എന്തിനു വെല്ലുവിളി?; ജസ്റ്റീസ് വർമയോട് സുപ്രീംകോടതി
Tuesday, July 29, 2025 2:45 AM IST
ന്യൂഡൽഹി: അന്വേഷണത്തിൽ സഹകരിച്ചശേഷം ആഭ്യന്തര അന്വേഷണ സമിതിയുടെ നടപടിയെ എങ്ങനെ വെല്ലുവിളിക്കാനാകുമെന്ന്, വീട്ടിൽനിന്നു കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയോട് സുപ്രീംകോടതി.
ഈ വിഷയം അന്വേഷിക്കാൻ ആഭ്യന്തര സമിതിക്ക് അധികാരമില്ലെങ്കിൽ, കോടതിയെ സമീപിക്കാൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ എന്തുകൊണ്ടാണ് കാത്തിരുന്നതെന്ന് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, എ.ജി. മാസിഹ് എന്നിവരുടെ ബെഞ്ച് ചോദിച്ചു.
ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയ കേസിൽ തന്നെ കുറ്റക്കാരനാക്കിയ സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ ചോദ്യംചെയ്ത് ജസ്റ്റീസ് വർമ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിനിടയിലാണ് ബെഞ്ച് ഇക്കാര്യങ്ങൾ ചോദിച്ചത്.
കേസ് പരിഗണിച്ചയുടൻ, ഇത്തരം ഒരു ഹർജി ഫയൽ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ബെഞ്ചിലെ അംഗം ജസ്റ്റീസ് ദീപാങ്കർ ദത്ത വ്യക്തമാക്കി. എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ പ്രകാരം മാത്രമാണ് ഒരു ജഡ്ജിയെ നീക്കം ചെയ്യാൻ സാധിക്കുക.
ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പൊതു ചർച്ചകളിലൂടെ ഇത്തരമൊരു നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റീസ് വർമയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
അന്വേഷണസമിതി നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ ആരോപിച്ചു. അന്വേഷണ റിപ്പോർട്ടുകളും വീഡിയോഗ്രാഫുകളും പുറത്തുവിട്ടത് ഭരണഘടനാവിരുദ്ധമാണ്. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും സിബൽ കോടതിയിൽ പറഞ്ഞു.
എന്നാൽ, അന്വേഷണസമിതിയുടെ നടപടിയോട് സഹകരിച്ചിട്ട് ഇപ്പോൾ എന്തിനാണ് ഇക്കാര്യം കോടതിയിൽ വെല്ലുവിളിക്കുന്നതെന്ന് കോടതി ചോദിച്ചു. പണത്തിന്റെ യഥാർഥ ഉറവിടം അന്വേഷണസമിതി കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് സഹകരിച്ചതെന്ന് സിബൽ വ്യക്തമാക്കി.
അന്വേഷണത്തിന്റെ മെറിറ്റിലേക്കു കടക്കുന്നില്ലെന്നും ഭരണഘടനാവിരുദ്ധമായ നടപടിക്രമത്തെയാണ് ചോദ്യംചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിബലിനോട് അന്വേഷണസമിതിയുടെ റിപ്പോർട്ട് ഹർജിക്കൊപ്പം രേഖപ്പെടുത്താൻ ആവശ്യപ്പെട്ട കോടതി, വിഷയത്തിൽ നാളെ വീണ്ടും വാദം തുടരും.