ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു
Sunday, July 27, 2025 1:34 AM IST
മുംബൈ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
ഗ്രീൻഗാർഡൻസിസ്റ്റേഴ്സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീസഭാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഒരു ആദിവാസി ആണ്‍കുട്ടിയുമുണ്ടായിരുന്നു.
ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവരെ റിമാൻഡ് ചെയ്തു. മനുഷ്യക്കടത്തിന്റെ പേരിലാണ് കേസ്. നാളെ ജാമ്യാപേക്ഷ നല്‍കുമെന്നാണു റിപ്പോർട്ട്.
കത്തോലിക്കാ കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെണ്‍കുട്ടികൾ. മാതാപിതാക്കൾ എഴുതി നല്കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശമില്ലാതിരുന്ന പെണ്‍കുട്ടികളെ ടിടിഇ തടഞ്ഞു.
കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് ചോദ്യംചെയ്യലിനിടെ പെണ്‍കുട്ടികൾ പറഞ്ഞു. തുടർന്ന് ബജ്രംഗ്ദൾ പ്രവർത്തകരെ ടിടിഇ വിവരമറിയിച്ചെന്നും ഉടൻ അവർ സ്ഥലത്തെത്തിയെന്നും റിപ്പോർട്ടുണ്ട്. കന്യാസ്ത്രീകൾ പെണ്‍കുട്ടികളെ മതപരിവർത്തനം നടത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്രംഗ് ദൾ പ്രവർത്തകർ ബഹളമുണ്ടാക്കി.
തങ്ങൾ ക്രൈസ്തവരാണെന്നു പെണ്‍കുട്ടികൾ അറിയിച്ചെങ്കിലും ഇവരെ ബലമായി ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടികളെ ദുർഗിലെ വിമൻ വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്കു മാറ്റി. കനത്ത മഴയെത്തുടർന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾക്കു ദുർഗിലെത്താൻ കഴിഞ്ഞിട്ടില്ല.