ഒരുവയസുകാരൻ മൂർഖൻ പാന്പിനെ കടിച്ചുകൊന്നു
Sunday, July 27, 2025 1:34 AM IST
ബേട്ടിയ: ശരീരത്തിലേക്ക് ഇഴഞ്ഞുകയറിയ മൂർഖൻ പാന്പിനെ ഒരുവയസുള്ള കുഞ്ഞ് കടിച്ചുകൊന്നു. ബിഹാറിലെ വെസ്റ്റ്ചന്പാരൻ ജില്ലയിൽ ബേട്ടിയ ഗ്രാമത്തിലെ ഗോവിന്ദ് കുമാറാണ്പാന്പിനെ കടിച്ചുകൊന്നത്.
വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുന്പോഴാണ് കുഞ്ഞിന്റെ കൈയിൽ പാമ്പ് ചുറ്റിയത്. പാന്പിനെ ഇതോടെ കുട്ടി കടിക്കുകയായിരുന്നു. പിന്നാലെ ഗോവിന്ദകുമാർ ബോധരഹിതനായി.
പാന്പിനു സമീപം ബോധരഹിതനായി കിടക്കുന്ന കുഞ്ഞിനെ കണ്ടത് അമ്മൂമ്മയാണ്. ഉടൻതന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കുട്ടിയെ നിരീക്ഷിച്ചുവരികയാണ്. വിഷം ഉള്ളിൽച്ചെന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചാൽ ചികിത്സ തുടങ്ങുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.