത്. ജൂണ് 30നുള്ളിൽ ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നും അറിയിപ്പിൽ പറയുന്നു.
ആധാർ കാർഡുമായി പാൻ കാർഡുകൾ ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിച്ചു നടത്താൻ കഴിയുന്ന പല ഇടപാടുകളും തടസപ്പെടും. നികുതിദായകർക്ക് അവരുടെ ആദായനികുതി റിട്ടേണ് ഫയൽ ചെയ്യുന്നതിനും നികുതി റീഫണ്ടുകൾ സ്വീകരിക്കുന്നതിനും സാധിക്കില്ല.
ഓണ്ലൈൻ പണമിടപാടുകൾ, ഡീമാറ്റ് അക്കൗണ്ട് തുറക്കൽ, വായ്പാവിതരണം, 50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ എന്നിവ തടസപ്പെടാം.
ഇപിഎഫ് പലിശ 0.05% ഉയർത്തി
ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്കുള്ള പലിശനിരക്കുയർത്തി. പുതിയ നിർദേശപ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 0.05 ശതമാനം അധിക പലിശ ജീവനക്കാർക്ക് ലഭിക്കും. നിലവിൽ 8.1 ശതമാനമാണ് ഇപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക്.
ഇപിഎഫ്ഒ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ഇന്നലെ നടന്ന യോഗത്തിലാണു 2022-23 ലെ ഇപിഎഫിന് 8.15 ശതമാനം പലിശ നൽകാൻ തീരുമാനിച്ചത്. സർക്കാരിന്റെ അംഗീകാരത്തിനുശേഷം മാത്രമാകും 2022-23 ലെ ഇപിഎഫിന്റെ പലിശനിരക്ക് ഇപിഎഫ്ഒയുടെ അഞ്ചു കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക.
കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്.
പ്രതിപക്ഷത്തിനെതിരേ ശക്തമായ പോരിനു തയാറെടുക്കുക: നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പോരാട്ടത്തെ നേരിടാൻ തയാറെടുക്കണമെന്നു ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ജയിക്കുംതോറും പ്രതിപക്ഷ പാർട്ടികളിൽനിന്നു കൂടുതൽ പ്രതിഷേധമുണ്ടാകുമെന്നും മോദി പറഞ്ഞു. പാർലമെന്റിൽ ഇന്നലെ രാവിലെ നടന്ന ബിജെപി എംപിമാരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് സമ്മേളനം മുൻ നിശ്ചയിച്ചതുപോലെ അടുത്ത മാസം ആറുവരെ തുടർന്നേക്കുമെന്ന സൂചന മോദി നൽകിയതായി ബിജെപി എംപിമാർ അറിയിച്ചു.
ആളെക്കൊല്ലി കീടനാശിനികൾക്കു നിരോധനമില്ല; കേന്ദ്രത്തോടു വിശദീകരണം തേടി സുപ്രീംകോടതി
സെബി മാത്യു
ന്യൂഡൽഹി: മനുഷ്യജീവനു ഭീഷണിയാകുന്ന കീടനാശിനികളും രാസവസ്തുക്കളും നിരോധിക്കുന്നതിൽ അലംഭാവം കാണിച്ച കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചു സുപ്രീംകോടതി. കർഷകത്തൊഴിലാളികളുടെയും കൃഷിയിടങ്ങളോടു ചേർന്നു താമസിക്കുന്നവരുടെയും ഉപഭോക്താക്കളുടെയും ജീവൻ അപകടത്തിലാക്കുന്ന കീടനാശിനികളിൽ മൂന്നെണ്ണം മാത്രം നിരോധിച്ചതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണവും കോടതി തേടി. വിഷയം പഠിക്കാനായി നിയോഗിച്ച രണ്ടു വിദഗ്ധ സമിതികൾ 27 കീടനാശിനികൾ നിരോധിക്കാനാണു നിർദേശം നൽകിയത്. എന്നാൽ, കേന്ദ്രം ഇവയിൽ മൂന്നെണ്ണം മാത്രമാണു നിരോധിച്ചത്. ഡോ. എസ്.കെ. ഖുറാന, ഡോ. ടി.പി. രാജേന്ദ്രൻ എന്നിവർ അധ്യക്ഷന്മാരായ രണ്ടു വിദഗ്ധ സമിതികളുടെയും റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനു നിർദേശം നൽകി.
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. കേരളം, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഗുരുതര പ്രത്യാഘാതമുള്ള കീടനാശിനികളുടെ ഉപയോഗം മൂലം പാരിസ്ഥിതിക വിനാശവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായത് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കർഷകരിൽ ആത്മഹത്യാപ്രവണത വർധിക്കുന്നതിനു വരെ ഈ കീനാശിനികൾ കാരണമാകുന്നു. കാൻസർ, ഡിഎൻഎ ഡാമേജ്, തലച്ചോർ ക്ഷയിക്കുന്നത്, നാഡീവ്യൂഹം തളർച്ച, പാർക്കിൻസണ്സ്, ജനന വൈകല്യങ്ങൾ, പ്രതിരോധ വൈകല്യം, കുട്ടികളിൽ ഉൾപ്പെടെ മാനസിക വൈകല്യം എന്നിവയ്ക്കും ഈ കീടനാശിനികൾ കാരണമാകുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, കീടനാശിനികൾ നിരോധിക്കണമെന്ന ആവശ്യവുമായി അടിക്കടി കോടതി കയറിയിറങ്ങുന്ന പരാതിക്കാരന്റെ നടപടി ശരിയല്ലെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത്ത് ബാനർജിയുടെ നിലപാട്.
