ജസ്റ്റീസ് വർമ ഇംപീച്ച്മെന്റ് പ്രമേയം ആദ്യം ലോക്സഭയിൽ
Sunday, July 27, 2025 12:44 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് ചാക്കുകണക്കിനു കറൻസി നോട്ടുകൾ കണ്ടെടുത്ത കേസിൽ ആരോപണവിധേയനായ ജസ്റ്റീസ് യശ്വന്ത് വർമയെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം ചട്ടപ്രകാരം ആദ്യം ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു. ലോക്സഭയിൽ പ്രമേയം പാസാക്കിയശേഷമേ രാജ്യസഭയിൽ പരിഗണിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയോടൊപ്പം രാജ്യസഭയിലും വർമയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം സ്വീകരിക്കുന്നതായും രണ്ടു സഭകളും ആലോചിച്ച് അന്വേഷണസമിതിയെ നിയോഗിക്കുമെന്നും രാജിവയ്ക്കുന്നതിനു മുന്പ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ നടത്തിയ പ്രസ്താവനയെ ഫലത്തിൽ തള്ളുന്നതാണു റിജിജുവിന്റെ അറിയിപ്പ്.
രാജ്യസഭയിൽ പ്രതിപക്ഷം നൽകിയ പ്രമേയം സാങ്കേതികമായി അംഗീകരിച്ചിട്ടില്ലെന്നാണു സർക്കാരിന്റെ അനൗദ്യോഗിക വിശദീകരണം. പ്രമേയം അംഗീകരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടില്ലെന്നാണ് ഇതിനായി പറയുന്ന ന്യായീകരണം.
ജസ്റ്റീസ് വർമയെ നീക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സംയുക്ത തീരുമാനമായിരിക്കണമെന്ന് മന്ത്രി റിജിജു പറഞ്ഞു. ജുഡീഷറിയിലെ അഴിമതി നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാരിന്റേതു മാത്രമല്ല, മുഴുവൻ പാർലമെന്റിന്റെയുമാണ്. ഈ വിഷയത്തിൽ ഭിന്നിച്ചു നിൽക്കരുതെന്നും മന്ത്രി പറഞ്ഞു.
ലോക്സഭയിൽ 145 എംപിമാർ ഒപ്പുവച്ച പ്രമേയത്തിൽ രാഹുൽ ഗാന്ധി, രവിശങ്കർ പ്രസാദ്, അനുരാഗ് താക്കൂർ, കെ.സി. വേണുഗോപാൽ, സുപ്രിയ സുലെ, രാജീവ് പ്രതാപ് റൂഡി അടക്കം പ്രമുഖർ പങ്കാളികളാണ്.
ബിജെപി, കോണ്ഗ്രസ്, ടിഡിപി, ജെഡിയു, ശിവസേന, സിപിഎം അടക്കമുള്ള പാർട്ടികൾ ലോക്സഭയിലെ പ്രമേയത്തിൽ ഒപ്പുവച്ചപ്പോൾ, തൃണമൂൽ കോണ്ഗ്രസ്, സമാജ്വാദി പാർട്ടി എംപിമാർ വിട്ടുനിന്നു.
രാജ്യസഭയിലെ പ്രമേയത്തിൽ എൻഡിഎയിൽനിന്ന് ഒരു എംപി പോലും ഒപ്പിട്ടിട്ടില്ല. ജസ്റ്റീസ് വർമയ്ക്കെതിരേയുള്ള അന്വേഷണത്തിന് മൂന്നംഗ സമിതിയെ ഏതാനും ദിവസത്തിനകം സ്പീക്കർ ഓം ബിർല നിയമിക്കും.