സൈനികർക്കും കുടുംബത്തിനും സൗജന്യ നിയമസഹായം ; ലീഗൽ സർവീസ് സൊസൈറ്റിക്കു രൂപം നൽകി
Sunday, July 27, 2025 1:34 AM IST
ന്യൂഡൽഹി: സൈനികർക്കും അവരുടെ കുടുംബത്തിനും സൗജന്യമായി നിയമസഹായം നൽകുന്ന പദ്ധതിക്കു നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റി തുടക്കമിട്ടു.
കാർഗിൽ വിജയ് ദിവസ് ദിനാചരണത്തിന്റെ വേളയിൽ നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായ സുപ്രീം കോടതി ജസ്റ്റീസ് സൂര്യകാന്താണ് ശ്രീനഗറിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്.
’വീർ പരിവാർ സഹായതാ യോജന’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം രാജ്യത്ത് ആദ്യമായാണ് വിരമിച്ചവരും സേവനം നടത്തിക്കൊണ്ടിരിക്കുന്നവരുമായ സൈനികരുടെ കുടുംബങ്ങൾക്ക് സൗജന്യമായി നിയമസഹായം ലഭ്യമാകുന്നത്.
പദ്ധതിക്കു കീഴിൽ എല്ലാ സംസ്ഥാനത്തെയും സൈനികക്ഷേമ ബോർഡുകളിൽ നിയമ സേവന ക്ലിനിക്കുകൾ രൂപീകരിക്കും. ഇത്തരം ക്ലിനിക്കുകളിൽ ലീഗൽ സർവീസസ് അഥോറിറ്റിയുടെ പാനൽ അഭിഭാഷകരും പാരാലീഗൽ വൊളണ്ടിയർമാരുമുണ്ടാകും.
കഠിനമായ സാഹചര്യങ്ങളിൽ രാജ്യത്തെ സേവിക്കുന്ന സൈനികരെ സ്വത്തുതർക്കവും ഭൂമിതർക്കവും പോലുള്ള ഗാർഹിക നിയമ തർക്കങ്ങളുടെ ഭാരത്തിൽനിന്ന് മോചിപ്പിക്കാൻ സഹായിക്കുന്നതാണ് പുതിയ പദ്ധതി.
"നിങ്ങൾ രാജ്യത്തിന്റെ അതിർത്തികളിൽ സേവനമനുഷ്ഠിക്കുന്നു, ഞങ്ങൾ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നു’ എന്നതാണ് പദ്ധതിയുടെ സന്ദേശം.