ജുഡീഷൽ വിഷയങ്ങളിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്നു കോണ്ഗ്രസ്
Sunday, July 27, 2025 1:34 AM IST
ന്യൂഡൽഹി: ജുഡീഷൽ വിഷയങ്ങളിൽ ബിജെപി ഇരട്ടത്താപ്പ് പ്രകടിപ്പിക്കുന്നുവെന്ന വിമർശനവുമായി കോണ്ഗ്രസ്.
ഔദ്യോഗിക വസതിയിൽനിന്ന് അനധികൃത പണക്കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമയോടും വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിൽ വർഗീയവിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയതിൽ ജസ്റ്റീസ് ശേഖർ കുമാർ യാദവിനോടും രണ്ടു സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്ഗ്രസ് എംപി അഭിഷേക് മനു സിംഗ്വി വിമർശനമുന്നയിച്ചത്.
ജുഡീഷൽ മാന്യത, അഴിമതിവിരുദ്ധത, ജുഡീഷൽ ഉത്തരവാദിത്വം എന്നീ വിഷയങ്ങളിൽ ബിജെപിയുടെ തന്ത്രമെന്നത് സംസാരം മാത്രം, ഒരിക്കലും പ്രവർത്തിക്കരുതെന്നാണെന്ന് കോണ്ഗ്രസ് എംപി കുറ്റപ്പെടുത്തി.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ രാജിയിലും മനു സിംഗ്വി ചോദ്യങ്ങളുന്നയിച്ചു. ധൻകർ കുറച്ചു സ്വാതന്ത്ര്യം കാണിച്ചതു ബിജെപി ഒരു തെറ്റായി കണ്ടതുകൊണ്ടായിരിക്കണം നിലവിലെ സ്ഥിതിയിലേക്ക് നയിച്ചതെന്നും മനു സിംഗ്വി അഭിപ്രായപ്പെട്ടു.