ഇത്തരം ആവശ്യങ്ങൾ പരിഗണിച്ചാൽ തങ്ങൾക്ക് ആവശ്യമില്ലാത്ത പല വസ്തുക്കളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ആളുകൾ കോടതി കയറിയിറങ്ങുമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, പരാതിക്കാർക്ക് അനുകൂലമായാണ് ചീഫ് ജസ്റ്റീസ് ഇതിനോടു പ്രതികരിച്ചത്.
കുട്ടികളിൽ ഉൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന 18 കീടനാശിനികൾ നിരോധിക്കണം എന്നാവശ്യപ്പെട്ടാണു പരാതിക്കാർ കോടതിയിലെത്തിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പരാതിക്കാർ പറയുന്നതനുസരിച്ച് 18 കീടനാശിനികളും പല വികസിത രാജ്യങ്ങളിലും നിരോധിച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദഗ്ധ സമിതിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 27 കീടനാശിനികൾ ഗുരുതര ആഘാതമുണ്ടാക്കുന്നവയാണെന്ന് വിദഗ്ധ സമിതികൾ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
27 കീടനാശിനികൾ നിരോധിക്കുന്നതിനുള്ള ശിപാർശ പുനഃപരിശോധനാ കമ്മിറ്റി പഠിച്ചു കരട് വിജ്ഞാപനവും ഇറക്കിയതാണ്. എന്നാൽ, കാലമേറെ കഴിഞ്ഞിട്ടും ഇതിൽ മൂന്നെണ്ണം നിരോധിക്കാൻ മാത്രമേ സർക്കാർ തയാറായിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യം ചീഫ് ജസ്റ്റീസ് ചോദിച്ചപ്പോൾ ഇതൊരു ശാസ്ത്രീയ നടപടിയാണെന്നും നടപടിക്രമങ്ങൾ നടന്നുവരികയാണെന്നുമായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറലിന്റെ മറുപടി. തുടർന്നാണു 27 കീടനാശിനികൾ നിരോധിക്കാൻ നിർദേശമുണ്ടായിട്ടും മൂന്നെണ്ണം മാത്രം നിരോധിച്ചതിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച വിദഗ്ധ സമിതികളുടെ റിപ്പോർട്ട് ഹാജരാക്കാനും നിർദേശിച്ചു. കേസ് വീണ്ടും ഏപ്രിൽ 28ന് പരിഗണിക്കും.
ബിജെപി എംഎൽഎമാരെ പാട്ടിലാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി
ബാഗൽകോട്ട്: ബിജെപി എംഎൽഎമാരെ ഫോണിൽ വിളിച്ച് കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ സീറ്റ് വാഗ്ദാനം ചെയ്യുകയാണെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
മേയിൽ നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ നൂറോളം ബിജെപി എംഎൽഎമാരെയാണ് കോൺഗ്രസ് അധ്യക്ഷൻ ഫോണിൽ വിച്ചതെന്ന് ആരോപിച്ച ബൊമ്മെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥിപട്ടിക അടുത്തയാഴ്ച പുറത്തുവിടുമെന്നും പറഞ്ഞു.
വസതി ഒഴിയാൻ തയാർ; നോട്ടീസിന് രാഹുലിന്റെ മറുപടി
ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിയണമെന്ന ലോക്സഭ ഹൗസിംഗ് പാനലിന്റെ നോട്ടീസിനു മറുപടി നൽകി കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെത്തുടർന്ന് തുഗ്ലക് മാർഗിലെ 12-ാം നന്പർ വസതി ഒഴിയണമെന്നാണു രാഹുൽ ഗാന്ധിക്കു ലഭിച്ച നിർദേശം.
കഴിഞ്ഞ നാലു തവണയും എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് താമസിച്ചുവന്നിരുന്ന വസതിയിൽ ചെലവഴിച്ച സമയത്തിന് ജനങ്ങളോടു കടപ്പെട്ടിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നോട്ടീസിൽ ആവശ്യപ്പെടുന്നതനുസരിച്ച് വസതി ഒഴിയുന്നതിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ മോദിപരാമർശത്തിലുള്ള സൂറത്ത് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വിധിയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണു രാഹുൽ ഗാന്ധിയെ ലോക്സഭ സെക്രട്ടേറിയറ്റ് എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. പ്രതികാര രാഷ്ട്രീയമാണു വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസിനു പിന്നിലെന്ന കോണ്ഗ്രസ് നേതാക്കളുടെ ആരോപണം ബിജെപി തള്ളി.
കേന്ദ്രത്തിനെതിരേ സമരപരന്പരയ്ക്ക് കോണ്ഗ്രസ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചു കേന്ദ്രസർക്കാരിനെതിരേ തുടർ പ്രക്ഷോഭപരന്പര പ്രഖ്യാപിച്ചു കോണ്ഗ്രസ്.
ഇന്നു മുതൽ ഏപ്രിൽ എട്ടുവരെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യഗ്രഹവും ഏപ്രിൽ 15 മുതൽ 20 വരെ ജില്ലാതല ജയ്ഭാരത് സത്യഗ്രഹവും സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
ഏപ്രിൽ അഞ്ചിന് കോലാറിൽ വൻ പ്രതിഷേധപരിപാടിക്കാണു കോണ്ഗ്രസ് ഒരുക്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ആയുധമാക്കിയാണു രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.
2019-ൽ കോലാറിൽ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് വേദിയൊരുക്കി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി നടത്തും. കോലാറിലെ പ്രതിഷേധ പരിപാടിയിൽ രാഹുൽഗാന്ധിയും പ്രസംഗിക്കും.